മുത്തി പറഞ്ഞ കഥ ... കുറുക്കച്ചാരും മുത്തിയമ്മയും പിന്നെ നര്യേമ്മാമനും ..
മുത്തി പറഞ്ഞ കഥ ... കുറുക്കച്ചാരും മുത്തിയമ്മയും പിന്നെ നര്യേമ്മാമനും ..
ഒരു ദിവസം തീറ്റ കിട്ടാതെ വലഞ്ഞ ഒരു കുറുക്കൻ കല്ലടിക്കോടൻ മല വിട്ട് നാട്ടിലേക്കിറങ്ങി.
മുട്ടിയങ്ങാടും നായാടിപ്പാറയും നെല്ലിക്കാത്തോടും കടന്ന് കാപ്പാട്ടിലെത്തി.
അവിടെ ഒരു തൊടിയിൽ കുറെ കോഴികൾ കൊത്തിപ്പെറുക്കി നടക്കുന്നുണ്ടായിരുന്നു.
കുറുക്കൻ ശബ്ദം ഉണ്ടാക്കാതെ പമ്മിപ്പമ്മി ഒരു തടിയൻ ചേവലിനെ ചാടി പിടിച്ചു.
മറ്റു കോഴികളുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടി വന്നപ്പോളേക്കും കോഴിയേയും കൊണ്ട് കുറുക്കച്ചാര്, കുഞ്ഞുനമ്പീശന്റെ തൊടിയിലൂടെ ചാടി അപ്പേട്ടന്റെ കണ്ടവും കൊക്കർണിയും പുല്ലോടക്കാടും കടന്ന് തെക്കിൻകരപ്പുഴയുടെ കരയിൽ എത്തിയിരുന്നു.
***********************************************
ചുറ്റും നോക്കിയപ്പോൾ അവിടെ ഒരു വീട്ടിൽ ഒരു മുത്തിയമ്മ മുറ്റം അടിക്കുന്നു.
കുറുക്കച്ചാര് മെല്ലെ മുത്തിയമ്മയുടെ അടുത്ത് പോയി ചോദിച്ചു. "മുത്തിയമ്മേ മുത്തിയമ്മേ, ഒരു ഉപകാരം ചിയ്യ്വോ??"
"എന്താ കുറുക്കച്ചാരേ? കയ്യിൽ എന്താ? കോഴിയോ? എവിടുന്നാ അത്?"
"അതൊക്കെ ണ്ട്, മുത്തിയമ്മ ഇതൊന്നു കൂട്ടാൻ വെച്ചു തരൂ."
"ഏയ്, നിയ്ക്കൊന്നും വയ്യ. ഇതിപ്പൊ എവിടുന്നു പിടിച്ചതാ ? ഞാൻ ഇനി അതോണ്ട് കൂട്ടാൻ വെച്ചിട്ട് വേണം ആരെങ്കിലും ഇബടെ അന്വേഷിച്ചു വരാൻ!! കുറുക്കച്ചാര് വേറെ പണി നോക്കൂ"
"ഏയ്, പേടിയ്ക്കൊന്നും വേണ്ട മുത്തിയമ്മേ.. ആരും വരില്ല്യ. മുത്തിയമ്മക്കും കഴിച്ചൂടെ?"
മുത്തിയമ്മ ഒന്നു കൂടി നോക്കി. നല്ല കൊഴുത്തു തടിച്ച ഒരു ചേവക്കോഴി!!
ഈ കുറുക്കൻ ഒരു പമ്പരവിഡ്ഢി ആണെന്ന് തോന്നുന്നു. ഒരു പണി ണ്ട്..
മുത്തിയമ്മ പറഞ്ഞു. "കുറുക്കാ, പ്രശ്നൊന്നും ആവില്യാച്ചാൽ ഞാൻ വെച്ചു തരാം. പക്ഷെ ഇബടെ ഇപ്പൊ അതിനുള്ള സാധനങ്ങളൊന്നും ഇല്ല്യാലോ."
"എന്താ മുത്തിയമ്മക്ക് വേണ്ട്? ഞാൻ കിട്ട്വോ നോക്കട്ടെ" കുറുക്കന് സന്തോഷവും ആവേശവും ഒക്കെ ആയി.
