ഒരു ശങ്കരാന്തിയുടെ ഓർമ്മക്കുറിപ്പ്
"ചേട്ടേ പോ, ശീബോദി വാ
ചേട്ടേ പോ, ശീബോദി വാ.."
"ഉണ്ണീ, ത്തിരി പതുക്കെ.. അമ്മമ്മയ്ക്ക് ഇത്ര വേഗത്തില് ഓടാനൊന്നും വയ്യ ട്ടോ"
ശങ്കരാന്തി - കർക്കിടകം ഒന്നാം തിയ്യതി - കർക്കിടക സംക്രാന്തി !!
ഉണ്ണിയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു ദിവസമാണ് അത് -
കർക്കിടകക്കൊയ്ത്തിനുള്ള തയ്യാറെടുപ്പിന് നാന്ദി കുറിയ്ക്കുന്ന ദിവസം..
ഒരാഴ്ച്ച മുൻപുതന്നെ ഒരുക്കങ്ങൾ തുടങ്ങും.
പണിക്കാർ മുറ്റം ചെത്തിക്കോരി, തൊടിയിലെ കാടുവെട്ടി വെടിപ്പാക്കും.
പിന്നെ മമ്പണി.
മണ്ണു കുഴച്ച്, മുറ്റത്തിനു ചുറ്റും ചെറിയ തിട്ടുണ്ടാക്കുന്ന മമ്പണി (മൺപണി) ഉണ്ണിയും അച്ഛനും കൂടിയാണ് ചെയ്യുക.
പണികഴിഞ്ഞ മൺതിട്ടിൽ അമ്മമ്മ ചാണകം പൊതിയും; മുറ്റത്തും ചാണകം മെഴുകും.
ചാണകം ഉരുട്ടി, ഉണക്കിച്ചുട്ട് ഭസ്മം ഉണ്ടാക്കും.
ശങ്കരാന്തി ദിവസം വൈകുന്നേരം വീടും പരിസരവും അടിച്ചുതളിച്ചു വൃത്തിയാക്കി, ചേട്ടാഭഗവതിയെ കുടിയൊഴിപ്പിച്ച് ശ്രീഭഗവതിയെ (ശീബോതി) കുടിയിരുത്തണം.
മുറവും ചൂലുമായി വീടിനുചുറ്റും ചേട്ടയെ ആട്ടിയോടിച്ച് പടികടത്തിയാൽ, ശ്രീഭഗവതി വന്നു കുടിയിരിയ്ക്കുമത്രെ!!
വൃത്തിയായ വീടും പരിസരവും ഉണ്ണി കൗതുകത്തോടെ നോക്കിക്കാണും - പുതുമഴയിൽ കുളിച്ചുതോർത്തി നിൽക്കുന്ന കല്ലടിക്കോടൻ മലയെപ്പോലെ.
:
:
:
"ചേട്ടേ പോ, ശീബോദി വാ
ചേട്ടേ പോ, ശീബോദി വാ.."
ചേട്ടയെ ആട്ടിയോടിക്കുന്ന ആവേശത്തിലാണ് ഉണ്ണി..
തൊട്ടുപിന്നാലെ കൊക്കിക്കൊണ്ട് അമ്മിണിയും.
അമ്മിണിയെ പരിചയപ്പെട്ടില്ലല്ലോ..
ഉണ്ണിയുടെ പ്രിയകൂട്ടുകാരിയായ കോഴി.. അതോ ഒരു അനിയത്തിയെപ്പോലെയാണോ?
എന്തായാലും മുട്ടയിൽ നിന്ന് വിരിഞ്ഞതു മുതൽ ഉണ്ണി അമ്മിണിയുടെ പിന്നാലെയാണ്.
എന്നും സ്കൂളിൽ പോകുന്നതിനു മുൻപും വൈകുന്നേരം തിരിച്ചെത്തിയാലും, ഒരുപിടി അരിയുമായി ഉണ്ണി അമ്മിണിയെ വിളിയ്ക്കും.
