മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...



പണ്ട് പണ്ട്...

ഉണ്ണിയും അച്ഛനും കൂടി അടിയന്തിരം ഉണ്ണാൻ പോയി.
ഊണ് കഴിഞ്ഞു വരുമ്പോൾ അവിടന്ന് അച്ഛന് ഒരു അപ്പവും ഉണ്ണിക്ക് ഒരു അടയും കിട്ടി.


വീടെത്തിയപ്പോൾ ഉണ്ണി ചോദിച്ചു "അച്ഛാ അച്ഛാ, ആ അപ്പം എനിക്ക് തരൂ.. എന്റെ അട എടുത്തോളൂ"

അച്ഛൻ ഉണ്ണിക്കു അപ്പം കൊടുത്ത് ഉണ്ണീടെ അട വാങ്ങി തിന്നു.



ഉണ്ണി ആ അപ്പം തിന്നില്ല. ആരും കാണാതെ കൊണ്ട് പോയി വീടിന്റെ വടക്കുഭാഗത്ത് കുഴിച്ചിട്ടു.

അടുത്ത ദിവസം പോയി നോക്കിയപ്പോൾ അവിടെ ഒരു വ്യത്യാസവും കണ്ടില്ല.
ദേഷ്യം വന്ന ഉണ്ണി പറഞ്ഞു "നാളേക്ക് ഇത് മുളച്ചില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്".

പിറ്റേ ദിവസം പോയി നോക്കുമ്പോൾ അപ്പച്ചെടിക്ക് മുള പൊട്ടിയിരിക്കുന്നു.
ഉണ്ണി പറഞ്ഞു "നാളേയ്ക്കിത് ചെടി ആയില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്"

പിറ്റേ ദിവസം പോയി നോക്കുമ്പോ അതൊരു ചെടി ആയി നിൽക്കുന്നു.
ഉണ്ണി പറഞ്ഞു "നാളേയ്ക്കിത് മരം ആയില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്"

അടുത്ത ദിവസം നോക്കുമ്പോ അതൊരു മരമായി നിൽക്കുന്നു.
ഉണ്ണി പറഞ്ഞു "നാളേയ്ക്കിത് കായ്ച്ചില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്"


അടുത്ത ദിവസം നോക്കിയപ്പോ അപ്പമരം കായ്ച്ചിരിക്കുന്നു.
ഉണ്ണി പറഞ്ഞു "നാളേക്ക് ഈ കായൊക്കെ മൂത്തില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്"

അടുത്ത ദിവസം നോക്കിയപ്പോ എല്ലാ കായും മൂത്തു നിൽക്കുന്നു.
ഉണ്ണി പറഞ്ഞു "നാളേക്ക് ഇതൊക്കെ പഴുത്തില്ലെങ്കി അച്ഛന്റെ കൊങ്ങണം കത്തി കൊണ്ട് ഒന്ന് രണ്ടൊന്നു രണ്ട്"


അടുത്ത ദിവസം പോയി നോക്കുമ്പോ അപ്പം ഒക്കെ പഴുത്തു നിൽക്കുന്നു.
ഉണ്ണിയ്ക്ക് നല്ല സന്തോഷമായി. ഉണ്ണി മരത്തിൽ കയറി ഇരുന്നു അപ്പങ്ങൾ പറിച്ചു തിന്നാൻ തുടങ്ങി.



*************************




കുറച്ചു കഴിഞ്ഞപ്പോൾ ആ വഴി ഒരു കാട്ടാളത്തി വന്നു. 

ഉണ്ണി മരത്തിൽ ഇരുന്ന് അപ്പം തിന്നുന്നത് കണ്ട കാട്ടാളത്തി ചോദിച്ചു "ഉണ്ണീ ഉണ്ണീ, ഒരു അപ്പം ഇങ്ങട് ഇട്ടു തര്വോ?"

ഉണ്ണി ഒരു അപ്പം ഇട്ടു കൊടുത്തു.
കാട്ടാളത്തി പറഞ്ഞു "അയ്യോ ഉണ്ണീ, അത് മൂത്രക്കുഴീല് പോയീലോ. ഒന്ന് കൂടി ഇട്ടു തരൂ."

ഉണ്ണി ഒരു അപ്പം കൂടി താഴേക്ക് ഇട്ടു കൊടുത്തു.
"അയ്യോ ഉണ്ണീ, അത് അപ്പിക്കുഴീല് പോയീലോ. ഒരു കാര്യം ചെയ്യൂ. ഒരു അപ്പം ഉണ്ണീടെ മുടീല് കെട്ടീട്ട് താഴത്തേക്ക് ഇറക്കി തരൂ."