"ഉള്ളീം മളകും മസാലീം ഒന്നൂല്ല്യ", സൂത്രം ഫലിക്കുന്നുണ്ടോ എന്ന് മുത്തിയമ്മ കുറുക്കനെ ഓട്ടക്കണ്ണിട്ടു നോക്കി.
"ഞാനൊന്നു നോക്കട്ടെ മുത്തിയമ്മേ, ഇപ്പൊ വരാം" എന്ന് പറഞ്ഞിട്ട് കുറുക്കൻ ഒറ്റ ഓട്ടം.
*******************************************************
ഓടി ഓടി കുറുക്കൻ വാസ്വേട്ടന്റെ മില്ലിന്റെ അടുത്തെത്തി. മില്ലിനോടു ചേർന്നു തന്നെ ആണ് പീടികയും പോസ്റ്റ് ആപ്പീസും ഒക്കെ.
കുറുക്കൻ ചുമരിനു പിന്നിൽ ഒളിഞ്ഞു നിന്നു.
"വാസ്വേട്ടോ, ഒന്ന് ങ്ക്ട് വരൂ. ഈ അരി ഒന്ന് പൊടിച്ചു തര്വോ?." മില്ലിൽ ആരോ വന്നിട്ടുണ്ട്. കട തുറന്നിട്ടിട്ട്, വാസ്വേട്ടൻ മെല്ലെ മില്ലിലേക്ക് നടന്നു.
ആ തക്കം നോക്കി കുറുക്കച്ചാര് പീടികയിൽ കേറി കുറച്ചു ഉള്ളിയും മുളകും മസാലപ്പൊടിയും ഒക്കെ എടുത്തിട്ട് ഒറ്റ ഓട്ടം.
മുത്തിയമ്മക്ക് സാധനങ്ങൾ ഒക്കെ കൊടുത്തിട്ട് പറഞ്ഞു
"മുത്തിയമ്മേ മുത്തിയമ്മേ, ഇനി വേഗം കൂട്ടാൻ വെക്കൂ. വെശ്ന്ന്ട്ട് കണ്ണ് കാണ് ണില്യ"
"അയ്യോ കുറുക്കച്ചാരേ, ഞാൻ നോക്കുമ്പൊ ഇബടെ ഒറ്റ തുള്ളി എണ്ണ ല്ല്യ. എന്താപ്പോ ചീയ്യാ"
"എന്താ മുത്തിയമ്മേ ദ്? ദൊക്കെ നോക്കണ്ടേ? ശരി, ഞാൻ പ്പ വരാം."
കുറുക്കൻ നേരെ പോയത് മണിയേട്ടന്റെ റേഷൻ കടയിലേക്കാണ്.
അവിടെ ഒരാൾ അരിയും പാമോയിലും വാങ്ങുന്നു. കുറുക്കൻ ഒളിഞ്ഞു നിന്നു.
"മണിയേട്ടാ, ഈ സാധനങ്ങൾ ഒന്ന് നോക്കൂ ട്ടോ. ഞാൻ വേഗം തത്രമുത്തിയെ ഒന്നു തൊഴുതിട്ട് വരാം." അയാൾ ഇറങ്ങി നടന്നു.
കുറുക്കൻ മെല്ലെ മെല്ലെ കടയുടെ അടുത്തേക്ക് നടന്നു. മണിയേട്ടന്റെ കണ്ണൊന്നു തെറ്റിയപ്പോൾ പാമോയിൽ കുപ്പി കടിച്ചെടുത്ത് ഒറ്റ ഓട്ടം.
"കൂട്ടരേ ഓടി വര്വോ, കുറുക്കൻ കുപ്പീം കൊണ്ട് പോണു." മണിയേട്ടൻ കൂക്കി വിളിച്ചു.
അപ്പോളേക്കും കുറുക്കൻ എത്തേണ്ട സ്ഥലത്തെത്തി.
