മാ ഫലേഷു സുലോചന







"രാമരാവണ ബാലിസുഗ്രീവ കീരി പാമ്പു കടിപിടി
രാമരാവണ ബാലിസുഗ്രീവ കീരി പാമ്പു കടിപിടി...."

ക്ലാസ്സിലെ നാരദനായ രാമൻകുട്ടി ഒരു മൂലയിൽ നിന്ന് മുഷ്ടികൾ കൂട്ടിയുരച്ച് പിരികയറ്റുകയാണ്.

തൊട്ടടുത്തു തന്നെ ചിയർ ലീഡേഴ്‌സ്...
"മണിയനും മണിയനും അടികൂടി 
അതിലൊരു മണിയന്റെ തലപോയി
എടുക്കട മണിയാ പുളിവാറ്
കൊടുക്കട മണിയാ പതിനാറ്...."

അന്നത്തെ ഉച്ചയങ്കമാണ് നടക്കുന്നത്.
ജന്മനാ ആൺകുട്ടികളും പെൺകുട്ടികളും ബദ്ധവൈരികളാണ്; അങ്ങിനെയായിരിയ്ക്കണം.

എന്താണ് കാര്യം എന്നതോ, ആരുടെ ഭാഗത്താണ് ന്യായമെന്നതോ പ്രശ്നമാകാൻ പാടില്ല. പെൺകുട്ടികളോട് അടികൂടാനുള്ള അവസരം ആണായിപ്പിറന്ന ഒരുത്തനും പാഴാക്കിക്കൂടാ.. നേരെ തിരിച്ചും.

"ഡാ.. മാഷ് വര്ണൂ.. നിർത്തിക്കോ..."

ഉച്ചയൂണിന്റെ സമയം കഴിഞ്ഞ് മാഷ് മൂന്നാം ക്ലാസ്സിലേക്ക് വരികയാണ്.
എല്ലാവരും മാന്യമഹാദേഹങ്ങളായി അവരുടെ സ്ഥാനത്തു പോയിരുന്നു. മാഷ് ക്ലാസ്സിലേക്ക് പ്രവേശിച്ചപ്പോൾ എഴുന്നേറ്റു നിന്ന് സ്തുതിഗീതം പാടി.
"ന........ മാ........ സ്തേ.......        സാ.....ർ "

മാഷ് കവടി നിരത്തിനോക്കിയാൽ പോലും അവിടെ ഒരു കുരുക്ഷേത്രയുദ്ധം നടന്നത് കണ്ടുപിടിയ്ക്കാൻ പറ്റില്ല.
-----------------------------------------


യു. പി. സ്കൂളിൽ എത്തിയപ്പോളാണ് കാര്യങ്ങൾക്ക് ചെറിയ വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയത്.
ആൺകുട്ടികൾ പെൺകുട്ടികളോട് സംസാരിയ്ക്കുന്നു!!
ചില മീശക്കാർ അവരുടെ അടുത്തു പോയി ഇരിയ്ക്കുന്നു!!

സ്കൂൾ പ്രധാനമന്ത്രിയായ (അതും, 11 വോട്ട് ഒഴികെ എല്ലാം കിട്ടി മഹാഭൂരിപക്ഷത്തിൽ വിജയിച്ച) സർവ്വസമ്മതനായ ഒരു പുരുഷപ്രജയ്ക്ക് രക്തം തിളയ്ക്കാൻ മറ്റെന്തു വേണം!!
ആ ധൈര്യത്തിൽ, ഒരു യോദ്ധാവിന്റെ തലയെടുപ്പോടെ, അണികളുടെ പിൻബലത്തോടെ, ഒരു ദിവസം, ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്ന സുമേഷിനോടു പോയി പറഞ്ഞു.
"അതേയ്.. ഒരു കാര്യം.. ഇതൊന്നും ഇവിടെ നടക്കില്ല, ട്ടോ"
"ഏത്?"
അവന് കാര്യം പിടികിട്ടിയില്ലെന്നു തോന്നുന്നു.
"ഈ പെൺകുട്ടികളോടുള്ള നിന്റെ കളിയും ചിരിയും ഒക്കെ ഞാൻ കാണണ് ണ്ട് . അത് ഈ സ്കൂളില് വേണ്ട"

"ഹ ഹ ഹ ഹ...."
ആ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ കേട്ടതു പോലെ സുമേഷും കൂട്ടരും ആർത്തട്ടഹസിച്ചു.

