മെക് ഡോണൾഡ്‌സിലെ മദാമ്മ
പരമ്പരാഗതമായി മാടമ്പത്തുകാർ "മ" പ്രസിദ്ധീകരണങ്ങൾ വായിക്കാറില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി ഒക്കെ ആയിരുന്നു പതിവ്.
പക്ഷെ മുത്തി മാത്രം ഇതിനൊരു അപവാദമായിരുന്നു. മംഗളം, മനോരമ ഒക്കെയാണ് ഇഷ്ടവാരികകൾ..
അപ്പൊ നിങ്ങൾ വിചാരിക്കും "കാരണവർക്ക് അടുപ്പിലും വായിക്കാമല്ലോ" എന്ന്.
എന്നാൽ അങ്ങിനെയല്ല, വീട്ടിലെ എല്ലാവരെയും അടുപ്പിൽ കൊണ്ട് പോയി വായിപ്പിച്ചിട്ട്, അവനവൻ അതിന്റേതായ രീതിയിൽ തന്നെ വായിക്കുന്ന കാരണവത്തി ആയിരുന്നു മുത്തി.
പറഞ്ഞു വന്നത്..
മുൻപ് പറഞ്ഞ വാരികകളും, കുഞ്ചുമാമയുടെ കോഴിക്കൂട്ടിനു മുകളിൽ ഇരുന്ന് ഇടയ്ക്കിടെ ഉള്ള കവിസമ്മേളനങ്ങളും ആയിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തിന് നിറം പകർന്നിരുന്നത്.
അപ്പോളൊക്കെ വിചാരിക്കും.. സാധാരണക്കാരായ നമ്മൾ ഓ എൻ വി യുടെയും സുഗതകുമാരിയുടെയും ഒക്കെ കവിതകൾ കാഞ്ഞിക്കുളം എന്ന ഈ കുഗ്രാമത്തിലിരുന്ന് വായിക്കുന്നു.
അപ്പൊ ഡൽഹിയിലും ബോംബെയിലും ഒക്കെയുള്ള പണക്കാർ എന്തൊക്കെ വലിയ കാര്യങ്ങളായിരിക്കും ചർച്ച ചെയ്യുന്നത്!!
വളരെയേറെ കാലം കഴിഞ്ഞിട്ടാണ് മനസ്സിലായത്, അത് പോലെയുള്ള പണച്ചാക്കുകൾ ഭൂരിഭാഗവും സോപ്പ്, ചീപ്പ്, സോമരസം, മേക്കപ്പ് വിഷയങ്ങൾക്കപ്പുറം പോകാറില്ല എന്ന്.
കല്ലടിക്കോട് സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ സതീഷും ആനന്ദും പറയുമായിരുന്നു.
"നമ്മൾ ഇങ്ങനെ പഠിച്ചിട്ടൊന്നും കാര്യല്ലെടാ.. പഠിക്ക്യാണെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണം"
അപ്പോൾ, യൂണിഫോം ഇട്ടു, ടൈ കെട്ടി, കാറിൽ കയറിപ്പോകുന്ന രൂപങ്ങളും, രാജകീയവേഷവിധാനത്തിൽ താളമേളങ്ങളോടെ അടിവെച്ചു മുന്നേറുന്ന കുട്ടിബാൻഡ് സംഘങ്ങളും മനസ്സിൽ മിന്നിമായും.
മനസ്സിൽ ഉറപ്പിക്കും - "ശരിയാണ്, പഠിക്ക്യാണെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണം"
ഇംഗ്ലീഷ് പറയുന്നതിലുമപ്പുറം, ഇംഗ്ലീഷിൽ ആയാലും മലയാളത്തിൽ ആയാലും എന്ത് പറയുന്നു എന്നതിലാണ് കാര്യം എന്ന് ആലോചിക്കാനുള്ള പക്വത അന്ന് ഉണ്ടായിരുന്നില്ല.