"ബ ബ്ബ ബ ബ്ബ ബ..."
--------------------------------------
ചേട്ടയെ ഓടിച്ച് ഉണ്ണിയും അമ്മിണിയും എത്തിയപ്പോൾ അമ്മമ്മ മുറ്റത്ത് തിട്ടിൽ ഇരിയ്ക്കുകയായിരുന്നു. അച്ഛനും അമ്മയും അടുത്തു തന്നെ ഉണ്ട്.
ഇനി അടിച്ചു കൂട്ടിയ ചപ്പും ചവറും കത്തിയ്ക്കണം - അത് അച്ഛൻ്റെ ജോലിയാണ്.
മുറം കൊണ്ടു വീശി തീ ആളിക്കത്തിയ്ക്കുന്നത് ഉണ്ണിയ്ക്ക് നല്ല രസമാണെങ്കിലും ഒരു പ്രാവശ്യം ഉണ്ണി ചോദിക്കുക തന്നെ ചെയ്തു.
"എന്തിനാ അമ്മമ്മേ ഇതൊക്കെ കത്തിക്കണത്?"
"ഉണ്ണിയ്ക്കറിയ്വോ? അഗ്നിഭഗവാൻ എല്ലാം ശുദ്ധീകരിയ്ക്കും. സീതാദേവി അഗ്നിയിൽ ചാടീട്ടല്ലേ പരിശുദ്ധി തെളിയിച്ചത്!!!"
കുറച്ചു മടിച്ചിട്ടാണെങ്കിലും ഉണ്ണിയുടെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു.
"അപ്പൊ.. നമ്മടെ... മുത്തശ്ശനെ കത്തിച്ചതോ അമ്മമ്മേ?"
ഒരു നെടുവീർപ്പിനു ശേഷം അമ്മമ്മ പറഞ്ഞു.
"അതും അഗ്നിശുദ്ധ്യന്നെ കുട്ടീ..
മരിച്ച ആളടെ ആത്മാവിന് മോക്ഷം കിട്ടാനാണ് ദഹിപ്പിക്കലും ക്രിയാദികളും ഒക്കെ.
ഉണ്ണിയ്ക്ക് ഓർമ ല്ല്യേ ഒരിയ്ക്കലുണ്ടതും വെലിയിട്ടതും ഒക്കെ?"
"ഉം..."
അതെ, ഉണ്ണിയെക്കൊണ്ട് മുത്തശ്ശന്റെ ബലികർമങ്ങൾ ചെയ്യിച്ചത് ഉണ്ണിയ്ക്ക് ഓർമ്മയുണ്ട്.
---------------------------------------
മച്ചിൽ, കാരണവന്മാർക്കും കുലദൈവങ്ങൾക്കുമുള്ള പൂജയാണ് അടുത്തത്. അച്ഛനാണ് പൂജക്കാരൻ.
ചന്ദനക്കുറിയിട്ട് ചുമരിൽ ചാരിവെച്ച പലകകളും, ചെറിയ വെള്ളോട്ടുവിഗ്രഹങ്ങളുമാണ് ദൈവങ്ങൾ!!
അതിലൊക്കെ തെച്ചിമാലകളും തുളസിമാലകളും ചാർത്തിയിട്ടുണ്ടാവും.
ആവണപ്പലകയ്ക്കു മുന്നിൽ പൂജാദ്രവ്യങ്ങൾ, വിളക്കുകൾ, കിണ്ടി, കുടമണി, പൂക്കൾ ഒക്കെയുണ്ടാവും.
ചന്ദനത്തിരിയുടെയും, സാമ്പ്രാണിയുടെയും പൂക്കളുടെയും സമ്മിശ്രഗന്ധം മച്ചിൽ തിങ്ങിനിൽക്കും.
