ഉമാവെങ്കടേശം


"നിങ്ങൾക്ക് "ഓ.സി.ഡി." യുടെ ലക്ഷണങ്ങൾ കാണുന്നുണ്ടല്ലോ." 
"കടവുളേ...."
നെഞ്ചത്തടിച്ചുകൊണ്ട്, ഉമാമഹേശ്വരി ബോധംകെട്ടു പുറകിലേയ്ക്കു മറിഞ്ഞു.
ആറു മുളം മുല്ലപ്പൂവിന്റെയും ആറു മുളം കനകാംബരത്തിന്റെയും ഹെൽമെറ്റ് ഉണ്ടായിരുന്നതു കൊണ്ട് തലയ്‌ക്കൊന്നും പറ്റിയില്ല.
മുപ്പതു പവന്റെ പടച്ചട്ടയുള്ളതുകൊണ്ട്, നെഞ്ചിനും..
രണ്ടു നേഴ്സുമാരും, ഒരു ഡോക്ടറും, ഒരേയൊരു കണവനും ചേർന്ന് താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി.
:
തിരിച്ചു പോകുന്നവഴി ഉമാമഹേശ്വരി ഒരക്ഷരം ഉരിയാടിയില്ല. വലിയ അസുഖം ആണെന്നറിഞ്ഞാൽ അങ്ങിനെയൊക്കെ വേണമെന്ന് അവൾക്കറിയാമായിരുന്നു.  മറക്കാതെ മുഖം വീർപ്പിച്ചു പിടിയ്ക്കണമെന്നും.
മാരുതി എണ്ണൂറ് അഗ്രഹാരവീഥിലേക്കു കടന്ന്, വീട്ടുവാസലിൽ നിന്നതും ഡോർ തുറന്ന്, "ങാ.. ഹാ.. ഹാ.." എന്ന് ശ്രുതിചേർത്തു കരഞ്ഞ്, ഇടനാഴിയുടെ ഒത്തനടുവിലൂടെ ഓടിപ്പോയി, കട്ടിലിന്റെ ഒത്തനടുക്ക് കമഴ്ന്നടിച്ചു വീണു.
--------------------------------------------

ഉമാമഹേശ്വരി!! ആ ഗ്രാമത്തിന്റെ ചെല്ലോ!!
അവിടെ ജനിച്ച്, അവിടെത്തന്നെ ഉരുണ്ടുനടന്നു കളിച്ചു വളർന്നവൾ..
കണ്ടാലൊരു കുട്ടിയാനയെ ഓർമിപ്പിയ്ക്കുമെങ്കിലും, ഐശ്വര്യവതിയായ, സർവ്വഗുണസമ്പന്നയായ, പെർഫെക്റ്റ് മഹിളാരത്നം!
ദുർബ്ബലഹൃദയ..
പരോപകാരി..

എല്ലാരും പറയും. "നമ്മ ഉമാവാ? അതൊര് കഥയില്ലാത പൊണ്ണാച്ചേ"
അപ്പോഴൊക്കെ ഉമ മനസ്സിൽ വിചാരിയ്ക്കും.
"കഥയില്ലെങ്കിൽ വേണ്ട. പാട്ട് ഇര് ക്കേ. കഴിഞ്ഞ അഞ്ചുവർഷവും, രഥോത്സവത്തോടനുബന്ധിച്ച സംഗീതമത്സരത്തിൽ ഫസ്റ്റ് എനക്ക് താനേ?" 
എന്നിട്ട് ചുണ്ടു കൂർപ്പിച്ചു പിടിച്ച്, ഇടത്തോട്ടും വലത്തോട്ടും തുല്യമായി ചലിപ്പിച്ച് നടുവിൽത്തന്നെ കൊണ്ടുനിർത്തും.
പാട്ടുമാത്രമല്ല, വീണവായനയും ഉണ്ട്.
എം.എ. മ്യൂസിക്!!

കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ ഉമയുടെ കഴിവുകളെല്ലാം വെങ്കിടിയ്ക്കു മനസ്സിലാക്കാൻ പറ്റി.
സംഗീതത്തിനു പുറമെ എല്ലാ മെക്കാനിസവും അറിയാം.
പൈപ്പ് പൊട്ടുമ്പോൾ..
കുക്കറിന്റെ പിടി ലൂസ്സാവുമ്പോൾ..
ടോയ്‌ലറ്റ് ഫ്ലഷ് പ്രവർത്തിയ്ക്കാതാവുമ്പോൾ..
സ്‌കൂട്ടറിന്റെ സ്‌പാർക്പ്ലഗ് കേടാവുമ്പോൾ..
വെള്ളമടിയ്ക്കുന്ന മോട്ടോർ സ്റ്റാർട്ട് ആവാതിരിയ്ക്കുമ്പോൾ.. 
അപ്പോഴൊക്കെ അപ്പാവുടെ പഴയ ടൂൾബോക്സെടുത്തുകൊണ്ടുവന്ന് ഉമ പ്രശ്നം പരിഹരിയ്ക്കും.

സ്‌കൂട്ടർ ഓടിച്ചിട്ടാണ് എല്ലായിടത്തും പോകുന്നത്.
പാചക വിദഗ്ദ്ധ!!
രഥോത്സവത്തിന്, ഊരുവലത്തിൽ അവിടത്തെ പുരുഷകേസരികൾക്കൊപ്പം ഡാൻസും ആർപ്പുവിളിയുമായി മുന്നിൽത്തന്നെയുണ്ടാവും.

ഒരേയൊരു പ്രശ്നമേ വെങ്കിടിയ്ക്കു തോന്നിയിട്ടുള്ളൂ. പ്രശ്‌നമല്ല, തനിയ്ക്ക് ആ ലെവലിൽ എത്താൻ പറ്റാത്തതു കൊണ്ടാവും.
എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയിരിയ്ക്കണം. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല.
കോലം പോടുന്നത് വാസലിന്റെ ഒത്തനടുക്കാവണം.
ഭിത്തിയിൽ ഫോട്ടോ തൂക്കുമ്പോൾ ലെവലായിരിയ്ക്കണം.
ഇടവഴിയിലൂടെ നടക്കുമ്പോൾ അറിയാതെ ഒരു ഭിത്തിയിൽ കൈ തട്ടിപ്പോയാൽ, മറുഭിത്തിയിൽ മറ്റേകൈ തൊട്ട് ബാലൻസ് ചെയ്യണം.
കട്ടിലിൽ മലർന്നു കിടക്കുമ്പോൾ നോക്കുന്നതിന്റെ ഇരുവശത്തും ഒരേ എണ്ണം കഴിക്കോലുകൾ വരണം.

സാധനങ്ങൾ വാങ്ങാൻ കടയ്ക്കുപോകുമ്പോഴാണ് വെങ്കിടിയ്ക്ക് ഏറ്റവുമധികം ടെൻഷൻ.
കടയിൽ നിന്ന് ഫോണിൽ വിളിച്ച് ഒന്നു കൂടി ഉറപ്പാക്കും.
"ഉമാ, കായ്‌കറി എന്നാ വാങ്കണം മ്മാ?"
"നാല് തക്കാളി, പത്ത് വെണ്ടക്കായ്, വെങ്കായം ആറ്, ബീൻസ് പതിനാറ്....... കറക്റ്റാ വാങ്കീട്ടു വാങ്കോ എന്ന?"

എന്നിട്ടും, ഒരു ദിവസം...
വാങ്ങിയ പതിനാറു ബീൻസിൽ രണ്ടെണ്ണത്തിന് നീളം കുറഞ്ഞുപോയതു കണ്ട് അവളുടെ കൺട്രോൾ പോച്ച്. ഒരേ നീളത്തിൽ വാങ്ങാൻ പ്രത്യേകം പറഞ്ഞുവിട്ടതാണ്.
സമനിലതെറ്റിയ ഉമ അന്ന് രണ്ടു തക്കാളി, അഞ്ചു വെണ്ടയ്ക്ക, മൂന്നു വെങ്കായം വീതം കൃത്യമായി വെങ്കിടിയുടെ തലയുടെ ഇരുവശത്തും അടിച്ചുടച്ചു ബാലൻസ് ചെയ്‌തു.
കൊടുങ്കാറ്റു പോലെ അടുക്കളയിലേക്കോടി, രണ്ടു സ്റ്റീൽകിണ്ണങ്ങൾ അന്യഗ്രഹപേടകങ്ങൾ പോലെ പുറത്തേയ്ക്കു പറത്തിവിട്ടു.
കട്ടിലിന്റെ ഒത്തനടുക്കുപോയിവീണ് "ങാ.. ഹാ.. ഹാ.." എന്ന് അഞ്ചരക്കട്ടയിൽ അരമണിനേരം അഴുതു.
അനന്തരം എണീറ്റുപോയി, തിണ്ണയിൽ താടിയ്ക്കു കൈകൊടുത്തിരിയ്ക്കുന്ന വെങ്കിടിയുടെ കാൽക്കീഴിൽ വീണു.
"മന്നിച്ചിടുങ്കോ മാമാ.. ഇത് നാൻ മനപ്പൂർവം സെഞ്ചതല്ലൈ. എല്ലാം കറക്റ്റ് ഇല്ലെ നാ എനക്ക് പൈത്യം പുടിയ്ക്കും. ഉങ്കള് ക്ക് തെരിയാതാ?"