"Hello, how are you ?" എന്നു ചോദിക്കുന്ന (മലയാളം അറിയാവുന്ന) മലയാളിയോട് "സുഖം തന്നെ. പിന്നെ എന്തൊക്കെ?" എന്ന് തിരിച്ചു ചോദിച്ചാൽ അവർക്കത് മനസ്സിലാവും എന്നും അറിയുമായിരുന്നില്ല.
നാട്ടിലെ പല കുട്ടികളെയും പോലെ ഞങ്ങൾക്കും, ഇംഗ്ലീഷും ബുദ്ധിവൈഭവവും പര്യായപദങ്ങൾ ആയിരുന്നു.
***********************************
അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ എത്തിപ്പെട്ടത് അമേരിക്കയിൽ..
മിഷിഗണിലെ Auburn Hills - Daimler Chrysler ൽ ...
ജോലി തുടങ്ങിയ ആദ്യദിവസങ്ങളിലൊന്നിൽ, ഒരു വൈകുന്നേരം ചായയും കടിയും തേടിയിറങ്ങി.
അടുത്തു കണ്ട Mc Donalds ൽ കേറി..
ബില്ല് $5.50 - അതായത് അഞ്ചു ഡോളറും അമ്പത് സെന്റും...
അമേരിക്കയിൽ എത്തിയിട്ട് അധികകാലം ആവാത്തതിനാൽ Credit Card എന്ന പറ്റുപുസ്തകം ഉണ്ടായിരുന്നില്ല.
കയ്യിലുണ്ടായിരുന്ന 10 ഡോളർ നോട്ട് തികഞ്ഞ ബഹുമാനത്തോടെ കൗണ്ടറിലെ മദാമ്മക്കു കൊടുത്തു.
(വന്നിറങ്ങിയപ്പോൾ മുതൽ ചുവന്നുതുടുത്ത, ചറപറാ ഇംഗ്ലീഷ് പറയുന്ന സായിപ്പന്മാരോടും മദാമ്മമാരോടും ചെറിയൊരു ആരാധനാ മനോഭാവം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ)
അപ്പോഴാണ് ഓർക്കാപ്പുറത്ത്, ആ വെളുത്ത സുന്ദരി $5.50 ചില്ലറയായിത്തന്നെ ഉണ്ടാവുമോ എന്നു ചോദിച്ചത്.
മദാമ്മയോട് Computer പറഞ്ഞത് എനിക്ക് ബാക്കി $4.50 കൊടുക്കാനാണ്. പക്ഷെ അത് ചില്ലറയായി ഇല്ല. അത് കൊണ്ടാണ് എന്നോട് ചില്ലറ ചോദിച്ചത്.
നിർഭാഗ്യമെന്നു പറയട്ടെ, പേഴ്‌സ് മുഴുവൻ പരാതിയിട്ടും $5.50 ചില്ലറയായി കൊടുത്ത് മദാമ്മയുടെ പ്രീതി നേടാൻ പറ്റിയില്ല.
അപ്പോഴാണ് പേഴ്‌സിന്റെ ചില്ലറപോക്കറ്റിൽ നിന്ന് 2 Quarter Coins എത്തിനോക്കിയത്.
ഈ അവസരം പാഴാക്കിക്കൂടാ. സന്തോഷത്തോടെ ഞാൻ പറഞ്ഞു.
"50 സെന്റ് തരാം, എനിക്ക് 5 ഡോളർ തിരിച്ചു തരൂ."
പക്ഷെ, ഞാൻ പ്രതീക്ഷിച്ച ഭാവമാറ്റമല്ല മദാമ്മക്കുണ്ടായത്!!
"മാടമ്പള്ളീലെ താക്കോലെടുക്കാൻ നീയെന്തിനാ ദാസപ്പാ കെണറ്റിലിറങ്ങണെ?" എന്ന് പറയുന്ന ഇന്നസെന്റിനെ ഞാൻ ആ മുഖത്ത് കണ്ടു.
