മണിച്ചെറിയമ്മയുടെ ടൈംപീസ്









പന്ത്രണ്ടാൽ മസജം സ"തന്തഗുരു"വും 
ശാർദൂല വിക്രീഡിതം...!!

ആ "തന്തഗുരു" ഇടയ്ക്കു കിടക്കുന്നതു കൊണ്ടാണ് ഈ വൃത്തലക്ഷണം ഇപ്പോഴും മറക്കാതെ മനസ്സിലുള്ളത്.


"മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും മൂന്നും രണ്ടും മൂന്നും....."
എത്ര രണ്ടും മൂന്നും ഉണ്ട്? എത്രയെങ്കിലും ആവട്ടെ.. മുഴുവൻ ചൊല്ലി നോക്കാം..

(കുറച്ചു) മൂന്നും (കുറച്ചു) രണ്ടും 
രണ്ടു രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം, പാദം രണ്ടിലുമൊന്നു പോൽ
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്ക് യതി, പാദാദിപൊരുത്തമിതു കേകയാം..

എത്രയെണ്ണം ഉണ്ടെന്നറിയാത്ത ആ "മൂന്നും രണ്ടും" ആയിരിക്കണം കേകയെ ഇത്രയും കാലം മനസ്സിൽ നിർത്തിയത്.

ഇതൊക്കെ ഇവിടെ പറയാൻ കാര്യം?

വേറെ ഒന്നും അല്ല, മലയാളം മീഡിയത്തിൽ പഠിച്ചത്, മലയാളം പഠിച്ചത് ("പഠിച്ചു" എന്ന് മുകളിൽ പറഞ്ഞ രണ്ടു ലക്ഷണങ്ങൾ കൊണ്ട് തെളിയിച്ചു കഴിഞ്ഞല്ലോ) ഭാഷാസ്നേഹം കൊണ്ടുതന്നെ ആണ് എന്ന് സ്ഥാപിക്കാൻ ആണ്.
അല്ലാതെ അടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഇല്ലാഞ്ഞിട്ടോ അവിടെ പോകാൻ കഴിവില്ലാഞ്ഞിട്ടോ അല്ല. 
(വിശ്വസിക്കൂ പ്ലീസ്... വേണെങ്കിൽ കാലു പിടിക്കാം).



എങ്കിലോ പണ്ട്....
വാനരവൃന്ദസമേതം കല്ലടിക്കോട് യൂപ്പീ സ്‌കൂളിൽ പോകുന്ന കാലത്തിങ്കൽ...

"പഠിക്ക്യാണെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണം" എന്നൊരു ചിന്ത പിടികൂടാതെയും ഇരുന്നില്ല.
എന്നാലും ഭാഷാസ്നേഹം!!! അതു വിടരുതല്ലൊ.






അങ്ങിനെ പത്താം ക്ലാസ് കഴിഞ്ഞു, നല്ല മാർക്കും കിട്ടി.
(എത്രയാണെന്നു പറയില്ല.. എന്റെയും നിങ്ങളുടെയും നല്ലത് രണ്ടും രണ്ടാണെങ്കിലോ)


അപ്പോഴാണ് ആരോ ചോദിച്ചത് - "ഇനി കോളേജിലേക്കല്ലേ!! ഏത് ഗ്രൂപ്പാ എടുക്കണ്?"

"ഗ്രൂപ്പോ? കോളേജിൽ പോണെങ്കിൽ ഗ്രൂപ്പൊക്കെ വേണോ?"
ജീവിതത്തിൽ ആദ്യമായി ഗ്രൂപ്പിസത്തിനെ പറ്റി കേട്ടതിന്റെ പ്രതികരണം അതായിരുന്നു.