ഉണ്ണിക്കു നീണ്ട മുടി ഉണ്ടായിരുന്നു, അത് കുടുമ കെട്ടി വെച്ചിരിക്കുകയായിരുന്നു.
ഉണ്ണി കുടുമ അഴിച്ച് മുടിയുടെ അറ്റത്ത് ഒരു അപ്പം കെട്ടി താഴത്തേക്ക് ഇറക്കി.


കാട്ടാളത്തി വേഗം മുടിയിൽ പിടിച്ച് ഉണ്ണിയെ വലിച്ച് താഴെ ഇട്ടു. എന്നിട്ട് ചാക്കിൽ കെട്ടി വീട്ടിലേക്ക് നടന്നു.

*************************


കുറച്ചു ദൂരം പോയപ്പോൾ ഒരു പുഴയെത്തി.

കാട്ടാളത്തി ചാക്ക് പുഴക്കരയിൽ വെച്ചിട്ട് കുളിക്കാൻ ഇറങ്ങി.


അപ്പൊ അടുത്ത് കൂടെ കുറച്ചു കുട്ടികൾ പോകുന്ന ശബ്ദം കേട്ട ഉണ്ണി അവരെ വിളിച്ചു. 
അവർ അടുത്ത് വന്നു നോക്കിയപ്പോൾ അവരോടു ചാക്ക് തുറന്നു തരാൻ പറഞ്ഞു.
അവർ ഉണ്ണിയെ തുറന്നു വിട്ടു. 


ഉണ്ണി വേഗം ചാക്കിൽ കുറെ പായലും ചെടികളും ഒക്കെ നിറച്ചു കെട്ടി വെച്ചു. എന്നിട്ടു വീട്ടിലേക്ക് നടന്നു.


കാട്ടാളത്തി കുളി കഴിഞ്ഞു വന്ന് ചാക്കും എടുത്ത് നടന്നു. അപ്പൊ ചാക്കിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.
കാട്ടാളത്തി പറഞ്ഞു "ഉണ്ണീ ഉണ്ണീ, മൂത്രം ഒഴിക്കണ്ട, വീട്ടിൽ ചെല്ലട്ടെ."
അപ്പോളും വെള്ളം ഒഴുകി കൊണ്ടിരുന്നു.


കാട്ടാളത്തി പിന്നെയും പറഞ്ഞു "ഉണ്ണീ ഉണ്ണീ, മൂത്രം ഒഴിക്കണ്ട, വീട്ടിൽ ചെല്ലട്ടെ."


കുറെ കഴിഞ്ഞിട്ട് പിന്നെയും വെള്ളം ഒഴുകിക്കൊണ്ടിരുന്നു. ഉണ്ണീടെ ഒരു ശബ്ദവും കേൾക്കാനും ഇല്ല. 
കാട്ടാളത്തിക്ക് സംശയം തോന്നി. വേഗം ചാക്ക് താഴെ വെച്ച് തുറന്നു നോക്കി. അപ്പൊ അതിൽ ഉണ്ണി ഇല്ല. കുറെ പായലും ചെടികളും മാത്രം.

കാട്ടാളത്തിക്ക് ഭയങ്കര ദേഷ്യം വന്നു. കാട്ടാളത്തി ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു. 

ഉണ്ണി വീടെത്തിയിരുന്നില്ല. കാട്ടാളത്തി ഉണ്ണിയെ വീണ്ടും പിടി കൂടി ചാക്കിൽ കെട്ടി.

*************************


കാട്ടാളത്തി വീടെത്തിയപ്പോൾ കാട്ടാളത്തിയുടെ മകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

കാട്ടാളത്തി മകളോട് പറഞ്ഞു. 
"ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരാം. 
അപ്പോളേക്കും നീ ഇവനെ കൊന്ന് കൂട്ടാൻ വെയ്ക്ക്. 
എന്നിട്ടു ഒരു കിണ്ടി ചോര കാലു കഴുകാൻ പടിയ്ക്കൽ വെക്ക്. 
ഒരു കിണ്ടി ചോര മുഖം കഴുകാൻ തിണ്ണയിൽ വെക്ക്. 
ഒരു കിണ്ടി ചോര കുടിക്കാനും ഒരു കിണ്ടി ചോര കൈ കഴുകാനും എടുത്തു വെക്ക്."

എന്നിട്ട് കാട്ടാളത്തി കുളിക്കാൻ പോയി.


കാട്ടാളത്തീടെ മകൾ ചാക്ക് തുറന്ന് ഉണ്ണിയെ പുറത്തിറക്കി. 
ഉണ്ണിയെ കണ്ടപ്പോൾ അവൾക്ക് നല്ല കൗതുകം തോന്നി.

