കോങ്ങാടൻ ചന്തയിലെ കൂടാരം




പാലക്കാട് ജില്ലയിൽ കല്ലടിക്കോടൻ മലയുടെ താഴ്‌വരയിൽ, സ്വപ്നം കണ്ടുമയങ്ങുന്ന മനോഹരിയായ ഒരു വള്ളുവനാടൻ ഗ്രാമമാണ് കാഞ്ഞിക്കുളം!







അവിടെ നിന്ന് അഞ്ചു കി.മീ. മാറി മയങ്ങുന്ന മറ്റൊരു മനോഹരിയാണ് കോങ്ങാട്.
കൊങ്ങുനാട് ലോപിച്ചാണത്രെ കോങ്ങാട് ആയത്.


അവിടെ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന മഹാമഹമാണ് കോങ്ങാടൻ ചന്ത.
കർഷകർക്ക് ഇടനിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിയ്ക്കാനുള്ള വിപണി.
ഉപഭോക്താവിന് ആദായവിലയ്ക്ക് നല്ല സാധനങ്ങൾ വാങ്ങാനുള്ള അവസരം..

നിത്യോപയോഗസാധനങ്ങളുടെ വിൽപ്പനയും കാളച്ചന്തയും പൊടിപൊടിയ്ക്കും.

ഒരു ഉത്സവപ്രതീതിയാണ് അന്നവിടെ.
ആകെ ബഹളമയം..



ആദ്യകാലങ്ങളിൽ നടന്നാണ് എല്ലാവരും ചന്തയ്ക്കു പോയ്‌ക്കൊണ്ടിരുന്നത്‌.
രാവിലെ നേരത്തെ ഇറങ്ങുന്ന അവർ "ഷോപ്പിങ്" ഒക്കെ കഴിഞ്ഞ്, ചായക്കടയിൽ നിന്ന് ഭക്ഷണം കഴിച്ച്, ചിലപ്പോൾ രണ്ടെണ്ണവും അടിച്ചിട്ടാണ് വൈകുന്നേരം തിരിച്ചെത്തുക.

"കാഞ്ഞിക്കുളംസ് വീക്‌ലി ഡേ ഔട്ട്"


ക്രമേണ.. കാഞ്ഞിക്കുളം വഴി കോങ്ങാട്ടേയ്ക്ക് ഒരു ബസ്സ് ഓടിത്തുടങ്ങി.
ബസ്സിനുള്ളിലും പുറത്തും മുകളിലുമൊക്കെയായി കാഞ്ഞിക്കുളംകാർ - മുംബൈ ലോക്കൽ ട്രെയ്നിനെ വെല്ലുന്ന തരത്തിൽ - സഞ്ചരിച്ചും തുടങ്ങി.




അങ്ങിനെ ഒരു തിങ്കളാഴ്ച..
നാട്ടുപ്രമാണിയായ കേളുണ്ണിനായർ കാര്യസ്ഥനെയും കൂട്ടി കോങ്ങാടൻ ചന്തയിലേയ്ക്കിറങ്ങി..


സാധനങ്ങളൊക്കെ വാങ്ങി ചുറ്റിനടക്കുമ്പോൾ ഒരു മൂലയിൽ പതിവില്ലാത്ത തിക്കും തിരക്കും.

"അതെന്താ ചെമ്പാ, അവടെ ഒരു ജനക്കൂട്ടം?"

"അടിയൻ പ്പൊ നോക്കീട്ടു വരാം മൂത്താരേ"
രണ്ടു ചാട്ടത്തിന് ചെമ്പൻ റിപ്പോർട്ടുമായി എത്തി.

"അബടെ എന്തോ ഒരു പരിപാടി നടക്ക് ണ്ണ്ട്  മൂത്താരേ.. എന്താന്നറീല്ല്യാ.. പൈസ വാങ്ങീട്ടാണ് കാണിയ്ക്കണത്....

"ഓ, ന്നാ ഒന്ന് കാണണല്ലോ .."