"എന്റെ മുത്തിയമ്മേ, ജീവനും കൊണ്ട് രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതീല്ലോ. ഇനി സമയം കളയണ്ട, വേഗം കൂട്ടാൻ വെക്കൂ "
"അത് നന്നായി കുറുക്കച്ചാരേ. ഒരു കാര്യം കൂടി ണ്ട്. ഇബടെ ചീഞ്ചട്ടി ഒന്നൂല്ല്യ ലോ"
കുറുക്കന് കലി കേറി. "ന്നാലും ദ് വേണ്ടീര്ന്നില്യ മുത്തിയമ്മേ. ഇബടെ വെശ്ന്ന് ചാവാൻ തൊടങ്ങുമ്പോ ആണ് നിങ്ങടെ ഒരു പൊന്നാരം"
"ഓർമ്മ നിക്ക്ണില്യ കുറുക്കച്ചാരെ.. വയസ്സായില്ല്യേ "
"ശരി ശരി, ഞാനൊന്ന് നോക്കട്ടെ."
കുറുക്കച്ചാര് ഇടവഴിയിലൂടെ നടന്നു. അപ്പൊ ഒരു വീടിന്റെ തിണ്ണയിൽ കുറെ പാത്രങ്ങൾ കഴുകി കമഴ്ത്തിയിരിക്കുന്നു.
പുറത്ത് ആരെയും കണ്ടില്ല. കുറുക്കൻ വേഗം ഒരു ചീനച്ചട്ടി കടിച്ചെടുത്തു ഓടി.
"ദാ മുത്തിയമ്മേ നിങ്ങടെ ചീഞ്ചട്ടി.. ഇനി എന്നോടൊന്നും പറയരുത് ട്ടോ"
"ഇല്ല്യ കുറുക്കച്ചാരേ, ബടെ പൊറത്ത് കെടന്നോളൂ. ഞാൻ പ്പൊ ണ്ടാക്കി തരാം."
മുത്തിയമ്മ വീടിന്റെ ഉള്ളിൽ കേറി വാതിൽ അടച്ചു.
************************************************************
കുറച്ചു കഴിഞ്ഞപ്പോൾ കുറുക്കൻ വിളിച്ചു ചോദിച്ചു.
"മുത്തിയമ്മേ മുത്തിയമ്മേ, എറച്ചി വെന്തുവോ?"
"ഇല്ല്യ കുറുക്കച്ചാരേ, തൊപ്പ പറിക്കണേ ള്ളൂ"
കുറച്ചു കഴിഞ്ഞപ്പോൾ കുറുക്കൻ വീണ്ടും വിളിച്ചു ചോദിച്ചു.
"മുത്തിയമ്മേ മുത്തിയമ്മേ, എറച്ചി വെന്തുവോ?"
"ഇല്ല്യ കുറുക്കച്ചാരേ, കഷ്ണം നുറുക്കണേ ള്ളൂ"
കുറച്ചു കഴിഞ്ഞപ്പോൾ കുറുക്കൻ വീണ്ടും വിളിച്ചു ചോദിച്ചു.
"മുത്തിയമ്മേ മുത്തിയമ്മേ, എറച്ചി വെന്തുവോ?"
"ഇല്ല്യ കുറുക്കച്ചാരേ, മസാല അരക്കണേ ള്ളൂ"
കുറച്ചു കഴിഞ്ഞപ്പോൾ കുറുക്കൻ വീണ്ടും വിളിച്ചു ചോദിച്ചു.
"മുത്തിയമ്മേ മുത്തിയമ്മേ, എറച്ചി വെന്തുവോ?"
"ഇല്ല്യ കുറുക്കച്ചാരേ, ദാ ഇപ്പൊ അട്പ്പത്ത് വെച്ചിട്ടേ ള്ളൂ"
കുറച്ചു കഴിഞ്ഞപ്പോൾ കുറുക്കൻ വീണ്ടും വിളിച്ചു ചോദിച്ചു.
"മുത്തിയമ്മേ മുത്തിയമ്മേ, എറച്ചി വെന്തുവോ?"
"ഇല്ല്യ കുറുക്കച്ചാരേ, തെളയ്ക്കണേ ള്ളൂലോ"
കുറുക്കന് വിശന്ന് ജീവൻ പോയി, അറിയാതെ ഒന്ന് മയങ്ങിപ്പോയി.