വേറൊരു ദിവസം, കൃത്യമായി അളന്നുമുറിയ്ക്കാൻ സ്കെയിൽ കിട്ടാത്തതുകൊണ്ട് ഉണ്ടാക്കിയ മൈസൂർപ്പാ ചവറ്റുകൊട്ടയിലിട്ടു.
ശേഷം അഞ്ചരക്കട്ട, പ്ളേറ്റ്, പിന്നെ "മന്നിച്ചിടുങ്കോ മാമാ.."
ക്രമേണ വെങ്കിടിയ്ക്ക് ആ സ്ക്രിപ്റ്റ് ശീലമായി.

കാര്യങ്ങൾ അങ്ങിനെ പെർഫെക്റ്റായി പോയിക്കൊണ്ടിരിയ്ക്കുമ്പോഴാണ്, ഇന്നു രാവിലെ ഉമാമഹേശ്വരി തലകറങ്ങിവീണതും ഡോക്ടറെ കണ്ടതുമൊക്കെ..
----------------------------------------------------------

ഭാഗ്യംമാമി കയ്യിൽ ഒരു സഞ്ചിയുമായി ഓടുന്നതുകണ്ട് അഗ്രഹാരവാസികൾ അമ്പരന്നു.
"എന്നാച്ച് മാമീ? എങ്ക ഓടറീങ്ക?"
"ഓ, അറിഞ്ഞില്ലേ? നമ്മ ഉമാമഹേശ്വരിക്ക് എതോ പെരിയ വ്യാധിയാക്കുമാ.. ആപ്പിൾ കൊണ്ട് പോറേൻ"

എല്ലാ മാമിമാരും പണികൾ നിർത്തിവെച്ച് ഇറങ്ങിയോടി. 
പഴം, ഓറഞ്ച്, പപ്പായ, ചക്ക, ബ്രെഡ് എന്നിങ്ങനെ പെട്ടെന്നുകിട്ടിയത് കയ്യിലെടുത്തു.
ശാരദാമാമിയുടെ വീട്ടിൽ അവലോസുണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"എന്തായാലും അവിടെ പോയിരുന്ന് നമ്മൾ തന്നെ തിന്നണം. അപ്പൊ ഇത് മതി.. ഒന്നുമില്ലാതെ കയ്യും വീശി പോകുന്നതെങ്ങനെയാ!!"
പത്തുനിമിഷത്തിനുള്ളിൽ ആ തെരുവിലെ, എഴുന്നേറ്റു നടക്കാവുന്ന എല്ലാ മാമിമാരും ഉമയുടെ ആത്തിലെത്തി.

അവരെ ഉയരക്രമത്തിൽ, സമമായി കട്ടിലിന്റെ രണ്ടുവശത്തും ഇരുത്തിയിട്ട് ഉമ നെഞ്ചത്തടി തുടങ്ങി.
"എൻ മാമീ.. എനക്കിപ്പിടി? നാൻ യാര്ക്കും ഒരു ദ്രോഗവും പണ്ണലിയേ!!"
സമാധാനിപ്പിയ്ക്കാൻ എഴുന്നേറ്റ മാമിമാരോട് സിമ്മെട്രി തെറ്റിക്കാതെ വരാൻ കണ്ണുരുട്ടിക്കാണിച്ചിട്ട്, വീണ്ടും കട്ടിലിൽ കമഴ്ന്നടിച്ചു വീണു.
"വെങ്കിടി എങ്കേ? പൊമ്പിളെയെ ഇപ്പടി വിട്ടിട്ട് ആപ്പീസ് പോയിരുക്കാ.. സാമദ്രോഗി.."