ചോദ്യകർത്താവ് തന്റെ വിജ്ഞാനകോശം തുറന്നു.
"ഫസ്റ്റ് ഗ്രൂപ്പ് എടുത്താൽ കണക്കു പഠിച്ച് എഞ്ചിനീരാവാം..
സെക്കന്റ് ഗ്രൂപ്പ് ആണെങ്കിൽ ബയോളജി പഠിച്ച് ഡോക്ടർ.."

"ഓ അത് ശെരി.. അങ്ങിനെയൊക്കെ ഉണ്ടല്ലേ?"

സ്വന്തം കോശം തുറന്നു നോക്കിയപ്പോൾ ബൾബ് കത്തി. 
അപ്പൊ.. ബായിച്ചേച്ചി സെക്കന്റ് ഗ്രൂപ്പ് ആയിരുന്നിരിക്കണം.
പലകയിൽ ആണി അടിച്ചു കിടത്താൻ പാടത്തുനിന്ന് പോക്കാച്ചിത്തവളയെ പിടിച്ചു കൊടുത്തത് ഓർമയുണ്ട്..
റെക്കോർഡ് ബുക്കിൽ ചിത്രം വരച്ചു കൊടുത്തതും..

അപ്പൊ, അതു വേണ്ട - 
തവളയെ പിടിക്കാം എന്നല്ലാതെ പലകയിൽ കിടത്തി വയറു കീറാനൊന്നും നമുക്ക് പറ്റില്ല; കണക്കു മതി.

അങ്ങിനെ ഗവ: വിക്ടോറിയ കോളേജിൽ ഫസ്റ്റ് ഗ്രൂപ്പിന് ചേർന്നു.
"വൈദ്യുതഗമനാഗമന നിയന്ത്രണ യന്ത്രം" എന്നാൽ നമ്മുടെ "Switch" ആണെന്നും, "മട്ടത്രികോണം" "Right-angled triangle" ആണെന്നും ഒക്കെ മനസ്സിലാക്കി വന്നപ്പോഴേക്കും ഒന്നാം വർഷം കഴിഞ്ഞു.

ഒരുവിധത്തിൽ മറന്നുകഴിഞ്ഞിരുന്ന "പ.ഇ.പ." തത്വം (പഠിക്ക്യാണെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണം)  തിരിച്ചു തലയിൽ കേറി - പൂർവാധികം ശക്തിയോടെ തന്നെ...




ഒരു വിധം പ്രീഡിഗ്രി കഴിഞ്ഞു.. 
എൻജിനീയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റിൽ പേര് വരുകയും ചെയ്തു..

നോക്കുമ്പോൾ, ക്ലാസ്സിലെ പല ഇംഗ്ലീഷ് മീഡിയംകാർക്കും അഡ്‌മിഷൻ കിട്ടിയിട്ടില്ല.
ആശ്ചര്യമായെങ്കിലും ഒരു പാടൊന്നും തല പുണ്ണാക്കിയില്ല.


അങ്ങിനെ, മെക്കാനിക്കൽ എൻജിനീയറിങ്ങിന് പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളേജിൽ ചേർന്നു.


"പ.ഇ.പ." തത്വം പിന്നെയും മറന്നു. 
ചെറിയൊരു ആത്മവിശ്വാസം വന്നു എന്നും പറയാം.






എഞ്ചിനീയറിംഗ് ഡ്രോയിങ്ങിന്റെ ഭാഗമായി "Mini Drafter" വാങ്ങിയപ്പോഴാണ് കുറച്ചുകൂടി ഗമയൊക്കെ വന്നത്.

ഒരേ ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. 
തിരക്കുള്ള ബസിൽ നിൽക്കുമ്പോൾ "Mini Drafter" വാങ്ങി കയ്യിൽവെച്ചു സഹായിക്കാൻ ഇരിക്കുന്ന ഒരു യാത്രക്കാരനും തയ്യാറാവില്ല..
മറിച്ച്, ഭയാശങ്കകളോടെ ഒന്നു കൂടി നീങ്ങിയിരിക്കും - എന്തെങ്കിലും അനർത്ഥം സംഭവിച്ചാൽ ജനലിലൂടെ ചാടാൻ തയ്യാറായിട്ട്..