************************************************************
നല്ല മണം മൂക്കിൽ അടിച്ചു കേറിയപ്പോൾ ആണ് കുറുക്കച്ചാര് കണ്ണ് തുറന്നത്.
ഉറക്കെ വിളിച്ചു ചോദിച്ചു.
"മുത്തിയമ്മേ മുത്തിയമ്മേ, എറച്ചി വെന്തുവോ?"
"ഇല്ല്യ കുറുക്കച്ചാരേ, ആവണേ ള്ളൂ"
കുറുക്കന്റെ ക്ഷമ കേട്ടു. ഇതില് എന്തോ കളി ണ്ട്.
മെല്ലെ പടിഞ്ഞാറു ഭാഗത്തു പോയി ഒരു ഏണി വെച്ച് കേറി അടുക്കളയിലേക്ക് എത്തി നോക്കി.
അപ്പൊണ്ട് മുത്തിയമ്മ സുഖായി ഇരുന്ന് ഇറച്ചി തിന്നുന്നു.
കുറുക്കന്റെ തല കറങ്ങി. വേഗം ഓടിപ്പോയി ഒരു വലിയ കല്ലെടുത്ത് കിണറ്റിലേക്ക് തള്ളിയിട്ടിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു.
"മുത്തിയമ്മേ മുത്തിയമ്മേ ഓടി വരൂ. അമ്പാടീം പയ്യിൻകുട്ടീം കെണറ്റില് വീണൂ."
ഇത് കേട്ട് പരിഭ്രമിച്ച മുത്തിയമ്മ വേഗം ഇറച്ചി ഒരു പാത്രത്തിലാക്കി ഉരൽക്കുഴിയിൽ ഇറക്കി വെച്ച് ഒരു പിഞ്ഞാണം കൊണ്ട് മൂടി.
എന്നിട്ട് ഓടി വന്ന് കിണറ്റിലേക്ക് എത്തി നോക്കി.
അപ്പൊ കുറുക്കൻ പിന്നാലെ പതുങ്ങി വന്ന് മുത്തിയമ്മയെ കിണറ്റിലേക്ക് തള്ളി ഇട്ടു. എന്നിട്ട് അടുക്കളയിലേക്ക് ഓടി.
നോക്കുമ്പോ ഉരക്കുഴി മൂടി വെച്ചിരിക്കുന്നു.
കുറുക്കൻ വേഗം അത് തുറന്ന് ഇറച്ചി വെച്ച പാത്രം എടുത്തു.
എന്നിട്ട് വേറെ ഒരു പാത്രത്തിൽ കാഷ്ടം ഇട്ട് ഉരക്കുഴിയിൽ ഇറക്കി വെച്ച് പിഞ്ഞാണം കൊണ്ട് മൂടി.
എന്നിട്ടു അവിടന്ന് ഓടി രക്ഷപ്പെട്ടു.
**********************************************************
മുത്തിയമ്മ ബഹളം വെച്ച് നാട്ടുകാരെ കൂട്ടി. എല്ലാവരും കൂടി മുത്തിയമ്മയെ കിണറ്റിൽ നിന്ന് കയറ്റി.
എല്ലാരും പോയപ്പോൾ മുത്തിയമ്മ ഓടി വന്ന് ആക്രാന്തത്തിൽ പിഞ്ഞാണം മാറ്റി ഉരക്കുഴിയിൽ കയ്യിട്ടു.
അയ്യേ!!! കുറുക്കൻകാട്ടം കയ്യിൽ മുഴുവൻ ആയി.
"അയ്യയ്യേ!! കുറുക്കൻ നാറ്റിച്ചൂലോ!!!"
ആകെ നാണം കെട്ട് മുത്തിയമ്മ കുളിക്കാൻ ഓടി.
*********************************************************
കുറുക്കൻ ഇറച്ചിപ്പാത്രവും കൊണ്ട് കോട്ടക്കുന്നിന്റെ മുകളിൽ കേറി ആസ്വദിച്ചു തിന്നുമ്പോൾ ആണ് നര്യേമ്മാമൻ ആ വഴി വന്നത്.