നിലവിളക്കിന്റെയും ചങ്ങലവട്ടയുടെയും അരണ്ട വെളിച്ചത്തിലുള്ള പൂജയുടെ ആ അന്തരീക്ഷത്തിന് സർപ്പസൗന്ദര്യസമാനമായ ഒരു വശ്യതയാണ്!!
പൂജ കഴിയുന്നതു വരെ ഉണ്ണി ഒറ്റമുണ്ടുടുത്ത്, കൈകൂപ്പി അവിടെത്തന്നെ നിൽക്കും.
പൂജ കഴിഞ്ഞാലാണ് പ്രധാനപരിപാടി - ഭക്ഷണം!
അച്ഛനും ഉണ്ണിയും പലകയിട്ടിരിയ്ക്കും. വിളമ്പിക്കൊടുത്തു കഴിഞ്ഞിട്ടേ അമ്മയും അമ്മമ്മയും ഇരിയ്ക്കൂ.
നാക്കിലയിൽ ആദ്യം പൂജയുടെ പ്രസാദം വിളമ്പും - അവിൽ, മലര്, അപ്പം, കടുംപായസം ഒക്കെ.
അത് കഴിഞ്ഞ് ദോശയും മസാലക്കൂട്ടാനും!!
അതാണ് ഉണ്ണിയ്ക്ക് ഏറ്റവും പ്രിയം - കൊല്ലത്തിൽ ഒരു പ്രാവശ്യം - ശങ്കരാന്തിയ്ക്ക്- കിട്ടുന്ന ദോശയും മസാലക്കൂട്ടാനും!!
എരിഞ്ഞിട്ട് ഉണ്ണിയുടെ കണ്ണിൽനിന്നും മൂക്കിൽനിന്നുമൊക്കെ വെള്ളം ചാടും.. എന്നാലും ആ കൂട്ടാൻ ഉണ്ണിയ്ക്ക് ഭയങ്കര ഇഷ്ടമാണ്.
അല്ലാത്തപ്പോഴൊക്കെ അമ്മമ്മ ചോദിയ്ക്കും.
"ഉണ്ണീ.. ഇന്ന് ചേമ്പിന്റെ തണ്ട് കൂട്ടാൻ വേണോ അതോ മത്തന്റെ ഇലയോ?"
ഉണ്ണി ദേഷ്യത്തിൽ പിറുപിറുക്കും.
"ഓ പിന്നേ... ഭയങ്കര സ്വാദല്ലേ!! ഇതു രണ്ടും അല്ലെങ്കിൽ ഒരു മളകോർത്തപ്പുളി ണ്ട്... എന്തെങ്കിലും ആവട്ടെ..."
:
:
:
എല്ലാ ശങ്കരാന്തിയ്ക്കും, കഴിയ്ക്കുന്നതിനു മുൻപ് കയ്യിൽ കുറച്ചു അവിലും മലരുമെടുത്ത് ഉണ്ണി എണീയ്ക്കും.
"അവടെ ഇരിയ്ക്കൂ ഉണ്ണീ.. ഭക്ഷണം കഴിയ്ക്കാനിരുന്നാ പിന്നെ രാജാവ് വന്നാലും എണീക്കര്ത് ന്നാ ശാസ്ത്രം."
ഉണ്ണി കേൾക്കില്ല, ഉമ്മറത്തെത്തി ഉറക്കെ വിളിയ്ക്കും.
"അമ്മിണീ.... "ബ ബ്ബ ബ...."
------------------------------
അന്നും പ്രസാദം കയ്യിലെടുത്ത് എണീറ്റപ്പോൾ പതിവുപോലെ, ഉണ്ണിയെ അമ്മമ്മ തടഞ്ഞു.
ഉണ്ണി അനുസരിക്കാതിരുന്നപ്പോൾ അവിടെ പിടിച്ചിരുത്താൻ നോക്കി.
അവലും മലരും കയ്യിൽ ഇറുക്കിപ്പിടിച്ച് ഉണ്ണി കുതറിയെഴുന്നേറ്റോടി.
