അശ്വമേധം അഥവാ നിങ്ങൾക്കുമാകാം കോടീശ്വരൻ









രാവിലെ ഒരു മീറ്റിങ്ങിൽ ആയിരുന്നപ്പോൾ ആണ് മൊബൈൽ ഫോൺ അടിച്ചത്..

നാട്ടിൽ നിന്നാണ്.. എന്തെങ്കിലും അത്യാവശ്യമാണോ എന്തോ!! 
പരിചയമുള്ള നമ്പർ അല്ല..

പരിഭ്രമത്തോടെ മീറ്റിങ് റൂമിൽ നിന്ന് ചാടി പുറത്തിറങ്ങി..

"ഹലോ"

പരിചയമുള്ള ശബ്ദവുമല്ല, എന്താണാവോ?!!
പിടയ്ക്കുന്ന ഹൃദയത്തോടെ "ഹലോ" പറഞ്ഞു.

അപ്പൊ അങ്ങേത്തലയ്‌ക്കൽ നിന്ന്...
"ആരാന്ന് മനസ്സിലായ്യോ?"

അത് മനസ്സിലാക്കിയെടുക്കാനുള്ള സമയം ഉണ്ടായിരുന്നില്ല, മീറ്റിങ്ങിന് തിരിച്ചു കേറണം..

എന്തായാലും ആ ശബ്ദത്തിൽ നിന്ന്, അത്യാഹിതം ഒന്നും ഇല്ല എന്ന് മനസ്സിലായി. സമാധാനം!!

അപ്പോൾ കുളു വരുന്നു..
"പാലക്കാട്ട് ന്ന് ആണ്.. ആലോചിച്ച് നോക്ക്.."

ഹോ!! ഇതു പ്രശ്നമാവുമല്ലോ...
എന്നാലും, "വെച്ചിട്ടു പോടാ *# $$**" എന്നൊന്നും പറയാൻ പറ്റില്ല. 
ചിലപ്പോൾ വല്ല റിയാലിറ്റി ഷോയിൽ നിന്നും ആണെങ്കിൽ വെറുതെ കിട്ടുന്ന ഒരു ഫ്ലാറ്റോ കാറോ എന്തിന് വേണ്ടെന്നു വെക്കണം?

മീറ്റിങിനേക്കാൾ പ്രധാനം ഇപ്പൊ ഇത് തന്നെ..


ഞാൻ "അശ്വമേധം" കളിയ്ക്കാനിരുന്നു.


"സ്ത്രീ/ പുരുഷൻ?"
സ്ത്രീശബ്ദമാണ്‌. അപ്പൊ സ്ത്രീ!!

അപ്പുറത്തു നിന്ന് വീണ്ടും..

"പറ.. ആരാ?"


പാലക്കാട് ജില്ല?
ഞാൻ ലൈഫ് ലൈൻ എടുക്കാൻ തീരുമാനിച്ചു.
ഫിഫ്റ്റി ഫിഫ്റ്റി (ശരിയായാൽ ആയി)

"കോട്ടോപ്പാടത്തു നിന്നാണോ ഇപ്പൊ വിളിയ്ക്കണത്?"


അപ്പുറത്തു നിന്ന് ഇപ്രകാരം..
"അതിന് ഇത് ആരാന്ന് വിചാരിച്ചിട്ടാ?"


"ഗുരുജിയോട് ലോക്ക് ചെയ്യാൻ പറയട്ടെ?"
വേണ്ടെന്ന് പറഞ്ഞിട്ട് അടുത്ത ചോദ്യത്തിലേയ്ക്കു കടന്നു.


സമ്മാനം ഫ്ലാറ്റ് ആണോ? അതോ കാർ ആയിരിക്കുമോ?

"രാഷ്ട്രീയം/ കല/ കൊലപാതകം?"
പക്ഷെ അതെങ്ങിനെ ചോദിക്കും??

എനിയ്ക്ക് ആലോചിക്കാൻ വേണ്ടി മണിക്കുട്ടിയെ ഓടിച്ചിട്ട്, അവിടെ സംസാരിക്കുന്നതു കേൾക്കുന്നു.

"ഇപ്പൊ എങ്ങനെ ണ്ട് രാധേട്ടാ?"

ഓ.. അപ്പൊ റിയാലിറ്റി ഷോ അല്ല, റിയാലിറ്റിയാണ്!!
ബന്ധുക്കൾ ആരോ അച്ഛനെ കാണാൻ വന്നതാവണം.


പുഷ്പച്ചേച്ചി, ബായിച്ചേച്ചി... 
പക്ഷെ അവർക്ക് സാധാരണ ഈ ചോദ്യോത്തരപംക്തിയൊന്നും ഇല്ലല്ലോ.

മുണ്ടൂരിൽ നിന്നോ പുതുപ്പരിയാരത്തു നിന്നോ ആരെങ്കിലും?

എന്തായാലും കളി ഇത്രയായ സ്ഥിതിയ്ക്ക് ഇനി തെറ്റുത്തരം കൊടുത്ത് തോൽക്കാൻ പാടില്ല. ബന്ധുബലം ഊട്ടിയുറപ്പിയ്ക്കാനുള്ള ഒരവസരം കൂടിയാണിത്.