അതിനുള്ളിൽ കുറച്ചു മാമിമാർ അടുക്കള കയ്യടക്കി തൈരുസാദം, പുളിസാദം, അപ്പളം, രസം, പൊരിയൽ ഒക്കെ ഉണ്ടാക്കിത്തുടങ്ങിയിരുന്നു.
ശാരദാമാമിയാണ് നാരങ്ങ കണ്ടുപിടിച്ച് അച്ചാറിന് അരിയാൻ തുടങ്ങിയത്.
"ഊരുകാ ഇല്ലാമെ സാപ്പിടർ ത് എപ്പടി?"
:
:
വെങ്കിടി എത്തിയപ്പോഴേയ്ക്കും എല്ലാവരും ഊണും ഉച്ചമയക്കവും കഴിഞ്ഞ്, നാലുമണിയ്ക്കുള്ള ഫിൽറ്റർകോഫിയും വെങ്കായബജ്ജിയും കഴിച്ച്, തിണ്ണയിൽ താംബൂലം പോട്ടിരിയ്ക്കുകയായിരുന്നു.
രാവിലെ പോകുമ്പോൾ ഒരുകുഴപ്പവുമില്ലാതിരുന്ന ഉമാമഹേശ്വരി വൈകുന്നേരത്തേയ്ക്കു എങ്ങനെ പ്രസവിച്ചു എന്നാണ് വെങ്കിടി അതിശയപ്പെട്ടത്!!
അതല്ലാതെ ഇവിടെ വേറൊരു ആഘോഷം ഉണ്ടാവാൻ തരമില്ല.

വണ്ടിയിൽ നിന്നിറങ്ങിയ ഉടൻ മധുരമാമി മുഖമടച്ച് ആട്ടിയപ്പോഴാണ് ഉത്സവമൊന്നുമല്ലെന്ന് വെങ്കിടിയ്ക്കു മനസ്സിലായത്.
"ഫാ.. നീയെല്ലാം ഒരു പുരുഷനാ? മനൈവിയെ ഇപ്പടി വിട്ടിട്ട് പോണിയേ?"
മനൈവിയ്ക്ക് എന്തുപറ്റി?
പെരിയ വ്യാധിയാണെന്നു കേട്ട ഉടൻ വെങ്കിടി അകത്തേയ്ക്കോടി.
"എന്നാച്ച് ഉമാ? എന്നാ വ്യാധി ഉനക്ക്?"
"എന്നാ കേൾവി ഇത്? നിങ്ങളും കേട്ടതല്ലേ ഡോക്ടർ പറഞ്ഞത്?"
"അതെ.. ഞാൻ കേട്ടു.. നീ മുഴുവൻ കേട്ടില്ലല്ലോ. ബോധംകെട്ടില്ലേ?"
"എനക്ക് എതോ ഇംഗ്ലീഷ് വ്യാധി ആണെന്ന് ഡോക്ടർ പറഞ്ഞപ്പോഴല്ലേ ഞാൻ ബോധംകെട്ടത്? അത് ഞാപഗമില്ലെയാ?"

"ഹ ഹ ഹ ഹ....."
വെങ്കിടി അവിടെ വീണുരുണ്ടു ചിരിച്ചു. മാമിമാർ അന്തംവിട്ടു നിന്നു.
"ഇവന് പൈത്യം പുടിച്ചിടിച്ചാ?"
"എന്നടാ? മാറ്റർക്ക് വാ.. എത് ക്ക് സിരിക്കറേ?  വൈ ആർ യു ലാഫിങ്?"
ചിരിയടക്കാൻ ശ്രമിച്ചുകൊണ്ട് വെങ്കിടി ചോദിച്ചു.
"മാമീ.. OCD ന്നാ എന്നാ തെരിയുമാ ഉങ്കള് ക്ക്?"
"ഇല്ലൈ.. പെരിയ വ്യാധി താനേ? അത് താനേ ഉമാവുക്ക്?"
"മാമീ.. ഉമാവ്ക്ക് മൈസൂർപ്പാ സ്കെയിൽ വെച്ച് അളക്കാതെ മുറിക്കാൻ പറ്റുമോ?"
"മുടിയാത്.."
"ഉമാവ്ക്ക് പല നീളത്തിലുള്ള ബീൻസ് അരിഞ്ഞ് തോരനുണ്ടാക്കാൻ പറ്റുമോ?"
"നോ, മുടിയാത്.."