"എന്താടോ കുറുക്കച്ചാരെ തിന്നണത്?" നര്യേമ്മാമൻ ചോദിച്ചു.
"ഏയ്, കൊറച്ച് ചന്തിമാന്തിപ്പൊടീം കൊട്ടത്തേങ്ങയും ആണ് നര്യേമ്മാമാ" കുറുക്കൻ പറഞ്ഞു.
"ഓഹോ, ഒരു കഷണം താടോ!!"
കുറുക്കൻ ഒരു കഷ്ണം കൊടുത്തു.
"ദ് നല്ല സാദ്ണ്ടലോ. ഒരു കഷണം കൂടി താടോ."
"ഇനില്ല്യ നര്യേമ്മാമാ.. ദ് എനിക്കന്നെ തെകയില്ല്യ."
"ഹയ്, ന്നാലും ഒരു കഷണം കൂടി താടോ".
മനസ്സില്ലാമനസ്സോടെ കുറുക്കൻ ഒരു കഷ്ണം കൂടി കൊടുത്തു.
നര്യേമ്മാമന് സഹിക്കവയ്യാതെ പിന്നെയും ചോദിച്ചു. "കുറുക്കച്ചാരേ, ഒരൊറ്റ കഷണം കൂടി താടോ. ഇനി ചോയ്ക്കില്ല്യ"
"ഏയ്, ഇനി ല്ല്യ നര്യേമ്മാമാ. അത്ര നിർബന്ധാച്ചാൽ തന്നത്താൻ ണ്ടാക്കി കഴിച്ചോളൂ."
"ഓഹോ, എങ്ങന്യാടോ ദ്ണ്ടാക്കാ?" നര്യേമ്മാമന് ആവേശമായി.
കുറുക്കൻ പറഞ്ഞു.
"കുറച്ചു അരക്ക് കൊണ്ട് വരണം. എന്നിട്ടു ചുട്ടു പഴുത്ത പാറപ്പുറത്ത് ഒഴിക്കണം. അപ്പൊ ഞാൻ പറയാം ബാക്കി".
നര്യേമ്മാമൻ ഓടിപ്പോയി കുറച്ചു അരക്ക് കൊണ്ടു വന്ന് ചുട്ടു പഴുത്ത പാറപ്പുറത്ത് ഒഴിച്ചു. അരക്ക് ഉരുകിത്തിളച്ചപ്പോൾ നര്യേമ്മാമൻ കുറുക്കനെ വിളിച്ചു ചോദിച്ചു. "കുറുക്കച്ചാരേ, അരക്ക് ഒഴിച്ചൂ ട്ടോ. ഇനി എന്താ ചെയ്യാ?"
കുറുക്കൻ പറഞ്ഞു "നര്യേമ്മാമാ, ഇനി അതില് അങ്ങട് ഇരുന്നോളൂ.."
അത് കേൾക്കുന്നതിന് മുൻപ് നര്യേമ്മാമൻ ചുട്ടു പഴുത്ത അരക്കിൽ ചാടി ഇരുന്നു.
ആകെ ഒട്ടിപ്പിടിച്ചു പൊള്ളിയപ്പോൾ നര്യേമ്മാമൻ കരഞ്ഞു. "കുറുക്കച്ചാരേ, ചുട്ടു നീറ്ണൂലോ. എന്താ ചീയ്യണ്ട് ?"
"മാന്തിത്തിന്നോളൂ നര്യേമ്മാമാ.."
നര്യേമ്മാമൻ വേഗം മാന്തി മാന്തി തിന്നു.
തോലൊക്കെ പോയി സ്വർഗം കണ്ട നര്യേമ്മാമൻ ഒരു വിധത്തിൽ ഉരുണ്ടു പിരണ്ട് തെക്കിൻകര പുഴയിൽ പോയി ചാടി.
കുറുക്കച്ചാര് ഒരു മൂളിപ്പാട്ടും പാടി, ഏമ്പക്കവും വിട്ട് കല്ലടിക്കോടൻ മലയിലേക്ക് തിരിച്ചു നടന്നു.
Comments
Post a Comment