മുത്തി പറഞ്ഞ കഥ - കിളിയുടെ കാക്കപ്പൊന്ന്
ഒരു കിളിയ്ക്ക് ഒരു കഷ്ണം കാക്കപ്പൊന്ന് കളഞ്ഞുകിട്ടി.
പൊന്നു കിട്ടിയ കിളിയ്ക്ക് അഹങ്കാരമായി.
കിളി പറന്നു പോയി നാടുവാഴിത്തമ്പുരാന്റെ കോവിലകത്തിനു പുറത്തെ ഒരു മരക്കൊമ്പിൽ ചെന്നിരുന്ന് ഇങ്ങിനെ പറയാൻ തുടങ്ങി.
"എന്നോളം പൊന്നുണ്ടോ കൊലോത്തേയ്ക്ക്?
എന്നോളം പൊന്നുണ്ടോ കൊലോത്തേയ്ക്ക്?"
ഇത് കേട്ട് നാണക്കേടായ നാടുവാഴി സേനാനായകനോടു കൽപ്പിച്ചു.
"അയ്യേ!! ആ കിളി നമ്മുടെ മാനം കെടുത്തും.
പോയി അതിൻ്റെ കയ്യിന്ന് ആ പൊന്ന് പിടിച്ചുവാങ്ങൂ."
ഭടന്മാർ പോയി കിളിയെ പിടിച്ച് ബലമായി കാക്കപ്പൊന്നു വാങ്ങി നാടുവാഴിയെ ഏൽപ്പിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ മരക്കൊമ്പിൽ കിളി വീണ്ടും!!
"കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ..
കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ.."
"ഛെ.. ഇത് അതിലും നാണക്കേടായല്ലോ!!
ആ പൊന്ന് കിളിയ്ക്കു തന്നെ തിരിച്ചു കൊടുത്തോളൂ"
ഭടന്മാർ പൊന്ന് കിളിയെ തിരിച്ചേൽപ്പിച്ചു.
സമാധാനമായി എന്ന് വിചാരിച്ചിരിക്കുമ്പോൾ കിളിയുടെ ശബ്ദം!!
"കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ..
എന്നെ പേടിച്ച് എനിയ്ക്കു തന്നെ തന്നേ...
"കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ..
എന്നെ പേടിച്ച് എനിക്ക് തന്നെ തന്നേ..."
"കൊലോത്തേയ്ക്ക് പൊന്നില്ലാതെ എൻ്റെ പൊന്നു മേടിച്ചേ..
എന്നെ പേടിച്ച് എനിക്ക് തന്നെ തന്നേ..."
നാടുവാഴിയും പരിവാരങ്ങളും വാതിലും ജനലുമൊക്കെ കൊട്ടിയടച്ച്, മച്ചിനുള്ളിൽ ചെവി പൊത്തിയിരുന്നു.
സതീഷ് മാടമ്പത്ത്/
മുത്തി (മാടമ്പത്ത് പാർവതിയമ്മ )
Comments
Post a Comment