പോരട്ടെ അടുത്ത ചോദ്യം...
"40 വയസ്സിനു മുകളിൽ പ്രായം?"
ശബ്ദം കേട്ടിട്ട് ആണെന്നു തോന്നുന്നു.

ചെറിയൊരു റിസ്ക് എടുക്കാൻ തീരുമാനിച്ചു.
കാറും ഫ്‌ളാറ്റും ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് ബാക്കി മീറ്റിങ് എങ്കിലും കൂടാമല്ലോ.

എന്നിട്ട് രണ്ടും കൽപ്പിച്ച്‌  "ഓപ്ഷൻ ബി" തിരഞ്ഞെടുത്തു.

"അതു ശെരി, ഇപ്പഴല്ലേ മനസ്സിലായത്!! അച്ഛനെ കാണാൻ വന്നതാണല്ലേ?"

കാര്യങ്ങളുടെ കിടപ്പുവശം ഞാൻ മനസ്സിലാക്കി എന്നറിഞ്ഞപ്പോൾ, ഗുരുജിയെക്കൊണ്ട് ലോക്ക് ചെയ്യിക്കാൻ പ്ലാൻ ഉണ്ടെന്നു തോന്നി.

എന്നോട് എന്തെങ്കിലും പറയാൻ അവസരം കിട്ടുന്നതിനു മുൻപ് ഞാൻ വീണ്ടും...
"കുട്ടികൾക്കൊക്കെ സുഖം തന്നെ അല്ലെ?"
(കുട്ടികളുണ്ടായിരിക്കണമേ ദൈവമേ)
ലോക്ക് കിയാ ജായേ!"

"ഗുരുജീ... ലോക്ക്!!!!"

മറുപടി വന്നു.
"അങ്ങനെ പോണൂ കുട്ട്യേ..
ഇനിപ്പോ പരീക്ഷ ആവാറായി ല്ല്യേ!!"

ശരിയുത്തരം!!
കയ്യടിയും കെട്ടിപ്പിടിക്കലും കരച്ചിലും ഒക്കെ തകർത്തു!!!
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗത്തിൽ, തങ്ങൾ കഴിഞ്ഞാൽ പിന്നെ ദൈവത്തിനു മാത്രമേ ഇതു പോലുള്ള പെർഫോമൻസ് കാഴ്ചവെയ്ക്കാൻ പറ്റൂ എന്ന് ജഡ്‌ജസ് വികാരാധീനരായി പ്രസ്താവിച്ചു.


ഞാൻ വിജശ്രീലാളിതനായി സമ്മാനവും വാങ്ങി മീറ്റിങ്ങിലേക്കു തന്നെ പോകാനൊരുങ്ങി.

അപ്പോൾ അടുത്തത്... 
"അവടെ പ്പോ കാലാവസ്ഥ എങ്ങനെ ണ്ട്?"

ഞാൻ പറഞ്ഞു..
"5 ഡിഗ്രി ഫാരൻഹൈറ്റ്..
ഫീൽസ് ലൈക് മൈനസ് 4 ഡിഗ്രി."

ഇനി പോട്ടെ?

"അല്ല, നീ ഇപ്പൊ ആപ്പീസിലാ?"

അതെ എന്നും ഒരു മീറ്റിങ് ഉണ്ടെന്നും പറഞ്ഞു.

"ആപ്പീസില് എത്ര മണിയ്ക്ക് എത്തും?"
വിടാനുള്ള ഭാവമല്ല..

സമയം പറഞ്ഞു.. 

പിന്നെ ഇവിടത്തെ ഭക്ഷണരീതികൾ അറിയണം.
ട്രംപിനെ കണ്ടിരുന്നോ?
അച്ഛനെ അവിടേക്ക് കൊണ്ട് പോകാൻ പറ്റില്ല്യേ?
നമ്മടെ ആൾക്കാരൊക്കെ ണ്ടോ?
നയാഗ്ര വെള്ളച്ചാട്ടം അടുത്താണോ?
ആപ്പീസിൽ എന്താ ശെരിക്കും പണി?
മാസം എന്ത് കിട്ടും?

ഇനി എപ്പളാ ലീവില് വരണ്?
വരുമ്പോ നമ്മടെ വീട്ടിൽ എന്തായാലും വരണം ട്ടോ.
അങ്ങനെയങ്ങനെ........



ഇതിൽ, "മാസം എന്ത് കിട്ടും?" എന്ന ചോദ്യത്തിനു മാത്രം "ആ.. വല്ല്യ കൊഴപ്പല്ല്യ" എന്നു പറഞ്ഞ്, ബാക്കി എല്ലാത്തിനും കൃത്യമായി മറുപടി നൽകി. 
ട്രംപ് നല്ല ഒരു പ്രകൃതക്കാരൻ ആണെന്നു പറയാൻ പ്രത്യേകം ശ്രദ്ധിച്ചു.


എന്നാലും ഇതാരായിരിക്കും എന്നാലോചിച്ച് മീറ്റിങ് റൂമിലേയ്ക്ക് നടക്കുമ്പോൾ...
എല്ലാവരും മീറ്റിങ് കഴിഞ്ഞ് - എന്നെ തുറിച്ചു നോക്കിക്കൊണ്ട്- പുറത്തേയ്ക്കു വരുന്നു.



*********************************


                                                                                         സതീഷ് മാടമ്പത്ത്

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...