അടുത്തെത്തിയപ്പോൾ ഒരു കൂടാരം..
അതിനു ചുറ്റും ആളുകൾ പൊതിഞ്ഞിരിയ്ക്കുന്നു.
തൊപ്പി വെച്ച ഒരു മണിയൻ മണികിലുക്കിക്കൊണ്ട് പരസ്യപ്പെടുത്തുന്നു..
"വമ്പിച്ച പ്രദർശനം!! എല്ലാരും വരീൻ!!
ടിക്കറ്റ് ഒരാൾക്ക് എട്ടണ!!"

കണ്ടിട്ട് ഇവിടെ അടുത്തുള്ള ആരും അല്ല.
പോയി നോക്കാം.
അന്യദേശക്കാരല്ലേ.. നന്നാവും..

"ചെമ്പാ.. ഒരു ടിക്കറ്റ് വാങ്ങീട്ട് വാ."

ഒരൊറ്റ ചാട്ടത്തിന് ചെമ്പൻകുഞ്ഞ് ടിക്കറ്റുമായി എത്തി.

നായർജിയെ പരിചയമുള്ള നാട്ടുകാർ ഭവ്യതയിൽ വഴി മാറിക്കൊടുത്തു.

അപ്പോഴാണ് പരിചയക്കാരൻ കുട്ടപ്പൻനായർ കൂടാരത്തിൽ നിന്ന് പുറത്തിറങ്ങുന്നത്.


"ങാ.. കുട്ടപ്പൻനായരോ.. പരിപാടി കണ്ടിട്ട് വര്വാണല്ലേ?
ഞാനും ഒന്ന് കാണാം ന്ന് നിരീച്ചു. ന്താ അഭിപ്രായം? "


"കാണേണ്ട കാഴ്ചന്ന്യാ കേളുണ്ണ്യാരേ ..!!
കോഴിക്കോട്ടുകാരാത്രേ..
ത്തിരി ധൃതി ണ്ടേ.. അപ്പൊ കാണാ ട്ടോ"
BasketFather Dogar  വേഗം സ്ഥലം കാലിയാക്കി.

നോക്കുമ്പോഴുണ്ട്, അനുവാചകർ ചിന്മുദ്രാങ്കിതങ്ങളായ കരങ്ങളുയർത്തിപ്പിടിച്ച് "ഓസം ഓസം" എന്നു പറഞ്ഞു പുറത്തുവരുന്നു!!

അക്ഷമനായ ഡോഗർ തൻ്റെ ഊഴം കാത്തു നിന്നു.

അകത്തു കടന്നപ്പോൾ അവിടേയും ജനസാഗരം..
തൊപ്പിധാരികളായ കിങ്കരന്മാരാണ് സാഗരത്തിന്റെ കൺട്രോളർമാർ.

കൂടാരത്തിനു നടുവിലായി ചെറിയ ഒരു മുറി..
അതിനുള്ളിലാണ് സംഭവം!
ഒരു സമയം ഒരാൾക്കേ ദർശനസൗഭാഗ്യാലോട്ടറി  അടിയ്ക്കൂ.

നിമിഷങ്ങൾ ദിവസങ്ങളായി തോന്നിയ ആദ്യാനുഭവം!!
(കേളുണ്ണ്യാർ അന്നു വരെ പ്രേമിച്ചിട്ടില്ലായിരുന്നു.)

ഒടുവിൽ....
ആ നടയ്ക്കൽ...

എട്ടാമത്തെ ലോകാത്ഭുതം കാണാനായി കേളുണ്ണ്യാര് തൻ്റെ നേത്രാരവിന്ദന്മാരെ തുറന്നു വിട്ടു.

"ന്റെ തത്രമുത്തീ.. എന്താ ഈ കാണണ്?!!"

ഒന്നു കൂടി നോക്കി..
ഇരട്ടത്തലയുള്ള മനുഷ്യനോ? അതോ അത്ഭുത മൃഗമോ?