എല്ലാവരും പുറകെയും..
"ദെന്താ അമ്മമ്മേ അമ്മിണിയെ കാണാത്ത്? ഇത്ര നേരം എടുക്കില്ല്യല്ലോ"
അച്ഛൻ പോയി ഉണ്ണിയുടെ തോളിൽ പിടിച്ചു.
"ഉണ്ണീ വരൂ.. കഴിച്ചിട്ടാവാം..."
"വേണ്ട, വരില്ല്യ.. അമ്മിണിയ്ക്ക് കൊടുക്കട്ടെ ആദ്യം..."
നിസ്സഹായനായി അച്ഛൻ അമ്മമ്മയെ നോക്കി, അമ്മമ്മ നിലത്തേയ്ക്കും.
അച്ഛൻ വീണ്ടും പറഞ്ഞു.
"അമ്മിണിയെ ഇനി വിളിയ്ക്കണ്ട ഉണ്ണിക്കുട്ടാ.."
"അതെന്താ?"
അച്ഛൻ ഉമ്മറത്തെ തിണ്ണയിലിരുന്ന്, ഉണ്ണിയെ പിടിച്ചു മടിയിലിരുത്തി മുടിയിൽ തലോടി.
ഉണ്ണിയ്ക്ക് ഭയങ്കര ദേഷ്യം വന്നു. ഇതെന്താ പ്പൊ എന്നും ഇല്ല്യാത്ത ഒരു സ്നേഹം?
അവൻ കൈ തട്ടി മാറ്റി. "അമ്മിണി എവടെ?"
"കുട്ടാ.. നമ്മക്ക് വേറെ ഒരു കുഞ്ഞമ്മിണിയെ വാങ്ങാം ട്ടോ."
അമ്മമ്മയാണ്.
"വേണ്ട... എനിയ്ക്ക്.. അമ്മിണി.. ഇപ്പൊ വേണം..."
അവൻ ചിണുങ്ങിക്കൊണ്ട് അച്ഛന്റെ നെഞ്ചത്തിടിച്ചു.
"പറയട്ടെ.. അത്... അമ്മിണി വല്ല്യ കോഴിയായി ല്ല്യേ..
അപ്പൊ... ഇന്ന് അതിനെയാണ് കൂട്ടാൻ വെച്ചത്.. ഉണ്ണിയ്ക്ക് നല്ല ഇഷ്ടല്ലേ ശങ്കരാന്തിടെ കോഴിക്കൂട്ടാൻ..."
"ങേ?? കോഴിക്കൂട്ടാനോ? അമ്മിണിയെ കൂട്ടാൻ വേക്ക്യേ?
അമ്മിണീ...."
അലറിക്കരഞ്ഞുകൊണ്ട് ഉണ്ണി അച്ഛൻ്റെ മടിയിൽ നിന്ന് മുറ്റത്തേക്കു ഉരുണ്ടുവീണ് കയ്യും കാലും ഇട്ടു അടിച്ചു. അവലും മലരും കൈയ്‌ക്കുള്ളിൽ നിന്ന് ചുറ്റും ചിതറിത്തെറിച്ചു.
"ഉണ്ണീ..."
പച്ചമുള ചീന്തുന്നതു പോലെ അമ്മമ്മയുടെ നിലവിളി.
എന്നിട്ട് അച്ഛനോട്..
എന്നിട്ട് അച്ഛനോട്..
"കൃഷ്ണാ.. ഞാനപ്പഴേ പറഞ്ഞില്ല്യേ? വേണ്ടീര്ന്നില്ല്യ... ആ കുട്ടിടെ ജീവനായിര്ന്ന് ല്ല്യേ അത്?"
"ഞാനും ഇത്രയ്ക്ക് വിചാരിച്ചില്ല്യ അമ്മേ.."
അച്ഛന് ഇപ്പൊ വല്ലാത്ത കുറ്റബോധം..