കാലക്രമേണ, ആരെങ്കിലും പോലീസിനെ വിളിച്ചാലോ എന്ന് സംശയിച്ചു ആരോടും ആ സഹായം അഭ്യർത്ഥിക്കാതെയുമായി..





ങാ.. പിന്നെ...
ഒരു കാര്യം പറയാൻ മറന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭാഷാസ്നേഹവും കവിതരചനയും മാത്രമല്ല, കുറേ മെക്കാനിസങ്ങളും കൈവശം ഉണ്ടായിരുന്നു.

ടേപ്പ് റെക്കോർഡർ അഴിച്ച്, പൊട്ടിയ ബെൽറ്റ് മാറ്റുക..
ഓഡിയോ കാസ്സറ്റിലെ മുറിഞ്ഞുപോയ ടേപ്പ് ഒട്ടിക്കുക..
കറന്റ് പോകുമ്പോൾ വഴിയോരത്തെ പോസ്റ്റിലെ ഫ്യൂസ് കെട്ടുക..
ജ്യോതിയുടെ വീട്ടിലെ സീലിംഗ് ഫാൻ അടുക്കളയിൽ നിന്ന് ഹാളിലേക്ക് മാറ്റി സ്ഥാപിക്കുക..
അങ്ങിനെ പലതും..

ടേപ്പ് റെക്കോർഡർ അഴിച്ചുപണിയുമ്പോൾ മാത്രം എല്ലാ പ്രാവശ്യവും കുറച്ച് നട്ടും ബോൾട്ടും ബാക്കി വരും..
അതിൽ കാര്യമില്ല, ടേപ്പ് റെക്കോർഡർ വീണ്ടും പാടാൻ തുടങ്ങുമല്ലോ - അതിലാണ് കാര്യം.










അങ്ങിനെയിരിക്കുന്ന കാലത്തിങ്കൽ...

ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ കാഞ്ഞിക്കുളം ചെക്ക്പോസ്റ്റിലേക്കിറങ്ങി.
കടയിലെ തങ്ങളുടെ കുശലാന്വേഷണം - "ഉണ്ണിയെ ഇപ്പൊ കാണാറില്ല്യല്ലോ.. സ്ഥലത്തില്ല്യേ?"

"പാലക്കാട് കോളേജിൽ ആണ് തങ്ങളേ"

"ഓ, അത് നന്നായീലോ.. എന്താ പടിക്കണ്?"

"മെക്കാനിക്കൽ എൻജിനീയറിങ്.."

"അപ്പൊ ബൈക്കൊക്കെ അഴിച്ചു പണിയാറായോ??

തലയിൽ ഒരു പെരുപ്പ് കേറി..
മെറിറ്റ് ലിസ്റ്റിലൂടെ കയറിയ ഒരു എൻജിനീയറിങ് വിദ്യാർത്ഥിയോട് ചോദിക്കേണ്ട ഒരു ചോദ്യം!!!
ബാക്കി പൈസ പോലും വാങ്ങാതെ കടയിൽ നിന്ന് സത്വരം പലായനം ചെയ്തു.

മെക്കാനിക്കും മെക്കാനിക്കൽ എൻജിനീയറും രണ്ടാണെന്ന് ഈ ലോകത്തെ ബോധ്യപ്പെടുത്തുക തന്നെ വേണം.
അത് വരെ എനിക്ക് വിശ്രമമില്ലാ....



അങ്ങനെയിരിക്കുമ്പോഴാണ് ആ സുവർണാവസരം വന്നുപെട്ടത്;
പതിവ് പോലെ മണിച്ചെറിയമ്മയുടെ വീട്ടിലെത്തി ഓരോന്നു സംസാരിച്ചിരിക്കുമ്പോൾ -

"എന്താണെന്നറിയില്ല, ഇവിടത്തെ ടൈംപീസ് കുറച്ചു ദിവസമായി നടക്കുന്നില്ല."

