മുത്തി പറഞ്ഞ കഥ - മീശവെലി
പറമ്പിൽ കിളച്ചു കൊണ്ടിരുന്ന ചെമ്പനാണ് ഒരു ദിവസം ചോദിച്ചത്.
"ന്താ ആണ്ടൻ കുട്ട്യേ, ഒരു മ്ലാനത?"
"ഏയ്, ഒന്നൂല്യ ചെമ്പാ"
"അങ്ങനല്ലല്ലോ ആണ്ടൻ കുട്ട്യേ, കൊറച്ചീസായി അടിയൻ കാൺണൂ, എന്തായാലും പറയീൻ . അട്യേന്റെ കയ്യില് ഉപായം ണ്ടെങ്കിലോ?"
ശരിയാണ്. കുറെ നാളായി കുന്നത്തു കളത്തിലെ നീലാണ്ടന് ഒരു വിഷമം - വയസ്സ് 17 ആയി, ഇത് വരെ ഒരു പൊടിമീശ പോലും കിളിർത്തിട്ടില്ല.
കൂടെയുള്ള പലർക്കും താടിയും മീശയും ഒക്കെ വന്നു.
ഇനീപ്പോ നാണക്കേടൊന്നും വിചാരിക്കാൻ ഇല്ല. ആരോടെങ്കിലും പറയണ്ടേ? ചെമ്പനോട് തന്നെ ആവാം.
"ഒന്നുല്ല്യ ചെമ്പാ.. വയസ്സൊക്കെ 17 ആയി. താടീം മീശീം ഒന്നും അങ്ക്ട് വരണില്യ.. ഒരു ആണാവേണ്ട സമയൊക്കെ ആയില്യേ? ഇനി അതൊന്നും വരില്ല്യേ ആവോ"
നീലാണ്ടൻ കരയാതിരിക്കാൻ നന്നേ പണിപ്പെട്ടു.
ചെമ്പന്റെ കണ്ണുകൾ പറമ്പിൽ മൂത്തു നിൽക്കുന്ന ഒത്ത ഒരു നേന്ത്രവാഴക്കുലയിൽ ഉടക്കി നിന്നു.
ഒരു ദീർഘശ്വാസം വിട്ടിട്ടു അദ്ദേഹം മൊഴിഞ്ഞു.
"ങ്ങള് ബേജാറാകാണ്ടിരിക്കിൻ.. വയീണ്ട്. മീക മരാനല്ലേ? ഒക്കെ സെരി ആക്കാം."
"ന്താ ചെമ്പാ ഒരു വഴി?"
"ഉം.. ഒരു വെലി വെക്കണം, അത്രേള്ളൂ."
"ഓ, അതിപ്പോ എങ്ങന്യാ? ന്തൊക്ക്യാ അയിന് വേണ്ട്?"
"ഏയ്, തോനെ ഒന്നും മാണ്ട. ഒരു നേന്ത്രമായക്കൊല (വാഴക്കുല), മണ്ണിന്റെ ഒരു കൊടം, ഒരു മല്ലുമുണ്ട്, കൊറച്ചു ചെമ്പരത്തിപൂവ്, എണ്ണ, തിരി, സാമ്പ്രാണി, മഞ്ഞപ്പൊടി, ചുണ്ണാമ്പ്, അട്ടക്കരി, വാഴമ്പോള, വാഴയെല, ഒരു കൈക്കോട്ട്"
"അതൊക്കെ തരപ്പെടുത്താം. കാര്യം നടക്ക്വോ?"
"ഈ കുട്ടിന്റെ ഒരു കാര്യം!! സെര്യാവാത്ത ഒരു കാര്യം അടിയൻ ഏൽക്കില്ല്യല്ലോ!!"
"അല്ല, എന്റെ ഒരു ബേജാർ പറഞ്ഞൂന്നേള്ളൂ"
"ആണ്ടൻ കുട്ടി ഈ സാനങ്ങളും കൊണ്ട് സെനിയാഴ്ച പൊഴമ്പള്ളക്ക് വരീൻ. ഒക്കെ സെരിയാക്കാ."