അടുത്ത നോട്ടത്തിൽ ...
മനുഷ്യൻ തന്നെ.. മൊട്ടത്തലകൾ ആണ് - രണ്ടെണ്ണം.

കണ്ണുതിരുമ്മി ഒരു വട്ടം കൂടി നോക്കി.
തൽക്ഷണം St.ശങ്കരൻസ്  "പ്രിൻസിപ്പ്ൾ ഓഫ് അദ്വൈത"  മനസ്സിലുദിച്ചു.

"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ട"യായ രണ്ടെണ്ണം ആയിരുന്നു അവകൾ!!

"ഛേ... സുകൃതക്ഷയം, സുകൃതക്ഷയം.."

ഒരു ശ്വാനതനയൻ ദിഗംബരനായി, തൻ്റെ ആസനസ്ഥാനം  പ്രദർശിപ്പിച്ച് കുനിഞ്ഞു നിൽക്കുന്നു!!

"എന്താ ഇത്? ബാക്കി എല്ലാവർക്കും കാണണ്ടേ? നടക്ക് നടക്ക്"
(കൊല്ലത്തെ പ്രമാണിയെ കൊല്ലങ്കോട്ടുകാർക്കു അറിയില്ലല്ലോ)
കിങ്കരന്മാരിൽ ഒരാൾ ഉണ്ണിയെ കഴുത്തിനു പിടിച്ചു തള്ളി, സാഗരത്തിൻ്റെ പുറത്തേയ്ക്കൊഴുകുന്ന കൈവഴിയിലിട്ടു.

കഴുത്തിലെ പിടി കൊണ്ട് ഒരു ഗുണമുണ്ടായി..
കഠിനമായി തികട്ടിവന്ന ഓക്കാനം താഴോട്ടു തന്നെ ഇറങ്ങിപ്പോയി.

കൂടാരത്തിനു പുറത്തേയ്‌ക്കൊഴുകിയെത്തിയ കേളുണ്ണിയോട് ടിക്കറ്റുമായി നിൽക്കുന്നവർ ചോദിച്ചു.
"എങ്ങനെ ണ്ട് പരിപാടി?"

അകത്തെ ചന്ത(ๅ)ക്കാരൻ്റെ  ദൃശ്യം വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നു.
കിങ്കരന്മാർ പഠിപ്പിച്ചുകൊടുത്ത (കഴുത്തിൽപിടി) പ്രയോഗത്താൽ, മറുപടിയും ചീറ്റി വരാൻ തുടങ്കിയ ഛർദ്ദിലിനൈ കേളുണ്ണി അവർകൾ താഴോട്ടു പോട്ടാച്ച്...

എന്നിട്ട് ചിന്മുദ്രാങ്കിതമായ വലതുകരമുയർത്തി ഇപ്പടി കൂറിനാർകൾ...

"ഓസം ഓസം.. കാണേണ്ടതന്ന്യാ  ട്ടോ"





വാൽക്കഷ്ണം

കോങ്ങാടൻചന്തയിലെ കൂടാരത്തെപ്പറ്റി ഓർക്കുമ്പോൾ ബുദ്ധിജീവിത്വം, രാഷ്ട്രീയം, യുക്തിവാദം, മതേതരത്വം, Cosmic Spirituality ഇങ്ങനെയൊക്കെ ആലോചിച്ച് "അതു താനല്ലയോ ഇത്?" എന്ന് വർണ്യത്തിൽ ആശങ്ക തോന്നുകയാണെങ്കിൽ -
1. അത് "ഉൽപ്രേക്ഷാഖ്യയലംകൃതി" ആണെന്നും
2 തികച്ചും യാദൃശ്ചികമാവാൻ സാധ്യതയില്ലെന്നും
3. ഞാൻ കൃതാർഥഗാത്രനായി എന്നും
ഇതിനാൽ അറിയിച്ചുകൊള്ളട്ടെ!!


                                                                                                   സതീഷ് മാടമ്പത്ത്

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...