"ഞാൻ നോക്കാം ചെറിയമ്മേ.."

"ഏയ്, അത് സാരല്യ.. ചെറിയച്ചൻ കല്ലടിക്കോട് കടേൽ കൊടുത്താൽ രണ്ടു ദിവസത്തിൽ കിട്ടും. ഞാൻ വെറുതെ പറഞ്ഞൂന്നേ ഉള്ളൂ"

"അല്ല, ഞാൻ ഒന്ന് നോക്കാം. എനിക്ക് കോളേജിൽ യന്ത്രങ്ങളുടെ ഡിസൈൻ ഒക്കെ പഠിക്കാനുണ്ട്."

"എന്നാൽ കുട്ടി ഒന്ന് നോക്ക്"

ഞാൻ ചാടിവീണ് ടൈംപീസ് തട്ടിപ്പറിച്ചു.
ചെറിയമ്മയുടെ മനസ്സ് മാറിയാലോ എന്ന സംശയത്തിൽ, ചായ വരുന്നതിനു മുൻപ് ഓടിരക്ഷപ്പെട്ടു.


_________________________________________


വീട്ടിലെത്തി, ടൈംപീസുമായി മുറിയിൽ കേറി കതകടച്ചു.

ഞാൻ എപ്പോഴും റിപ്പയർ പണികളിൽ പ്രയോഗിച്ചിരുന്നത് "Engineering " അല്ല, "Reverse Engineering" ആയിരുന്നു.
എന്ത് അഴിക്കുമ്പോഴും അത് എങ്ങിനെ ആയിരുന്നു എന്ന് നോക്കി വെക്കും. എന്നിട്ടു അത് പോലെ തന്നെ തിരിച്ചു ഫിറ്റ് ചെയ്യും.

ഇപ്പൊ പിന്നെ ഞാൻ കുറച്ചു കൂടി പുരോഗമിച്ചല്ലോ.
Gear , Cam, Spring എന്തിന്, Turbine design വരെ പഠിക്കാനുണ്ട്.
പിന്നെയാണ് ഈ വെറും ടൈംപീസ്!!

ടൈംപീസിനെ ഒരു തുണിയിൽ കമഴ്ത്തിയിട്ട് പിന്നിലെ കവർ അഴിച്ചു.
എന്നിട്ട് ഉള്ളിലെ മെക്കാനിസം ഒന്നു പഠിച്ചു.

കീ കൊടുത്തു ചുറ്റിവെച്ചിരിക്കുന്ന സ്പ്രിങ്ങിലെ potential energy ഒരു gear train വഴി സൂചികളിൽ എത്തുന്നു.

കീ കൊടുക്കുമ്പോൾ സ്പ്രിംഗ് wind ആവുന്നുണ്ട്. അപ്പൊ അതല്ല പ്രശ്നം.

അഴിച്ചു നോക്കാം...
ഏതെങ്കിലും പൽച്ചക്രങ്ങൾ തമ്മിൽ തൊടാതെ ഇരിക്കുകയാണെങ്കിൽ അത് ശരിയാക്കി തിരിച്ചു ഫിറ്റ് ചെയ്‌താൽ മതി.

കടയിലെ തങ്ങളോട് പറയാനൊന്നും പോണ്ട, അവനവന് ഒരു സംതൃപ്തി കിട്ടുമല്ലോ. അതു മതി.
ചെറിയമ്മയ്ക്ക് സന്തോഷമാവുകയും ചെയ്യും.


ഓരോ സ്ക്രൂവും ശ്രദ്ധാപൂർവം അഴിച്ച് വെള്ളക്കടലാസിൽ നിരത്തിവെച്ചു.
അഴിക്കുന്ന ക്രമവും സ്ക്രൂ ഇരുന്ന സ്ഥലവും മനസ്സിൽ കുറിച്ചിട്ടു.