*********************************************************
വെള്ളം താണ തെക്കുംകരപ്പുഴയുടെ മണലിൽ ചെമ്പനും, പിടയ്ക്കുന്ന ഹൃദയത്തോടെ നീലാണ്ടനും ഇരുന്നു.
ചെമ്പൻ ചുണ്ണാമ്പ്, മഞ്ഞപ്പൊടി, കരി എന്നിവ കൊണ്ട് മണലിൽ കളം വരച്ചു.
വാഴയുടെ പോള കഷണങ്ങളാക്കി അതിലൊക്കെ എണ്ണയൊഴിച്ച്, തിരിയിട്ടു കത്തിച്ചു കളത്തിനു ചുറ്റും നിരത്തി വെച്ചു.
വാഴയിലയിൽ ചെമ്പരത്തിപൂവ് ഇതളുകളാക്കി വെച്ചു. സാമ്പ്രാണി കത്തിച്ചു വെച്ചു.
മല്ലുമുണ്ട് നനച്ചു പിഴിഞ്ഞ് മൺകുടത്തിൽ ചുറ്റി വെച്ചു.
നേന്ത്രവാഴക്കുലയിൽ ഒന്നുരണ്ടു പൂവിതൾ തിരുകി അതിനെ കുടത്തിനോട് ചേർത്ത് കിടത്തി വെച്ചു.
കുറച്ചു മണലും പൂവും നെഞ്ചോടു ചേർത്ത് എന്തൊക്കെയോ പിറുപിറുത്തു. അനന്തരം, ഉറഞ്ഞുതുള്ളിക്കൊണ്ടു കൽപ്പിച്ചു.
"പോയി പൊയേല് മുങ്ങിക്കുളിച്ചു് തോർത്തുമുണ്ടുടുത്തു വരീൻ"
നീലാണ്ടൻ ഭയഭക്തി ബഹുമാനങ്ങളോടെ പോയി കുളിച്ചു വന്നു കൈകൂപ്പി നിന്നു.
"കളത്തിലിരിക്കീൻ!!" ചെമ്പൻ ഗർജ്ജിച്ചു.
നീലാണ്ടൻ കളത്തിലേക്ക് വീണു എന്ന് പറയുന്നതാവും ഉചിതം.
വെലി (പൂജ) തുടങ്ങി.
ചെമ്പൻ ഉറക്കെയുറക്കെ മന്ത്രോച്ചാരണം നടത്തി.
"കുന്നത്താണ്ടന് താടി മരീക, മീക മരീക, മായയ്ക്ക ഇരീക, കൊടത്തിൽ ഇടുക.....
ശൂ... ഭൂ ....."
(മീക മരീക - മീശ വരുക ,
ഇരീക = ഇരിയുക, പറിക്കുക)
എന്നിട്ട്, നേന്ത്രക്കുലയിൽ നിന്ന് ഒരു കായ പറിച്ചു കുറച്ചു പൂവും ചേർത്ത്, നീലാണ്ടന്റെ ശരീരത്തിനു ചുറ്റും വായുവിൽ ഉഴിഞ്ഞിട്ടു കുടത്തിൽ നിക്ഷേപിച്ചു.
പിന്നെയും.....
"കുന്നത്താണ്ടന് താടി മരീക, മീക മരീക, മായയ്ക്ക ഇരീക, കൊടത്തിൽ ഇടുക.....
ശൂ... ഭൂ ....."
അടുത്ത കായയും കുടത്തിൽ...
"കുന്നത്താണ്ടന് താടി മരീക, മീക മരീക, മായയ്ക്ക ഇരീക, കൊടത്തിൽ ഇടുക.....
ശൂ... ഭൂ ....."
അങ്ങിനെ കായ മുഴുവൻ കുടത്തിലായി...
പുകയുന്ന സാമ്പ്രാണിയും, ബാക്കി വന്ന പൂവും കുടത്തിലേക്കിട്ടു.