അച്ഛൻ ഉണ്ണിയെ എടുക്കാൻ നോക്കി.
ഉണ്ണി കുതറി, ശരം വിട്ടതു പോലെ അകത്തേയ്‌ക്കോടി.
കോഴിക്കൂട്ടാന്റെ കലം പൊക്കിയെടുത്ത് വീടിൻ്റെ വടക്കുഭാഗത്തേക്കോടി.
എല്ലാവരും പുറകെ എത്തിയപ്പോൾ ഉണ്ണി മുറമെടുത്തു വീശി തീ ആളിക്കത്തിയ്ക്കുന്നു. ചപ്പില കത്തിച്ച തീ അണഞ്ഞിരുന്നില്ല.
സൂക്ഷിച്ചു നോക്കിയപ്പോൾ, കൂട്ടാൻകലം തീയിൽ എരിയുന്നു.
അമ്മമ്മ കരഞ്ഞുകൊണ്ട് ഓടിപ്പോയി ഉണ്ണിയെ എടുത്തു.
"എന്താ ഉണ്ണീ ഈ കാട്ട്യേത്?"
അടക്കാനാവാത്ത ഏങ്ങലടികൾക്കിടയിൽ ഉണ്ണി പറയാൻ ശ്രമിച്ചു.
"അമ്മമ്മേ... നമ്മടെ... അമ്മിണിയ്ക്ക്... മോക്ഷം കിട്ടണം..
അതിനാണ്... ഞാൻ...."
എന്നിട്ട് നിയന്ത്രണമില്ലാതെ തേങ്ങിത്തേങ്ങിക്കരഞ്ഞു.
അമ്മമ്മ ഉണ്ണിയെ തോളിലിട്ട് പുറത്തു തട്ടിക്കൊണ്ടേയിരുന്നു.
കുറച്ചു കഴിഞ്ഞ്, തളർന്നുറങ്ങിയ ഉണ്ണിയെ അകത്ത് മെത്തയിൽ കൊണ്ടുകിടത്തി.
---------------------------------------------------
പിറ്റേദിവസം രാവിലെ ഉണ്ണി പതിവിലും നേരത്തെ എണീറ്റു കുളിച്ചു.
സങ്കടം ഒന്ന് ഒതുങ്ങട്ടെ എന്നു വിചാരിച്ച് ആരും അടുത്തു പോയില്ല.
ഉണ്ണി ഉമ്മറത്തു പോയി, ഉദിച്ചു വരുന്ന സൂര്യനെ നോക്കി അന്തം വിട്ടിരുന്നു.
അമ്മമ്മ മെല്ലെ അടുത്ത് പോയി.
"ഉണ്ണീ.. വരൂ.. കഴിയ്ക്കാം.."
"വേണ്ട.."
പ്രതീക്ഷിച്ചതു പോലെ ഉണ്ണി കരഞ്ഞില്ല, ദേഷ്യവും കണ്ടില്ല.
"വരൂ ഉണ്ണിക്കുട്ടാ.. വെശക്കും..."
"ഇല്ല്യ.."
"കഴിയ്ക്കാണ്ടെ പറ്റില്ല്യ കുട്ടാ.. വരൂ.."
"എനിയ്ക്ക്... **ഒരിയ്ക്കലാണ് അമ്മമ്മേ.."
"ഒരിയ്ക്കലോ? എന്തിന്?"
ഉണ്ണിയുടെ നിയന്ത്രണം വിട്ടു. അവൻ അമ്മമ്മയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു.
വിതുമ്പി വിതുമ്പി പറഞ്ഞു.
"എനിയ്ക്ക്.... അമ്മിണിടെ.... കർമങ്ങള്..... ചെയ്യണം.... അമ്മമ്മേ....."
--------------------------------------------
** ഒരിയ്ക്കൽ - ഒരിയ്‌ക്കലൂണ്/ വ്രതം
Comments
Post a Comment