ഏതോ ഒരു സ്ക്രൂ അഴിച്ചപ്പോഴാണ് അതു സംഭവിച്ചത്..
ഒരു പൊട്ടിത്തെറി!!!






കുറെ സ്‌ക്രൂകൾ മാറിയപ്പോൾ, ചുറ്റിവെച്ചിരുന്ന സ്പ്രിംഗ് പെട്ടെന്നു വിടർന്നതാണ്.
ഉള്ളിലെ പൽച്ചക്രങ്ങളും നട്ടും ബോൾട്ടും എല്ലാം ചിതറിത്തെറിച്ചു!!!

മുറി മുഴുവൻ പരതി എല്ലാം പെറുക്കിയെടുത്തു.


തിരിച്ചു ഫിറ്റ് ചെയ്യണമല്ലോ.. ഒരു രൂപവും കിട്ടുന്നില്ല.

ഇതൊക്കെ ഇനി എന്ത് ചെയ്യും? ചെറിയമ്മയോട് എന്ത് പറയും?
തല കറങ്ങി..


വാതിലിൽ ആരോ തട്ടുന്നു.
വേഗം എല്ലാം വാരി കയ്യിൽ കിട്ടിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടി അലമാരയിൽ ഒളിപ്പിച്ചു വെച്ചു.

ഉറക്കച്ചടവ് അഭിനയിച്ച് പോയി വാതിൽ തുറന്നു,
അച്ഛനായിരുന്നു.



പിന്നെ, ചെറിയമ്മയോടു സംസാരിക്കുമ്പോഴൊക്കെ ടൈംപീസിന്റെ വിഷയം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

എന്നിട്ടും ഒരു ദിവസം ചോദ്യം വന്നു..
കുറെ പഠിക്കാനുണ്ടെന്നും നോക്കാൻ സമയം കിട്ടിയില്ലെന്നും പറഞ്ഞു രക്ഷപ്പെട്ടു.

ഇടയ്ക്കു പല ദിവസങ്ങളിലും പൊതി തുറന്നു പയറ്റി നോക്കിയെങ്കിലും ഒരു രക്ഷയും ഉണ്ടായിരുന്നില്ല.

അവസാനം പത്തി മടക്കി.


ക്രമേണ ചെറിയമ്മ ആ കാര്യം മറന്നു എന്ന് തോന്നുന്നു.


പിന്നീടെപ്പോഴോ, അഹന്തയുടെയും അപക്വതയുടെയും ആ ടൈംപീസ് പൊതി ആരും കാണാതെ മുളങ്കൂട്ടത്തിൽ എറിഞ്ഞു.






വാൽക്കഷ്ണം:


ആദ്യമായി ജോലി കിട്ടിയപ്പോൾ വിചാരിക്കുമായിരുന്നു.

ഞാൻ കമ്പ്യൂട്ടറിൽ കുത്തി ഇരുന്നു ചെയ്യുന്ന എന്തെങ്കിലും ഒരു പണി മാനേജർക്കു ചെയ്യാൻ പറ്റുമോ?

എന്നിട്ടും...
കഷ്ടപ്പെട്ട് പണിയെടുക്കുന്ന, എല്ലാം അറിയുന്ന എനിക്ക് ശമ്പളം 12000 രൂപ.
എല്ലാവരെയും വഴക്കു പറഞ്ഞു പേടിപ്പിച്ച്, ക്യാബിനിൽ സുഖിച്ചിരിക്കുന്ന മാനേജർക്ക് 75000....



പ്രവൃത്തി പരിചയത്തിന്റെയും പ്രായത്തിന്റെയും പക്വതയുടെയും ശരിയായ മൂല്യം മനസ്സിലാക്കാൻ പിന്നെയും കുറച്ചു കാലം എടുത്തിട്ടുണ്ടാവണം.


*******************



                                                                                                     സതീഷ് മാടമ്പത്ത്

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...