കുടത്തിൽ ചുറ്റിയിരുന്ന ഈറൻ മല്ലുമുണ്ട് അഴിച്ചെടുത്ത് കുടത്തിന്റെ വായ ഭദ്രമായി മുറുക്കിക്കെട്ടി.
കൈക്കോട്ടെടുത്തു മണലിൽ വലിയ ഒരു കുഴി കുഴിച്ചു.
കുടം അതിൽ ഇറക്കി വെച്ച് മണലിട്ടു മൂടി.
അതിനു ചുറ്റും ആക്രോശത്തോടെ ഏഴു വലം വെച്ചു.
ബാക്കിയായ കുല ഒരു അട്ടഹാസത്തോടെ, തലയ്ക്കു ചുറ്റും മൂന്നു വട്ടം ചുറ്റി പുഴയിലേക്ക് വലിച്ചെറിഞ്ഞു..
എന്നിട്ട്, വെള്ളത്തിലേക്ക് കുതിച്ചു.
കുളിച്ചു തോർത്തി ശാന്തനായി തിരിച്ചു വന്ന ചെമ്പൻ മൊഴിഞ്ഞു.
"ഇനി ആണ്ടൻകുട്ടി പോയി കുളിച്ചു തോർത്തി വരീൻ."
കുളിച്ചു വന്ന നീലാണ്ടനോട് ചെമ്പൻ -
"ഇനി നല്ലോണം പ്രാർത്ഥിച്ചിട്ടു തിരിഞ്ഞു നോക്കാണ്ടെ നടന്നോളീൻ.. 14 ദിവസം വ്രതം എടുക്കണം. ഇറച്ചിയും മീനും ഒന്നും കൂട്ടണ്ട.. അത് കഴിയുമ്പോ കാണാം കളി!!"
************************************************************
അങ്ങിനെ…
ഒരു മാസം കഴിഞ്ഞു.
താടിയും വന്നില്ല, മീശയും വന്നില്ല. ചെമ്പനെയും കാണാനില്ല.
ഒരു ദിവസം വൈകുന്നേരം ചെമ്പനുണ്ട് ഓടിക്കിതച്ചു വരുന്നു.
ഒന്നും പറയാൻ സമ്മതിച്ചില്ല, അതിനു മുൻപ് തന്നെ...
"ആണ്ടൻ കുട്ട്യേ.. അടിയൻ സബരിമലക്ക് ഒന്ന് പോയതാണേ.. കുട്ടിന്റെ കാര്യം പറയാൻ തന്നെ.
വരുമ്പൊളാണ് ഒരു കാര്യം ചോയിക്കാൻ വിട്ടൂന്ന് നെനച്ചത്..
ഉണ്ണി മിക്കേര്യോണ്ടാണോ (ഉമിക്കരി കൊണ്ടാണോ) പല്ലു തേച്ചീര്ന്ന് ?"
"അതെന്താ ചെമ്പാ, ഞാൻ ദിവസോം മിക്കേര്യോണ്ടന്നെ അല്ലെ പല്ല് തേക്കണ്? ന്താ പ്പോ ണ്ടായേ?"
"ഔ, ന്റെ ഉണ്ണ്യേ, ഒന്നും പറയണ്ട.. അടിയന് ഒരു പുത്തിമോസം പറ്റിപ്പോയി. ഈ വ്രതം എടുക്കുമ്പോ മിക്കേര്യോണ്ട് പല്ല് തേക്കാൻ പാടില്ല്യ.. അപ്പൊ അയിന് പലം കിട്ടില്ല്യ"
"അല്ല ചെമ്പാ, അതിപ്പോ ഇനി...."
"ആണ്ടൻകുട്ടി ഇനിപ്പൊ വെഷമിക്കൊന്നും മാണ്ട.. ഇനീം സമയണ്ടല്ലോ...
താടീം മീകീം ഒക്കെ അയിന്റെ സമയാവുമ്പോ വരും"
മറുപടിക്കു കാത്തു നിൽക്കാതെ ചെമ്പൻ ഇറങ്ങി വലിഞ്ഞു നടന്നു.
Comments
Post a Comment