എന്റെ പ്രധാനമന്ത്രിരക്തം തിളച്ചു, ശബ്ദമുയർത്തികൊണ്ടു തന്നെ പറഞ്ഞു.
"അതേയ്.. ഇളിയ്ക്കാനല്ല പറഞ്ഞത്.. ഇതിവിടെ നടക്കില്ല"

സുമേഷും ഒരാണായിരുന്നു.. മീശയും മസിലുമുള്ള ആണ്.
എന്താണ് സംഭവിയ്ക്കുന്നത് എന്നു മനസ്സിലാവുന്നതിനു മുൻപ് ഞാൻ വായുവിൽ ക്‌ളാസ്സുമുറിയുടെ അരച്ചുമരിനും മുകളിൽ ഉയർന്നുപാറുന്നു.
എന്റെ കോളറിൽ സുമേഷിന്റെ കൈ മുറുകിയിട്ടുണ്ട്.
"ഡാ.. അധികം കളിയ്ക്കണ്ടാ ട്ടോ.. ഒരു പ്രധാനമന്ത്രി!!
മുട്ടേന്ന് വിരിഞ്ഞിട്ടില്ല. കൊറച്ചു കഴിയുമ്പോ നിനക്കും മനസ്സിലാവും ഇതൊക്കെ."

പിടിവിട്ടപ്പോൾ, ഞാൻ പൂഴിമൺതറയിൽ  ക്രാഷ് ലാൻഡ് ചെയ്തു.
ഭാഗ്യം!! അണികളാരും കണ്ടില്ല.
കാര്യങ്ങൾ കൈവിട്ടുപോകുന്നതു മണത്തറിഞ്ഞ ആ നിമിഷത്തിൽ അവരൊക്കെ സ്ഥലംകാലിയാക്കിയിട്ടുണ്ടാവണം!!

:
പിന്നീട് ചില സന്ദർഭങ്ങളിൽ, ജില്ലാപ്രവർത്തിപരിചയ ക്യാമ്പിൽ കൂടെ വന്ന ശാലുവും, ടൂറിനു പോയപ്പോൾ ഗീതയുമൊക്കെ എന്നെ ശ്രദ്ധിയ്ക്കുന്നില്ലേ എന്നു തോന്നാതിരുന്നില്ല.
പക്ഷെ.. 
പാടില്ല, ഇത്രയും കാലം കാത്തുസൂക്ഷിച്ച മനസ്സാന്നിധ്യം കളഞ്ഞുകുളിച്ച് ആൺവർഗ്ഗത്തിന് ഒരു അപമാനമായിക്കൂടാ.

------------------------------------------------

"വേണെങ്കിൽ കണ്ണട വെയ്ക്കാം. നിർബന്ധമില്ല.
0.25 ഷോർട്ട് സൈറ്റ് ഒക്കെ സാധാരണയാണ്."
ഞാനും അച്ഛനും ഡോക്ടർ സിഹോട്ടയുടെ മുന്നിൽ ഇരിയ്ക്കുകയായിരുന്നു.

"വേണം വേണം.. കണ്ണട വേണം.."
ഞാൻ ചാടിവീണു.


:
ഒൻപതാം ക്ലാസ്സിൽ കൂടെ പഠിയ്ക്കുന്ന അനു എന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന് എനിയ്ക്ക് ഏതാണ്ട് ഉറപ്പായിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടവെച്ച, ഒട്ടും സംസാരിയ്ക്കാത്ത പാവാടക്കാരി.
സുമേഷ് അന്നു പറഞ്ഞത് ശരിയാണെന്ന് തോന്നിത്തുടങ്ങിയിരിയ്ക്കുന്നു - കുറച്ചുകഴിയുമ്പോൾ കാര്യങ്ങൾക്ക് വ്യത്യാസം വരുമായിരിയ്ക്കും. 
പ്രകൃതിനിയമങ്ങൾക്ക് കുറച്ചൊക്കെ വഴങ്ങിക്കൊടുക്കാമെന്ന് തോന്നിത്തുടങ്ങിയ കാലം.
അപ്പോളും നാരദൻ രാമൻകുട്ടി ചെവിയിൽ മന്ത്രിയ്ക്കുന്നതു പോലെ..
"ഡാ.. പെണ്ണുങ്ങളുടെ മുമ്പില് താണു കൊടുത്തിട്ട് ആണുങ്ങളെ നാറ്റിക്കരുത് ട്ടോ"


അങ്ങിനെയാണ് ബോർഡിലെ അക്ഷരങ്ങൾ മങ്ങിത്തുടങ്ങിയത്..
വായിക്കാം, പക്ഷെ വ്യക്തത പോരാ..

ഒരുമാസത്തോളം അച്ഛനോട് പറഞ്ഞു കൊണ്ടേയിരുന്നു.
അവസാനം കണ്ണുഡോക്ടറെ കാണാം എന്നു തീരുമാനമായി.


:
ഇത്രയും കഷ്ടപ്പാടുകൾക്കൊടുവിൽ, ഞാൻ ഇച്ഛിച്ച പാൽപാത്രം വൈദ്യർ വെച്ചുനീട്ടിയിരിയ്ക്കുകയാണ്!!
കണ്ണടയില്ലാതെ അവിടന്നിറങ്ങാൻ പറ്റില്ല എന്ന് അച്ഛനോടു ഞാൻ തീർത്തു പറഞ്ഞു.
എന്റെ മാർക്കിനെ ബാധിയ്ക്കുന്ന കാര്യമാണ്, അടുത്തകൊല്ലം പത്തിലാണ് എന്നൊക്കെ, അച്ഛൻ എന്നോട് എന്നുംപറയാറുള്ള കാര്യങ്ങൾ, പത്തു സെക്കൻഡിൽ ഞാൻ അച്ഛനെ പറഞ്ഞുമനസ്സിലാക്കി.

ഒരു തിങ്കളാഴ്ച, കറുത്ത ഫ്രെയിമുള്ള ആ കണ്ണട വെച്ച്, പിടയ്ക്കുന്ന ഹൃദയവുമായി ഞാൻ സ്കൂളിന്റെ പടികൾ കയറുമ്പോൾ അനു എന്നെ നോക്കി ചിരിച്ചു!!

:
:
പത്താംക്ലാസ്സു കഴിഞ്ഞു പോകുമ്പോൾ, ഓട്ടോഗ്രാഫ് ബുക്കിൽ, പലരും അവരുടെ ഭാവനയും സ്നേഹബന്ധവും അനുസരിച്ച് പലർക്കും പലതും എഴുതിക്കൊടുത്തു.
"നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല"
"ഓടുന്ന ബസിന്റെ പുറകെ പോയാലും ചിരിയ്ക്കുന്ന പെണ്ണിന്റെ പുറകെ പോകരുതു സഹോദരാ.."
അങ്ങിനെ പലതും.

ഓട്ടോഗ്രാഫുമായി അനു എന്റെ മുന്നിൽ വന്നതുമില്ല, ഞാൻ ചോദിച്ചതുമില്ല.

----------------------------------------------------


ഇന്നാണ് നിർണായകമായ ആ ദിവസം.
ഇന്റർകോളേജ് മത്സരങ്ങളിലേയ്ക്കുള്ള സെലക്ഷൻ.

ആറുമാസത്തെ ഫ്ലൂട്ട് പഠനത്തിനു ശേഷം ആദ്യമായി ഞാൻ ഒരു മത്സരത്തിൽ പങ്കെടുക്കുന്നു.
പഠിച്ച ഒരേയൊരു കീർത്തനം വായിയ്ക്കാനുള്ള അവസരം!!
"വിനായകാ നിനു വിനാ..."

അടുത്ത മത്സരാർത്ഥി വായിച്ചത് രണ്ടു ഭക്തിഗാനങ്ങൾ ആയിരുന്നു.

ആകെ രണ്ടുപേരെ ഉള്ളൂ.
ഞാൻ വായിച്ചത് ശാസ്ത്രീയമായതു കൊണ്ട് എനിയ്ക്കു ഒന്നാംസ്ഥാനവും, നന്നായി വായിച്ചതു കൊണ്ട് സുനിലിന് രണ്ടാംസ്ഥാനവും കിട്ടി.

ഇലക്ട്രോണിക്സ് എൻജിനീയറിങ് പഠിച്ചിരുന്ന, ഒരു കൊല്ലം സീനിയർ ആയിരുന്ന സുനിലിനെ അവിടെവെച്ചുതന്നെ പരിചയപ്പെട്ടെങ്കിലും ആത്മമിത്രങ്ങളാവുന്നത് ഹോസ്റ്റലിൽ വെച്ചാണ്.


:
:

ഒരു ദിവസം രാത്രി സുനിൽ ഓടക്കുഴലുമെടുത്ത് ഹോസ്റ്റലിൽ നിന്നു പുറത്തേയ്ക്കിറങ്ങുന്നു. 
എന്നോടും ഫ്ലൂട്ട് എടുത്തോണ്ടുവരാൻ  പറഞ്ഞു, ഒരു തോർത്തും.
തോർത്ത് എന്തിനാണെന്ന് മനസ്സിലായില്ല, വല്ല കച്ചേരിയ്ക്കും ആയിരിക്കും.
നാദസ്വരം വിദ്വാന്മാരൊക്കെ വേഷ്ടി തോളിലിടുന്നതു കണ്ടിട്ടുണ്ട്.
മിത്രത്തിനെ വിശ്വാസമായതു കൊണ്ട് ഒന്നും ചോദിച്ചില്ല.
കച്ചേരിയ്ക്കു വായിയ്ക്കേണ്ടതിന്റെ ഒരേകദേശരൂപം മനസ്സിലുണ്ടാക്കി കൂടെയിറങ്ങി.

ഗ്രൗണ്ടു കടന്ന് ലേഡീസ് ഹോസ്റ്റൽ റോഡിലേയ്ക്കാണല്ലോ പോകുന്നത്!!
അവിടെയാണോ കച്ചേരി? ചോദിച്ചില്ല, സുഹൃത്തിനെ അവിശ്വസിയ്ക്കരുതല്ലോ.

ഏകദേശം ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലെത്തിയപ്പോൾ സുനിൽ -
"തോർത്ത് തലയിലിട്"

കാര്യങ്ങൾ വിചാരിച്ചപോലെയല്ലെന്നു മനസ്സിലായി. പക്ഷെ ഇനി മറ്റൊരു മാർഗ്ഗമില്ല.
തോളിലിടാൻ കൊണ്ടുവന്ന തോർത്ത് തലവഴിയിട്ടു മൂടി.
സുനിൽ അരയിൽ കെട്ടിയിരുന്ന തോർത്തു തലയിലിട്ടിട്ട്, കുഴലെടുത്തു വായിയ്ക്കാൻ തുടങ്ങി.
അപ്പോൾ, ലേഡീസ് ഹോസ്റ്റലിന്റെ ഒന്നാംനിലയിലെ ചില മുറികളിൽ വെളിച്ചം തെളിഞ്ഞു, ഒന്നൊന്നായി..

എന്നോട് ഫ്ലൂട്ട് വായിയ്ക്കാൻ സുനിൽ ആംഗ്യം കാണിച്ചു. മടിച്ചപ്പോൾ കണ്ണുരുട്ടിക്കാണിച്ചത് ഞാൻ ഇരുട്ടത്ത് കണ്ടില്ലെന്നു നടിച്ചു.
കോളേജിൽ ഫ്ലൂട്ടിൽ കീർത്തനം വായിക്കാൻ അറിയുന്നത് എനിയ്ക്കുമാത്രമായിരുന്നു.
അപ്പൊ അത് വേണ്ട.. ആളെ പിടികിട്ടും.
ഞാൻ ഓടക്കുഴലെടുത്ത് എന്തൊക്കെയോ വികൃതശബ്ദങ്ങൾ പുറപ്പെടുവിച്ചു.

"ഏതു ...മോനാടാ അവിടെ?"
വാച്ച്മാൻ ടോർച്ചടിച്ചു നോക്കുകയാണ്. പറ്റാവുന്നത്ര പിടിച്ചുനിന്നിട്ട് ഓടിരക്ഷപ്പെട്ടു.

പിന്നെയാണ് സുനിൽ കാര്യങ്ങൾ പറഞ്ഞത്. 
അവന് ലേഡീസ് ഹോസ്റ്റലിൽ കുറച്ചു ലൈനുകൾ ഉണ്ടത്രേ. ഈ വായനയാണ് സിഗ്നൽ. അപ്പൊ അവർ ലൈറ്റിട്ടു മറുപടി കൊടുക്കും.

അപ്പോഴേയ്ക്കും, പ്രകൃതിനിയമങ്ങൾക്കു വഴങ്ങിക്കൊടുക്കാം എന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു. പക്ഷെ, രണ്ടു കൈകൾ കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ?

അടുത്ത കുറച്ചു ദിവസങ്ങളിൽ വീണ്ടും ഞാൻ കുഴലുമെടുത്ത് സുനിലിന്റെ കൂടെയിറങ്ങി. ഒന്നാംനിലയിൽ തെളിയുന്ന ലൈറ്റുകളിൽ ഒന്നുരണ്ടെണ്ണം എനിയ്ക്കു വേണ്ടിയാണെന്നു സങ്കൽപ്പിച്ച് നിർവൃതിയടഞ്ഞു.


ഒരു ദിവസം സുനിൽ പറഞ്ഞു.
"നീ ഇങ്ങനെയൊന്നും ആയാൽ പോരെടാ.. ഒന്നു പ്രേമിയ്ക്ക്."

"അതിപ്പോ ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ.. നടക്കണ്ടേ?"

"വഴിയൊക്കെ ണ്ട്.. ശരിയാക്കാം. എന്റെ വീടിന്റെ അടുത്ത് നല്ലൊരു കുട്ടി ണ്ട്. നിനക്കു നന്നായി ചേരും."
അന്ന് കൃതജ്ഞതയാൽ അവന്റെ കാലുപിടിച്ചില്ല എന്നെ ഉള്ളൂ. ഇതിലപ്പുറം എന്താണ് ഒരു സുഹൃത്തിന് ചെയ്യാൻ കഴിയുക!!
അവന്റെ പേര് അസുവർണ്ണലിപികളിൽ ഞാനെന്റെ ഹിസ്റ്ററിബുക്കിൽ രേഖപ്പെടുത്തി.


പിന്നെ ഒരാഴ്ച്ച പരിപാടി ആസൂത്രണം തന്നെയായിരുന്നു.
കുട്ടിയുടെ പേര് സുലോചന. 
ഒലവക്കോട് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്നു. വീട്ടിൽനിന്ന് പോയിവരുകയാണ് ദിവസവും.
ബസ്‌സ്റ്റോപ്പിൽ ഇറങ്ങി കോളേജിലേയ്ക്ക് ഒരു 10 മിനിറ്റ് നടക്കണം. അതിനുള്ളിൽ ആണ് നമ്മുടെ സ്ക്രിപ്റ്റ് നടപ്പിലാക്കേണ്ടത്.

നമ്മൾ കുട്ടികാണാതെ ഒളിച്ചിരിയ്ക്കും. കുട്ടിനടക്കുമ്പോൾ ഞാൻ പുറകെ പോയി സംസാരിയ്ക്കണം.

അങ്ങിനെ ആ ദിവസം വന്നെത്തി. നേരത്തെ തന്നെ ഞങ്ങൾ ഒലവക്കോട് ബസ്‌സ്റ്റോപ്പിലെത്തി ഒളിച്ചിരുന്നു.


"ഡാ... അതാ പോണു. പോ പോ..എല്ലാം പറഞ്ഞപോലെ ട്ടോ" 
സുനിൽ എന്നെ തള്ളിവിട്ടു.
പാറപ്പുറത്തു നിന്ന് ഇരയുടെമേൽ ചാടിവീഴുന്ന കടുവയെപ്പോലെ ഞാൻ കുതിച്ചു.

പുസ്തകങ്ങൾ മാറത്തടക്കിപ്പിടിച്ച് നടന്നുപോകുന്ന പാവാടക്കാരിയുടെ ഒപ്പമെത്തി നടന്നു.
"ഹലോ"

ആ കുട്ടിയോടു തന്നെയാണ് എന്നു മനസ്സിലാക്കാൻ കുറച്ചുകൂടി അടുത്തെത്തി ഉറക്കെ വീണ്ടും പറഞ്ഞു.
"ഹലോ"

കടുവയെക്കണ്ട കുട്ടി ഞെട്ടി, പരിഭ്രമിച്ചു ചോദിച്ചു. "ങേ? എന്താ?"

"എന്താ കുട്ടിടെ പേര്?"
വേറെ ഒന്നും കിട്ടിയില്ല, ഇങ്ങിനെത്തന്നെയാണോ എന്തോ പ്രേമിയ്ക്കുന്നത്!!

കുട്ടിടെ പരിഭ്രമം മാറിയിട്ടില്ല. "അറിഞ്ഞിട്ടെന്തിനാ?"

അതു ശരിയാണല്ലോ. എന്തുപറയും? പ്രേമിയ്ക്കാനാണെന്നു പറയാൻ പറ്റില്ല.
അതിനല്ലാതെ പേരറിഞ്ഞിട്ട് എനിയ്ക്കു വേറെ ആവശ്യവുമില്ല.
ഞാൻ അവിടെനിന്ന് തലപുകഞ്ഞാലോചിച്ചു.

സ്വബോധം വന്നപ്പോഴേയ്ക്കും കുട്ടി വളരെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു.
ഒന്നോടിയാൽ ഒപ്പമെത്താം. എന്നിട്ടെന്തു പറയും?

തിരിച്ചു നടന്നു.

----------------------------------------------------

"അബേ, നാട്ടക് മത്ത് കർനാ ..."
"സാബ്" എന്നുവിളിച്ചു സംഭാഷണം തുടങ്ങിയവനാണ്!!
ഇപ്പൊ വെറും ഒരുത്തനായി മാറിയ ഞാൻ അവന്റെ മുന്നിൽ നാടകം കളിയ്ക്കുകയാണത്രെ!!

:
ഡൽഹിയിലെ വിഖ്യാതമായ സരോജിനി നഗർ മാർക്കറ്റ്..
ഞാനും നിഖിലും കൂടി ഷോപ്പിങ്ങിനിറങ്ങിയതാണ്.

ജോലികിട്ടി ഡൽഹിയിലെത്തിയിട്ട് കുറച്ചായി. നിഖിലാണ് പറഞ്ഞത് ഇത്രകാലമായിട്ടും സരോജിനിനഗറിൽ പോയി ഷോപ്പിങ് ചെയ്തില്ലെങ്കിൽ മഹാമോശമാണെന്ന്.
നല്ല ഗുണമേന്മയുള്ള സാധനങ്ങൾ ചുരുങ്ങിയവിലയ്ക്കു കിട്ടുമത്രേ.

നിഖിൽ കൂടെ വർക്ക് ചെയ്യുന്ന ഹിന്ദിക്കാരനാണ്.
ഹിന്ദിക്കാരനോടു കൂട്ടുകൂടിയാൽ രണ്ടുണ്ടു കാര്യം..
സാമ്പാറും തൈരുവടയും കഴിയ്ക്കുന്ന ടിപ്പിക്കൽ "സാലാ മദ്രാസി" ആണെന്ന അവന്റെ തോന്നൽ മാറിക്കിട്ടും.
ഹിന്ദിക്കാരുടെ ഇടയിൽ നല്ലപിടിപാടാണെന്ന ധാരണയിൽ സാലാമദ്രാസികളുടെ ബഹുമാനവും കിട്ടും.

സരോജിനിനഗർ ചുറ്റികാണുകയായിരുന്നു, പ്രത്യേകിച്ചൊന്നും വാങ്ങാനില്ല.
വഴിവക്കത്തെ ഭഗീരഥന്മാർ അവരുടെ സാധനങ്ങൾ വിറ്റഴിക്കാൻ പ്രയത്നിയ്ക്കുന്നു.
ഒരാളുടെ തൊണ്ടകീറിയുള്ള വിളികേട്ടിട്ടാണോ, വർണ്ണപ്പകിട്ടു കണ്ടിട്ടാണോ എന്നറിയില്ല കണ്ണൊന്നുതെറ്റി വിൽക്കാൻ വെച്ചിരിയ്ക്കുന്ന ചുരിദാറുകളിൽ പതിഞ്ഞു.
ഉടൻ തന്നെ ആ ഭഗീരഥ്  ഒരു ചുരിദാറെടുത്തു കയ്യിൽ തന്നു.

ചുരിദാർ എനിയ്ക്കെന്തിനാ? പക്ഷെ അദ്ദേഹം അതു തിരിച്ചുവാങ്ങിയില്ല.
"ആരേ സാബ്, സിർഫ് ദേഖോ നാ! ദേഖ്നേ കേലിയേ പൈസാ നഹി ലഗ്ത്താ"
നോക്കാൻ പൈസവേണ്ടത്രേ, ആയിക്കോട്ടെ.

3000 രൂപയ്ക്കു തരാമെന്നു ആദ്യം പറഞ്ഞു. വേണ്ടെന്നു ഞാനും.
രണ്ടായിരത്തിന്റെ ലേലം മൂന്നുവട്ടം വിളിച്ചു, ഞാൻ ഉറപ്പിച്ചില്ല.
1500, 1200, ..... 900

മൂവായിരം രൂപ വിലയുള്ള സാധനം ഞാൻ തൊള്ളായിരത്തിനു പോലും വാങ്ങാത്തത് അവനെ അപമാനിയ്ക്കാൻ വേണ്ടിയാണത്രെ..
അവസാനം... 
"ബോലോ, കിത്നാ ദോഗേ?
അപമാനഭാരവും സഹിച്ച് ആ മഹാത്മാവ് എന്നോട് ഒരു വിലപറയാൻ പറയുകയാണ്.

എന്നിട്ടും, "ചുരിദാർ എനിയ്ക്കു വേണ്ട" എന്നു തീർത്തു പറഞ്ഞപ്പോളാണ് "അബേ" എന്ന ഞാൻ നാടകം കളിയ്ക്കുന്ന ലെവലിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയത്.

കടക്കാരന്റെ കൈ എന്റെ കോളറിലേയ്ക്ക് നീങ്ങി. 
ഞാൻ നെഞ്ചുവിരിച്ചു നിന്നു, അന്ന് ഞാൻ കോളറില്ലാത്ത ടീ ഷർട്ടാണ് ഇട്ടിരുന്നത്.
എന്റെ ധൈര്യം കണ്ടിട്ട് അവൻ ഒന്നു പിൻമാറി.

നിഖിൽ എന്നെ ഒരുവശത്തേയ്ക്കു മാറ്റിനിർത്തി, തൊള്ളായിരത്തിന് അതു വളരെ ലാഭമാണെന്നും വാങ്ങി ഗേൾഫ്രണ്ടിനു കൊടുക്കാനും പറഞ്ഞു. 

തർക്കിച്ചിട്ടു കാര്യമില്ല, ഒരു സാധനം കൈകൊണ്ടുതൊട്ടാൽപ്പിന്നെ വാങ്ങിയേ മതിയാവൂ എന്നാണത്രേ അവിടത്തെ നിയമം!!

അതിനു പുറമെയാണ് അടുത്ത ഈ കുരിശ്!!
ഗേൾഫ്രെണ്ടൊന്നും ഇല്ലെന്ന് ഇവനെ പറഞ്ഞുമനസ്സിലാക്കുന്നതിലും എളുപ്പം 900 രൂപ ചിലവാക്കുന്നതാണ്.
അവന്റെ കണ്ണിലും ഞാൻ ഇനി "അബേ" ആവണ്ട. തൽക്കാലം ഒരു ഗേൾഫ്രണ്ടിനെ എവിടന്നു കിട്ടും?

അപ്പോഴാണ് സുലോചന സഹായത്തിന് മനസ്സിലേക്കു തള്ളിക്കയറിവന്നത്.
ആ ചുരിദാർ സുലോചന ഇട്ടാൽ എങ്ങിനെയുണ്ടാവും എന്നു സങ്കൽപ്പിയ്ക്കുന്നത് ഞാൻ നിഖിൽ ഗുപ്തയുടെയും കടക്കാരൻ കുത്തയുടെയും മുന്നിൽ ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചു.

നിഖിലിന്റെ പിടിപാടുപയോഗിച്ച് അവസാനം 875 രൂപയ്ക്ക് സാധനം വാങ്ങി അവിടന്ന് ഓടിരക്ഷപ്പെട്ടു.

--------------------------------------------------

"ഇതെപ്പൊ വാങ്ങി ഏട്ടാ?"
പ്രിയതമയാണ്. 
കയ്യിൽ സുലോചനയുടെ ചുരിദാർ!!

ഇത്രയും കാലം ആരും കാണാതെ പെട്ടിയുടെ അടിയിൽ ഒളിപ്പിച്ചുവെച്ചിരിയ്ക്കുകയായിരുന്നു. ഇന്നത്തെ ശുദ്ധികലശത്തിനിടയിൽ കിട്ടിയതാണെന്നു തോന്നുന്നു.
രക്ഷപ്പെട്ടേ തീരൂ.

"ഓ അതു കിട്ടി അല്ലെ? നമ്മുടെ എൻഗേജ്മെന്റിനു നിനക്കു തരാൻ വേണ്ടി വാങ്ങിവെച്ചതായിരുന്നു. ഞാൻ അതു തിരയാത്ത സ്ഥലമില്ല. ഇപ്പോഴെങ്കിലും കിട്ടിയത് നന്നായി."

:
ഞായറാഴ്ച മാൽവിയാ നഗറിലെ ധാബയിൽ പോയി കഴിയ്ക്കാമെന്ന് ശ്രീമതി നേരത്തേ പറഞ്ഞുവെച്ചിരുന്നു. അതിനു തയ്യാറെടുത്തപ്പോൾ സുലോചന മനസ്സിൽ കയറി വന്നോ?
രണ്ടും കൽപ്പിച്ചു പറഞ്ഞു.
"പ്രിയേ, ഇന്ന് ആ മഞ്ഞച്ചുരിദാർ ഇട്ടാൽ മതി.. അന്നു പെട്ടിയിൽ നിന്നു കിട്ടിയില്ലേ? അത്"

പ്രിയ ആ ചുരിദാർ ഇട്ടു വരുമ്പോൾ ഞാൻ അതിനുള്ളിൽ സുലോചനയെ കാണുമോ? ഏയ്, പാടില്ല.

"അതു ഞാൻ സുലുവിനു കൊടുത്തു"
പ്രിയയുടെ മറുപടിയാണ് മനോരാജ്യത്തു നിന്നു തിരിച്ചു കൊണ്ടുവന്നത്.

അവൾ എന്റെ മനസ്സുവായിയ്ക്കുകയായിരുന്നോ?
അതോ, ഇനി ഹിന്ദി സിനിമയിലൊക്കെ കാണുന്നതു പോലെ ഇവളുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാവുമോ സുലോചന?

ഇത്തരം സന്ദർഭങ്ങളിൽ പതറിക്കൂടാ..
"ഏതു സുലു?"

"അതിന് നിങ്ങളെന്തിനാ പരിഭ്രമിയ്ക്കുന്നത്? 
നമ്മുടെ സുലു!! ഇന്നുരാവിലെ വന്നപ്പോൾ ഞാൻ എടുത്തുകൊടുത്തു. എനിയ്ക്കതത്ര ഇഷ്ടപ്പെട്ടില്ല. പിന്നെ പഴയതുമല്ലേ? അവളെങ്കിലും ഇടട്ടെ"

ഓ, സുലു!!
വീട്ടുപണിയ്ക്ക് എന്നും രാവിലെ വരുന്ന സുലേഖ എന്ന ഹിന്ദിക്കാരി!!

"നന്നായി"
പറയുന്ന മറുപടിയിലല്ല, ശ്വാസം ഒന്നു നേരെയാക്കുന്നതിലായിരുന്നു ശ്രദ്ധമുഴുവൻ.

കർമഫലം!!
സുലുവിനു വെച്ചത് സുലുവിനു തന്നെ കിട്ടിയല്ലോ, പ്രിയയെ അത് അണിയിച്ച പാപഭാരം ചുമക്കേണ്ടല്ലോ, എന്നൊക്കെ സ്വയം സമാധാനിച്ചു.

അല്ലെങ്കിലും, ഇത്രകാലം അത് സൂക്ഷിച്ചത് എന്തിനായിരുന്നു?
സുലോചന എന്ന ഒരു നിമിഷം മാത്രം കണ്ട, ഒരുവാക്കു മാത്രം മിണ്ടിയ ഏതോ ഒരു പെണ്ണിനു വേണ്ടിയോ?
എനിയ്ക്കും ഒരു ഗേൾ ഫ്രണ്ട് ഉണ്ട് എന്ന് ലോകത്തിനെ കാണിയ്ക്കാനുള്ള  സാക്ഷിപത്രം മാത്രമായിരുന്നല്ലോ അത്!!
കല്യാണം കഴിഞ്ഞാൽ പിന്നെ എന്തു ഗേൾഫ്രണ്ട്!!

അപ്പൊ അത് എടുത്തുവെച്ചതിന് ഫലമുണ്ടായില്ല എന്നു വിചാരിയ്ക്കേണ്ട കാര്യമില്ല.
"മാ ഫലേഷു സുലോചന" എന്നല്ലേ ഭഗവാൻ കൃഷ്ണൻ പറഞ്ഞിരിയ്ക്കുന്നത്!!

--------------------------------------------

"ആടാം പാടാം ആരോമൽ ചേകവർ പണ്ടങ്കം വെട്ടിയ കഥകൾ...."

അനിയനും ഞാനും സാങ്കല്പികകുതിരകളുടെ മുകളിൽ കയറി വടക്കൻവീരഗാഥ കളിയ്ക്കുകയായിരുന്നു. തെങ്ങിൻപട്ടയുടെ തണ്ടു വെട്ടിയുണ്ടാക്കിയ വാളുകൾ!!

അങ്കം മുറുകിയപ്പോൾ എനിയ്ക്ക് ആവേശം കയറി. അടുത്തുകണ്ട കറിക്കത്തിയെടുത്ത് ഞാൻ ശത്രുവിനു നേരെ വീശി.
"ശിവ ശിവ!! എന്താ കുട്ടീ ഈ കാണിയ്ക്കണ്?!! കത്തി നിലത്തു കുത്ത്.."
മുത്തിയാണ്!!

ആരുടേയും നേർക്ക് ആയുധം വീശരുതത്രെ.. വീശിയാൽ അത് നിലത്തുകുത്തി നിർവീര്യമാക്കണം. അല്ലെങ്കിൽ അപകടമാണ്.


അതുപോലൊരു കാര്യം നിഖിലും പറഞ്ഞിരുന്നു.
സിഖുകാർ അവരുടെ "ഖുക്രി" പുറത്തെടുത്താൽ ചോര കാണിയ്ക്കാതെ ഉറയിൽ തിരിച്ച് ഇടില്ലത്രേ. 
ഒരു നിവൃത്തിയുമില്ലെങ്കിൽ സ്വന്തം വിരൽ ചെറുതായി ഒന്നു മുറിച്ചിട്ടെങ്കിലും ചോരകാണിയ്ക്കണം!!

:

എന്റെനേരെ ഓങ്ങിയ സുലോചനയുടെ ചുരിദാർ, തനി മലയാളി സ്റ്റൈലിൽ നിലത്തുകുത്തി നിർവീര്യമാക്കിയ പ്രിയയോട് അളവറ്റ ആദരവു തോന്നി.

സിഖ് രീതിയിലായിരുന്നെങ്കിൽ ഇവിടെ ഒരു ചോരപ്പുഴ ഒഴുകിയേനേ!!

-----------------------------------------------------




                                                                                          സതീഷ് മാടമ്പത്ത്

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...