പുറകെ ഡയലോഗും വന്നു.
"നിങ്ങൾ എനിക്ക് ഇപ്പൊ തന്നെ 10 ഡോളർ തന്നല്ലോ. ബാക്കി $4.50 ഞാനല്ലേ തരേണ്ടത്? ഇനിയും നിങ്ങൾ എനിക്ക് പൈസ തരാമെന്നോ?"
"മാടമ്പള്ളിയിലെ താക്കോലോ?" എന്ന ഞെട്ടലാണ് എനിക്കുണ്ടായതും...
അതുവരെ മനസ്സിൽ കൊണ്ടുനടന്ന സായിപ്പന്മാരുടെയും മദാമ്മമാരുടെയും (എന്തിന്, ഇംഗ്ലീഷ് മീഡിയംകാരുടെ വരെ) പളുങ്കുവിഗ്രഹങ്ങൾ ഒന്നൊന്നായി വീണുടഞ്ഞു.
ഒന്നാംക്‌ളാസ്സിൽ ഗുണകോഷ്ഠപ്പട്ടികയും, കണക്കിന്റെ ബാലപാഠങ്ങളും (വിശേഷദിവസങ്ങളിൽ മുത്തപ്പായിയെ വരക്കാനും) പഠിപ്പിച്ച ഗോവിന്ദകുട്ടി മാഷിനെ മനസ്സിൽ ധ്യാനിച്ച് ഒന്ന് ശ്രമിച്ചു നോക്കി - മദാമ്മയെ പറഞ്ഞുമനസ്സിലാക്കാൻ.
ങേ.. ഹേ.. മദാമ്മക്ക് ഒരു കുലുക്കവും ഇല്ല.
Computer പറയുന്നതിനപ്പുറം ഒരു ചെറുവിരൽ അനക്കാൻ പോലും ഈ ലോകത്തു ആർക്കും (അതും എവിടുന്നോ വലിഞ്ഞുകേറി വന്ന ഒരു വരത്തന്) ഒരു അധികാരവുമില്ല എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു.
അതിനിടയിൽ പ്രശ്‍നം അവരുടെ മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുകയും, ജീവനക്കാരിൽ ആരോ (അടുത്ത വർഷത്തെ ശമ്പളപരിഷ്കരണം മുന്നിൽ കണ്ടുകൊണ്ട്) $4.50 ചില്ലറയും കൊണ്ട് ചാടിവീഴുകയും ചെയ്തിരുന്നു.
പ്രജ്ഞയറ്റു നിന്ന എന്റെ കയ്യിലേക്ക് ആരോ ആ ചില്ലറ വെച്ചുതന്നു.
"ജീവിതത്തിന്റെയും, പഠിപ്പിന്റെയും ആദ്യാക്ഷരങ്ങളുടെ മധുരം നാവിൽ പകർന്നു തന്ന ഗുരുനാഥന്മാരേ.. നിങ്ങളുടെ ശിഷ്യനിതാ അമേരിക്കൻ മുതലാളിത്തവിവരദോഷത്തിനു മുന്നിൽ മുട്ടുമടക്കി ഈ പടികളിറങ്ങുന്നു.. മാപ്പ്...."
*****************************************
അടുത്ത കാലങ്ങളിൽ സായിപ്പ് യോഗ, ആയുർവേദം, സംസ്‌കൃതം, ഭാരതീയ വാസ്തുശാസ്ത്രം, കർമഫലം, ആത്മീയത എന്നിവയെ പറ്റി പ്രസംഗിക്കാനും ഗവേഷണം നടത്താനുമൊക്കെ തുടങ്ങിയപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ മനസ്സിൽ പറയാറുണ്ട്.
"സായിപ്പേ, അങ്ങേ വീട്ടിലെ പൂച്ച ഇങ്ങേ വീട്ടിലും വരും"
***************************************
സതീഷ് മാടമ്പത്ത്
Comments
Post a Comment