വെങ്കിടി പെണ്ണുകാണാൻ വന്നിരിയ്ക്കുന്നതു പോലെ ഉമ നാണിച്ചുപോയി.
"പോങ്ക മാമാ.. ഇതെല്ലാം എല്ലോര് ക്കും തെരിഞ്ച വിഷയം താനേ.. ഇപ്പൊ എത് ക്ക് സുമ്മാ.."

"ഡോക്ടറുടെ മുന്നിൽ ഇരുന്ന ഉടൻ മേശപ്പുറത്തിരുന്ന പേപ്പർവെയ്‌റ്റ് എടുത്ത് മേശയുടെ ഒത്തനടുക്കാക്കി വെച്ചു. കസേരകൾ ഒരേ അകലത്തിൽ നീക്കിയിട്ടു. എഴുന്നേറ്റുപോയി കർട്ടനുകൾ രണ്ടുവശത്തേയ്ക്കും തുല്യഅകലത്തിൽ നീക്കിയിട്ടു. അലസമായിട്ടിരുന്ന പുസ്തകങ്ങൾ വൃത്തിയായി അടുക്കി വെച്ചു. ഇതൊക്കെ ചെയ്തത് ഓർമ്മയുണ്ടോ? ഈ ഒരു സ്വഭാവവിശേഷത്തിന് ഡോക്ടർമാർ പറയുന്ന പേരാണ് OCD. അത് അവ്വളവ് പെരിയ വ്യാധി ഒന്നും അല്ലൈ."

"ഓ.. അപ്പൊ പേടിക്കാൻ ഒന്നും ഇല്ല അല്ലെ?"
ഉമയ്ക്ക് അപ്പോഴും ഒരു സംശയം ബാക്കി.
"അപ്പൊ.. യൂറിൻ ടെസ്റ്റ് ഏത് ക്ക്? വൈ?"

"അത് ഇതിനൊന്നുമല്ല. വേറെ ഒരു ടെസ്റ്റ്"
"റിസൾട്ട് വന്നോ?"
"ഉം.. വന്നു.. പോസിറ്റീവ് ആണ്..."

"കടവുളേ..."
ഉമാമഹേശ്വരി പുറകോട്ടുമറിഞ്ഞു. മാമിമാർ താങ്ങി കട്ടിലിൽ കിടത്തി.

"എന്നടാ.. എന്നാച്ച്?"
"പേടിക്കാനൊന്നുമില്ല, നല്ല സമാചാരം താൻ..
കൊളന്തൈ പൊറക്ക പോകുത്...."
വെങ്കിടി കയ്യിലിരുന്ന പൊതി തുറന്നു.
"ലഡ്ഡ് സാപ്പിടുങ്കോ"

കയ്യിലിരുന്ന മറ്റേ പൊതി മേശപ്പുറത്തുവെച്ചിട്ടു പറഞ്ഞു.
"പ്രെഗ്നൻസി ടെസ്റ്റിന്റെ റിസൾട്ട് വരട്ടെ, എന്നിട്ട് അവള് ക്ക് സർപ്രൈസാ  പൊടവയും മല്ലിപ്പൂവും വാങ്കി വന്ത് സായംകാലം സന്തോഷവർത്തമാനം പറയാം എന്നുവെച്ചതാ.... ഇനി ബോധം തെളിയുമ്പൊ കൊടുക്കാം"

മാമിമാരൊക്കെ ലഡ്ഡു പൊട്ടിച്ചു വീതം വെച്ചുതിന്ന്, ഗർഭിണിയ്ക്കും പിറക്കാൻ പോകുന്ന കുളന്തൈയ്ക്കും ആയുരാരോഗ്യസൗഖ്യം നേർന്നു.

"എന്നാൽ അവർ പുരുഷനും പൊണ്ടാട്ടിയും സ്വൈര്യമായി എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിയ്ക്കട്ടെ, നമുക്കിറങ്ങാം?"

ഭാഗ്യംമാമി പറഞ്ഞു.
"എല്ലോര് ക്കും ഡിന്നർ റെഡിപണ്ണി വെച്ച് ര് ക്കേൻ... അതെന്തു ചെയ്യും?"

"പറവാ ഇല്ലെടീ... അവർ നിമ്മതിയായിരിയ്ക്കട്ടെ. ഡിന്നർ എല്ലോര്ക്കും പാർസൽ പണ്ണിക്കോ"

------------------------------------------------------





 സതീഷ് മാടമ്പത്ത്

Published in "Keralite" 2019


Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...