അവൾ ഉണ്ണിയോട് പറഞ്ഞു. 
"ഉണ്ണീ ഉണ്ണീ എനിക്ക് കുറച്ചു നേരം പേൻ നോക്കി തര്വോ?"

ഉണ്ണി അവളുടെ തലയിൽ നിന്ന് പേൻ എടുക്കാൻ തുടങ്ങി. 
കുറച്ചു കഴിഞ്ഞപ്പോൾ പേൻ എടുക്കുന്ന സുഖത്തിൽ കാട്ടാളത്തീടെ മകൾ ഉറങ്ങിപ്പോയി.


ഉണ്ണി വേഗം അവളെ കൊന്നു കൂട്ടാൻ വെച്ചു. 
എന്നിട്ട് ഒരു കിണ്ടി ചോര പടിയ്ക്കലും, ഒരു കിണ്ടി ചോര തിണ്ണയിലും ഒരു കിണ്ടി ചോര കുടിക്കാനും ഒരു കിണ്ടി ചോര കൈ കഴുകാനും വെച്ചു .


കാട്ടാളത്തി ഉടൻ എത്തും എന്ന് വിചാരിച്ച് ഉണ്ണി തട്ടിൻപുറത്ത് കേറി ഇരുന്നു.





*************************



കാട്ടാളത്തി കുളിച്ചു വരുമ്പോൾ പടിയ്ക്കൽ കിണ്ടി ഉണ്ട്, നല്ല സന്തോഷമായി. അത് കൊണ്ട് കാലു കഴുകി. 
തിണ്ണയിൽ വെച്ച കിണ്ടി എടുത്ത് മുഖം കഴുകി.


അടുപ്പത്തു നിന്ന് കൂട്ടാൻ എടുത്ത് നല്ല സ്വാദിൽ കഴിക്കാൻ തുടങ്ങി.

അത് കണ്ട ഉണ്ണി തട്ടിൻപുറത്തു നിന്ന് പാടി. 
"തന്റെ മകളെ താൻ തീനി, താണ്ടൂണ്ടും. 
തന്റെ മകളെ താൻ തീനി, താണ്ടൂണ്ടും"

അത് കേട്ട കാട്ടാളത്തി ഞെട്ടിപ്പോയി, 
"ഉണ്ണീടെ ശബ്ദം അല്ലെ ഇത്? അപ്പൊ മകളെ ആണോ ഞാൻ ഇപ്പൊ തിന്നത്?"
ദേഷ്യവും സങ്കടവും കൊണ്ട് കാട്ടാളത്തിക്ക് പ്രാന്തിളകി.


കാട്ടാളത്തി മുകളിലേക്ക് നോക്കിയപ്പോൾ ഉണ്ണി കുറച്ച് അട്ടക്കരി വാരി കാട്ടാളത്തീടെ കണ്ണിലേക്ക് ഇട്ടു. 
കണ്ണ് നീറിപ്പുകഞ്ഞ കാട്ടാളത്തി വേഗം പോയി മുഖം കഴുകി വന്നു. 

എന്നിട്ട് ഉണ്ണിയെ പിടിക്കാൻ തട്ടിന്പുറത്തേക്ക് ചാടി. 
അപ്പൊ ഉണ്ണി പുരപ്പുറത്തേക്ക് ചാടി, കാട്ടാളത്തിയും കൂടെ ചാടി.
ഉണ്ണി തെങ്ങിലേക്ക് ചാടി. കാട്ടാളത്തിയും ചാടി. 

അപ്പൊ ഉണ്ണി പ്ലാവിലേക്ക് ചാടി ഒരു ചക്ക പറിച്ച് താഴെ പൊട്ടക്കിണറ്റിലേക്ക് ഇട്ടു.
ഉണ്ണി കിണറ്റിലേക്ക് ചാടി എന്ന് വിചാരിച്ച കാട്ടാളത്തി പുറകെ ചാടി.

അപ്പൊ ഉണ്ണി കുറെ ചക്കകൾ കാട്ടാളത്തിയുടെ തലയിലേക്ക് ഇട്ടു കാട്ടാളത്തിയെ കൊന്നു.

എന്നിട്ട് പാട്ടും പാടി വീട്ടിലേക്ക് നടന്നു.
"തന്റെ മകളെ താൻ തീനി, താണ്ടൂണ്ടും. 
തന്റെ മകളെ താൻ തീനി, താണ്ടൂണ്ടും"



വീണ്ടും... ഉണ്ണി മരത്തിൽ കേറി സമാധാനമായി അപ്പം പറിച്ചു തിന്നാൻ തുടങ്ങി.


*****************************












                                             സതീഷ് മാടമ്പത്ത്/ 
മുത്തി (മാടമ്പത്ത് പാർവതിയമ്മ)


Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി