YouTube Video Link
ആരോ തിന്നു വലിച്ചെറിഞ്ഞ കേരഖണ്ഡം പോലെ ഭാരതാംബയുടെ കാൽച്ചുവട്ടിൽ കിടക്കുന്ന നാട്ടിലെ, തികഞ്ഞ ഒരു മലയാളിയായിരുന്നു കൃഷ്ണൻകുട്ടി.
എല്ലാവരെയും പോലെ തിന്നു, ഉറങ്ങി, സ്കൂളിൽ പോയി, ഒടുവിൽ എഞ്ചിനീയറിംഗ് കോളേജിൽ!!
ഗവണ്മെന്റ് സ്കൂളുകളിലെ സ്ഥിരം ഒന്നാം സ്ഥാനക്കാരനായിരുന്ന കുട്ടി അവിടെ വെച്ച് ആദ്യമായി തോൽവി രുചിക്കുന്നു. പിന്നീട്, ഇതിലും വമ്പന്മാരായ ഇംഗ്ലീഷ് മീഡിയംകാരും തനിക്കു കൂട്ടുണ്ടെന്നും, ഇത് തോൽവി അല്ലെന്നും "സപ്പ്ളി" എന്ന് ഓമനപ്പേരുള്ള, എല്ലാവരും കടന്നുപോവേണ്ട ജീവിതാനുഭവം ആണെന്നുമുള്ള ആത്മീയതത്വം ഗ്രഹിക്കുന്നു. ഇടക്കിടയ്ക്ക് ക്ലാസ് ബഹിഷ്കരിച്ച് ഇംഗ്ളീഷ് സിനിമക്കു പോകാൻ ശീലിക്കുന്നു.
അങ്ങനെയാണ് അദ്ദേഹം ജാക്കി ചാൻ, അർണോൾഡ് എന്നിവർ അടക്കി വാഴുന്ന ആക്ഷൻ സിനിമകളുടെ മായികലോകത്തേക്ക് കടന്നുചെല്ലുന്നത്. അവധിദിവസങ്ങളിൽ, കുട്ടി വീട്ടുകാരുമായി ആ മായികലോകത്തെ കാഴ്ചകൾ പങ്കുവെക്കുന്നു.അമ്മക്ക് ഏറ്റവും ഇഷ്ടമായത് അർണോൾഡ് ശിവശങ്കരനെയാണ്. അത് അർണോൾഡ് ഷ്‌വാർസ്നെഗർ ആണെന്ന് തിരുത്താൻ ശ്രമിച്ചെങ്കിലും അമ്മ ശിവശങ്കരനിൽ തന്നെ ഉറച്ചുനിന്നു. അത് ഒരു ഉർവ്വശീശാപം ആയി എന്ന് പറയാതെ വയ്യ! ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോകുന്നുണ്ടോ എന്ന ചോദ്യം വരാൻ സാധ്യതയുള്ള സന്ദർഭങ്ങളിലൊക്കെ, അർണോൾഡ് ശിവശങ്കരന്റെ കാര്യം പറഞ്ഞ് അമ്മയെ കളിയാക്കി, സംഭാഷണത്തിന്റെ ഗതി തിരിച്ചു വിടാൻ കൃഷ്ണൻകുട്ടിക്കു കഴിഞ്ഞു.
അനന്തരം, പഠിപ്പു കഴിഞ്ഞ് പുറത്തിറങ്ങിയ കൃഷ്ണൻകുട്ടി, ചോര വീണ മണ്ണിന്റെ വിപ്ലവപാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട്, എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുന്ന ബൂർഷ്വാസിയാവാൻ തീരുമാനിക്കുന്നു. ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന അൻപതംഗസംഘം നിറകണ്ണുകളോടെ കുട്ടിയെ ബോംബേയ്ക്ക് തീവണ്ടി കയറ്റിവിടുന്നു.
ഒരു ദിവസം, യാദവകുമാരൻ വീട്ടുകാരെ വിളിച്ച് തന്റെ ധീരമായ അടുത്ത കാൽവെയ്പ്പ് അറിയിക്കുന്നു.
കുത്തകമുതലാളിത്തത്തിന്റെ പ്രതിരൂപമായ അമേരിക്കൻ ഐക്യനാടുകളിലേക്ക് കമ്പനി തന്നെ ഒരു പ്രോജക്ടിന് അയക്കുന്ന കാര്യം!
അമേരിക്കയിലെ ജോലിയും ജീവിതവുമായി കൃഷ്ണൻകുട്ടി വേഗം പൊരുത്തപ്പെട്ടു എന്നുവേണം പറയാൻ!
ഒരേയൊരു പ്രശ്നമാണ് നേരിടേണ്ടി വന്നത് - തന്റെ പേര്!
തന്റെ ആരാധ്യപുരുഷരും സ്ത്രീകളുമായ സായിപ്പന്മാർക്കും മദാമ്മമാർക്കും ശരിക്ക് ഉച്ചരിക്കാൻ പറ്റാത്ത ഒരു പേര്..!! അമേരിക്കൻ ബൂർഷ്വാസികളെ കഷ്ടപ്പെടുത്താൻ മനപ്പൂർവം തനിക്ക് കൃഷ്ണൻകുട്ടി എന്ന് പേരിട്ട വിപ്ലവസിംഹവും സിംഹിയുമായ മാതാ, പിതാ ശ്രീകളെ കുട്ടി മനസ്സുരുകി പ്രാകി..
അമേരിക്കർ പറയുന്ന രീതിയിൽ തന്റെ പേരു പറയാൻ കുട്ടി ആവതും കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ അവരുടെ വ്യത്യസ്ത വകഭേദങ്ങളിൽ നിന്ന് മിസ്റ്റർ കട്ടി എന്നതു മാത്രമാണ് നാവിനു വഴങ്ങിയത്.
അങ്ങനെ കൃഷ്ണൻകുട്ടി, മിസ്റ്റർ കട്ടിയായി ഖ്യാതി നേടി!
അപ്പോഴാണ് സ്വന്തം ടീമിലെ ചെന്നൈ പളനിയപ്പനും, മലപ്പുറം ബീരാൻ കുട്ടിയും തങ്ങളുടെ പേരിന്റെ ഉച്ചാരണം ഒട്ടും ഉളുപ്പില്ലാതെ സായിപ്പിന് പറഞ്ഞു കൊടുക്കുന്നതു കണ്ടത്.
പളനിയപ്പൻ നാവു പലവിധത്തിൽ വളച്ച്, മുഖം കോട്ടി മൂന്നു വിധത്തിൽ "ള" ഉണ്ട് എന്നൊക്കെ കഷ്ടപ്പെട്ട് പ്രസംഗിക്കുന്നതു കണ്ടു. പാളക്കാട്, വാളപ്പളം, വേളാച്ചേരി എന്നിങ്ങനെ ആണത്രേ അവ.
മലപ്പുറംകാരന്റെ പേര് "ബിയർ-ആൻ-കട്ടി" എന്നായി ഭവിച്ചതിന് ഇത്ര കോപിക്കാൻ എന്താണെന്ന് കൃഷ്ണൻകുട്ടിക്ക് മനസ്സിലായില്ല - ബീരാൻകുട്ടിക്ക് ബിയർ ഹറാം ആണെന്ന് അറിയുന്നതു വരെ.
പുച്ഛരസം തിരയടിക്കുന്ന മനസ്സിൽ മിസ്റ്റർ കട്ടി ഉറക്കെ വിളിച്ചു പറഞ്ഞു - "കൺട്രി ഫെലോസ്"!
അങ്ങനെ ഒരു മധ്യാഹ്നവേളയിലാണ്, അപ്പാർട്മെന്റ് കോംപ്ലക്സിൽ കഷ്ടപ്പെട്ട് തിരഞ്ഞുപിടിച്ചു പരിചയപ്പെട്ട മലയാളിയായ മാധവൻ പിള്ള കൃഷ്ണൻകുട്ടിയെ "പനേരാ ബ്രഡ്" എന്ന കടയിൽ കൊണ്ടു പോവുന്നത്. നല്ല ഭക്ഷണം ആണത്രേ. ഒരു പരിചയസമ്പന്നന്റെ മെയ്‌വഴക്കത്തോടെ, ആദ്യം ഓർഡർ ചെയ്യാൻ സന്നദ്ധനായി കുട്ടി മുന്നോട്ടു വന്നു.
"വാട്ട് ക്യാൻ ഐ ഗെറ്റ് ഫോർ യൂ?" കടയിലെ മദാമ്മയാണ്.
"ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു" എന്ന പുച്ഛഭാവത്തിൽ ചുറ്റും നോക്കിയിട്ട് കുട്ടി കൽപ്പിച്ചു. "വൺ പ്ലേറ്റ് പനേരാ ബ്രഡ്"
"എസ്ക്യൂസ് മി?" കുട്ടി പറഞ്ഞത് ഏതോ അന്യഭാഷയായാണ് മദാമ്മ കേട്ടത്..
ആത്മവിശ്വാസം ഒട്ടും കൈ വിടാതെ കുട്ടി മദാമ്മയോടു പറഞ്ഞു, "വൺ മിനുട്ട്".
എന്നിട്ട് പിന്നിലേക്കു തിരിഞ്ഞ് മാധവനോട് -
"ഞാൻ ചോദിച്ച സാധനം ഇവിടെ ഇല്ലെന്നു തോന്നുന്നു. ഇവിടെ എന്താണ് കഴിക്കാൻ നല്ലത്"
മെനുവിലേക്ക് ചൂണ്ടിക്കൊണ്ട് പിള്ള ഒരു നമ്പർ പറഞ്ഞു കൊടുത്തു.
അപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വഷളായത്.
"യുവർ നെയിം ഫോർ ദി ഓർഡർ പ്ളീസ്"...
കൃഷ്ണന്കുട്ടിക്ക് തൊലി ഉരിഞ്ഞുപോവുന്നതായി അനുഭവപ്പെട്ടു.
ആപ്പീസിൽ തൻ മിസ്റ്റർ കട്ടിയായി വിലസുന്നത് പിള്ളക്ക് അറിയില്ലല്ലോ. ഒന്ന് ചൊറിഞ്ഞാൽ അറിയുമോ എന്തോ?
"തളരരുത്, യൂ ക്യാൻ ഡൂ ഇറ്റ്" മുഷ്ടി ചുരുട്ടി തള്ളവിരൽ മേൽപ്പോട്ടാക്കി കുട്ടി സ്വയം പ്രോത്സാഹിപ്പിച്ചു.. എന്നിട്ടു കഴിയുന്നത്ര മുന്നിലേക്കാഞ്ഞ്, പിള്ള കേൾക്കാതെ മദാമ്മയുടെ ചെവിയിൽ മന്ത്രിച്ചു "കൃഷ്ണ"
"ക്യാൻ യൂ സ്പെൽ ഇറ്റ് ഫോർ മി പ്ലീസ്?"
"ഹോ, ഇവൾക്കിനി സ്‌പെല്ലിംഗും അറിയണം. K as in കെനിയ, R as in റഷ്യ, I as in ഇറ്റലി ...."
ഒരു വിധം പറഞ്ഞൊപ്പിച്ചു. നാവിൽ വികട സരസ്വതി വാണരുളി, K as in കേരള, I as in ഇന്ത്യ എന്നൊക്കെ പറയാതിരിക്കാൻ കൃഷ്ണ പ്രത്യേകം ശ്രദ്ധിച്ചു.
പുറകെ വന്ന മാധവൻ പിള്ള അനായാസമായി ഓർഡർ ചെയ്യുന്നത് കണ്ട് കൃഷ്ണ കയ്യടിച്ചു പോയി.
പക്ഷെ, കണ്ണു തള്ളിയത് അപ്പോളല്ല.
തത്തമ്മയെ പറഞ്ഞു പഠിപ്പിച്ചതു പോലെ, ആ സ്വർണ്ണമുടിക്കാരി പിള്ളയോടും ചോദിക്കുന്നു.
"യുവർ നെയിം ഫോർ ദി ഓർഡർ പ്ളീസ്"...
"മൈക്ക് !"
"എന്ത്?" കൃഷ്ണ സ്വയം നുള്ളി നോക്കി, സ്വപ്നമല്ല.
കഴിച്ചു കൊണ്ടിരിക്കുമ്പോൾ കൃഷ്ണയ്ക്ക് ചോദിക്കാതിരിക്കാൻ പറ്റിയില്ല.
"അല്ല, ആ ഓർഡർ ന് മൈക്ക് എന്നാണോ പേര് പറഞ്ഞത്?
"അതെ" ഇത് പകൽ പോലെ ഉള്ള ഒരു യാഥാർഥ്യമല്ലേ എന്ന ഭാവത്തിൽ പിള്ള പ്രതിവചിച്ചു.
"അല്ല, പക്ഷെ അത് നമ്മുടെ പേർ അല്ലല്ലോ."
"അത് നിങ്ങൾ പുതിയ ആൾ ആയതു കൊണ്ട് അറിയാത്തതാണ്. നമ്മുടെ പേരൊന്നും ഇവന്മാർക്കു വഴങ്ങത്തില്ല. അപ്പൊ ഇവിടെ എല്ലാവർക്കും ഒരു അമേരിക്കൻ നെയിം കാണും. നമ്മുടെ ഒഫീഷ്യൽ നെയിം ഒന്നും എല്ലാവിടെയും പറയേണ്ട ആവശ്യം ഇല്ലല്ലോ. ഫോർ എക്സാമ്പിൾ, നിങ്ങളുടെ പേർ കൃഷ്ണൻകുട്ടി. ക്രിസ് എന്ന് പറഞ്ഞാൽ എത്ര എളുപ്പമുണ്ട്!"
"യുറേക്കാ യുറേക്കാ !!"
അന്നേരം ഭൂജാതനായ ക്രിസ് ചാടിയെണീറ്റ് തുള്ളിച്ചാടി. തന്റെ ജീവിതസമസ്യയ്ക്കാണ് ഉത്തരം ലഭിച്ചിരിക്കുന്നത്.
ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം ആക്രോശിച്ചു.
"ഇവിടെ പിള്ളച്ചേട്ടന് രണ്ടു പ്ലേറ്റ് പനേരാ ബ്രഡ്"
അന്നുമുതൽ കൃഷ്ണൻകുട്ടി അമേരിക്കൻ ഐക്യനാടുകളിലെമ്പാടും ക്രിസ് എന്ന് അറിയപ്പെട്ടു.
മെല്ലെ മെല്ലെ പേരിന്റെ ഭാരം ഒരു വിധം ഒഴിഞ്ഞു.
തന്റെ അസ്തിത്വത്തിന്റെ ദൃഷ്ടാന്തങ്ങളായ ഡ്രൈവേഴ്സ് ലൈസൻസ്, പാസ്സ്പോർട്ട് എന്നിവ പുറത്തെടുക്കേണ്ട അഭിശപ്ത നിമിഷങ്ങൾ ഒഴികെ. അപ്പോഴൊക്കെ തന്റെ പൂർവ്വാശ്രമത്തിലെ നാമധേയത്തിൽ ക്രിസ് കാർക്കിച്ചു തുപ്പി. ഇതിനു കൂടി ഒരു പരിഹാരം ആയിരുന്നെങ്കിൽ എന്ന് വിലപിച്ചു, പ്രാർത്ഥിച്ചു!
കാലം കടന്നു പോയി. ക്രിസിന് ഗ്രീൻകാർഡ് കിട്ടി.
ജോലിയിൽ ചെറിയ ഒരു കയറ്റവും.. പളനിയപ്പനും ബീരാനും വേറെ ടീമിലേക്കു പോയി.
അങ്ങനെയിരിക്കെ ഒരുനാൾ, ക്രിസിന്റെ പ്രാർത്ഥന അമേരിക്കൻ ദൈവം കേട്ടു. വരം ഒരു കവറിൽ രെജിസ്റ്റേർഡ് പോസ്റ്റ് ആയി വന്നു.
ക്രിസിന് അമേരിക്കൻ പൗരത്വം സ്വീകരിക്കാനുള്ള യോഗ്യത കൈവന്നിരിക്കുന്നു!
എന്നാൽ, വരദാനം അതല്ല -
പൗരത്വം സ്വീകരിക്കുമ്പോൾ ഇഷ്ടമുള്ള എന്തു പേരും കൈക്കൊള്ളാമത്രെ !. മാമോദീസ മുക്കുന്നതിനു സമാനമായ ചടങ്ങുകൾ ആയിരിക്കണം. മുജ്ജന്മ സുകൃതം!!
അങ്ങനെ ഇന്ത്യൻ കൃഷ്ണൻകുട്ടി തന്റെ പൂർവ്വജന്മപാപങ്ങൾ കഴുകിക്കളഞ്ഞ് അമേരിക്കൻ ക്രിസ് ആയി പുനരവതരിച്ചു..
ക്രിസ് നായർ!!
ആ പേരും, ഒരു പെട്ടി *ബക്ലാവയും കൊണ്ടാണ് അടുത്ത ദിവസം ആപ്പീസിൽ പോയത്. അമേരിക്കൻ പൗരനെ എല്ലാവരും അനുമോദിച്ചു.
* (ബക്ലാവ = അറേബിയൻ മധുരപലഹാരം)
"കോൺഗ്രാജുലേഷൻസ് ക്രിസ് നെയർ"
സായിപ്പിന്റെ തിരുവായ് മൊഴിഞ്ഞപ്പോൾ ആണ്, തന്റെ പേര് എങ്ങനെ ഉച്ചരിക്കണം എന്ന തിരിച്ചറിവ് ക്രിസിന് ഉണ്ടായത്.
"ക്രിസ് നെയർ, ക്രിസ് നെയർ! "
പുതുപുത്തൻ അമേരിക്കൻ പൗരൻ സ്വന്തം പേര് പറഞ്ഞുപഠിച്ചു. മനസ്സിൽ ഉറപ്പിച്ചു. ഇനി മാറില്ല, തീർച്ച!
അങ്ങനെ ഒരു വിധം ഒന്നു സെറ്റിൽ ആയി !
കുറച്ച് സമ്പാദ്യം ഉണ്ട്, എല്ലാവരും സ്വപ്നം കാണുന്ന അമേരിക്കൻ പൗരത്വം കിട്ടി, ജന്മനാ കിട്ടിയ ദുഷ്‌പ്പേര് മാറ്റിക്കിട്ടി.
ഇനി ഒരു കല്യാണം കഴിക്കാം. ക്രിസ് നെയർ കേരളനാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു.
"കൃഷ്ണാ, നല്ലൊരു പേര് എന്തിനാ വെറുതെ മാറ്റിയത്?" അമ്മയാണ്.
"എന്റെ അമ്മേ, നല്ല പേരു തന്നെ! അമ്മയെ പറഞ്ഞിട്ട് കാര്യമില്ല.. ഓർമയില്ലേ, അർണോൾഡ് ശിവശങ്കരൻ!"
വജ്രായുധത്തിനു മുന്നിൽ 'അമ്മ പത്തിമടക്കി.
തോട്ടുവക്കത്ത്, പാടവരമ്പിൽ മാനം നോക്കി കിടക്കുമ്പോഴാണ് പ്രകാശനും, മോഹനനും ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
"ഇപ്പഴാണെടാ നീ ശെരിക്കും ഒരു അമേരിക്കകാരനായത്. ക്രിസ്!! എന്താല്ലേ ആ പേരിന്റെ ഒരു ഗുമ്മ്! നമ്മളൊക്കെ.. പ്രകാശൻ... ത് ഥൂ ..."
ക്രിസിന്റെ മനം നിറഞ്ഞു, കവിഞ്ഞു, തിരയടിച്ചു.
ഒളിച്ചു വെച്ചിരുന്ന ശിവാസ് റീഗലിന്റെ ഒരു കുപ്പി കൂടി എടുത്തു തുറന്നു. ഭക്തിയിൽ ആറാടിയ തോഴർ അമേരിക്കൻ ദൈവപുത്രനെ വീണ്ടും സ്തുതിഗീതങ്ങൾ കൊണ്ട് അഭിഷേകം ചെയ്തു.
അടുത്ത ദിവസം രാവിലെ കുളിച്ച് കുറിയിട്ട്, ക്രിസ് ക്ഷേത്ര ദർശനത്തിനിറങ്ങി..
വഴി നീളെ ആചാരവചനങ്ങളുമായി നാട്ടുകാർ ക്രിസിനെ വരവേറ്റു.
തൻ്റെ വിശേഷങ്ങളൊക്കെ പാണന്മാർ പാടി നടക്കുന്നുണ്ടാവണം! ദൈവപുത്രൻ പ്രസന്നവദനനായി!
അമ്പലത്തിൽ അധികം ആളുകൾ ഇല്ല. ശ്രീകോവിലിൽ നിന്നു പുറത്തേക്കു വന്ന രണ്ടു പേർ എന്തൊക്കെയോ ചേഷ്ടകളിലൂടെ ബഹുമാനം പ്രകടിപ്പിച്ചു.
തിരുമേനി തന്നെ കാണാത്തതാണോ, അതോ അവഗണിച്ചതോ?
ഛെ, അങ്ങനെ വരില്ല. കണ്ടിട്ടുണ്ടാവില്ല.
വാരിയരും തിരുമേനിയും എന്തോ അടക്കം പറയുന്നു. അത് തന്നെപ്പറ്റിയാണെന്നും വെറുതെ തോന്നിയതാവും.
അടുത്ത ദിവസം തിരുമേനി പടിക്കൽ തന്നെ ഉണ്ടായിരുന്നു.
"ങാ, കുട്ടി എപ്പോ എത്തി? എത്ര ദിവസം ലീവ് ണ്ട്?"
"ഒരു മാസം ണ്ടാവും. അപ്പൊ കാണാം. ഒന്ന് തൊഴുകട്ടെ"
തിരുമേനി തടഞ്ഞു - "അല്ല, ഇപ്പൊ നട അടക്കും. കുട്ടി നടന്നോളൂ. പിന്നെ ആവാം"
തിരുമേനി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാവാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.
അന്നു വൈകുന്നേരം അമ്മാവനാണ് ചോദിച്ചത്. "നീ കാവില് പോയിരുന്നൂ ല്ലേ?"
"അതെന്താ അമ്മാമേ, ലീവിൽ വരുമ്പോ ഞാൻ എന്നും പോണതല്ലേ"
"അതല്ലെടാ, തിരുമേനിയെ കണ്ടിരുന്നു. നിന്നെ കണ്ട കാര്യം പറഞ്ഞു. നിന്റെ ഈ പേരും വെച്ചോണ്ട് നീ അവിടെ പോണതില് അവർക്ക് അത്ര തൃപ്തി പോരാ.. അല്ല, തിരുമേനിയെ പറഞ്ഞിട്ട് കാര്യല്ല്യ. നാട്ടുകാർക്ക് എന്ത് വേണെങ്കിലും പറയാല്ലോ."
"ഇതിൽ നാട്ടുകാർക്ക് എന്ത് പറയാൻ?" എന്ന ചോദ്യത്തിനും ഉടനടി മറുപടി കിട്ടി, അന്ന് രാത്രി തന്നെ, പാടവരമ്പത്ത് വെച്ച്. ശിവഭക്തനായ മോഹനൻ ആണ് തുടങ്ങി വെച്ചത്.
"ഡാ, നാട്ടുകാർക്ക് ഇപ്പൊ നിന്റെ കാര്യം പറയാനേ നേരം ള്ളൂ ട്ടോ"
"അത് പിന്നെ അങ്ങനെയല്ലേ പാടുള്ളൂ" എന്ന ഭാവത്തിൽ മനസ്സു നിറഞ്ഞു ചിരിച്ച ചിരി അധികം നീണ്ടു നിന്നില്ല.
"ഡാ, നീ ഞങ്ങളോട് പറ. നിന്റെ രഹസ്യങ്ങൾ ഒക്കെ ഞങ്ങൾക്ക് എന്നും അറിയാവുന്നതല്ലേ. നീ മാർഗം കൂടിയോ?"
ക്രിസ് ഞെട്ടിപ്പോയി.
മോഹനൻ തുടന്നു. "അതല്ലെടാ, സ്വാഭാവികമായി ആർക്കും തോന്നാമല്ലോ. നീ പേരു മാത്രമേ മാറ്റിയുള്ളൂ?
അപ്പൊ അതാണ് കാര്യം! തിരുമേനിയുടെയും വാര്യരുടെയും മുഖഭാവങ്ങളുടെ അർഥം പകലു പോലെ തെളിയുന്നു.
എന്നാലും ഈ നാട്ടിൽ പെറ്റു വളർന്ന എന്നെപ്പറ്റി അവർ വിചാരിച്ചത്...
"തായ് മണ്ണേ.." അതിർത്തി കാക്കുന്ന ജവാന്റെ ആവേശത്തോടെ ക്രിസ് ഒരു പിടി മണ്ണ് വാരി തലയിലൂടെ തൂവി നിർവൃതി കൊണ്ടു.
"ഉം.. അമ്പലത്തിന്റെ സ്ഥിരം പിരിവിന് വരട്ടെ. അപ്പൊ കാണിച്ചു കൊടുക്കാം"
പ്രതികാരദാഹിയായ ജവാൻ പടക്കോപ്പു കൂട്ടി.
പക്ഷെ കാര്യങ്ങൾ അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു എന്ന് മനസ്സിലാവാൻ ഒന്ന് ഇരുട്ടി വെളുക്കുകയേ വേണ്ടിയിരുന്നുള്ളൂ.
"ഡാ, അടുത്ത ആഴ്ച നമ്മൾ കാണാനിരുന്ന ആ പെണ്ണുവീട്ടുകാര് വിളിച്ചിരുന്നു."
ഉം, അമേരിക്കൻ മരുമകനെ കാണാൻ അവർക്ക് അടുത്ത ആഴ്ച വരെ കാത്തിരിക്കാൻ വയ്യായിരിക്കും എന്ന് നിർവൃതി കൊള്ളുമ്പോൾ അച്ഛൻ വീണ്ടും..
"ജാതകം ചേരില്ല്യാ ത്രെ"
"ങ്ഹേ, അതിന് ജാതകം കൊടുക്കാൻ പോണതല്ലേ ള്ളൂ!" മനസ്സിൽ പറഞ്ഞതെ ഉള്ളൂ.
പാടവരമ്പ് സത്‌സംഗത്തിൽ ആണ് അതിന്റെയും ഉത്തരം കിട്ടിയത്.
"ഡാ, കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെ അല്ല ട്ടോ. നീ ക്രിസ്ത്യാനി ആയി ന്ന് നാട്ടുകാരൊക്കെ ഉറപ്പിച്ച മട്ടാണ്. നിനക്ക് അവിടെ ഒരു മദാമ്മപ്പെണ്ണ് ഉണ്ടെന്നാണ് പരക്കെ പ്രചാരം.. അതിനെ കല്യാണം കഴിക്കാൻ വേണ്ടി നീ മതം മാറിയതാണത്രേ."
"ങേ? അതെപ്പോ?" തമാശമട്ടിൽ പറഞ്ഞൊഴിഞ്ഞെങ്കിലും, സംഗതി മനസ്സിൽ നിന്ന് പോയില്ല.
അടുത്ത ദിവസം മുതൽ ഓരോരോ പെണ്ണ് വീട്ടുകാരായി ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞപ്പോൾ കാര്യങ്ങൾക്ക് പൂർണ്ണരൂപമായി..
"ബ്ലഡി ഇന്ത്യൻസ് !"
ക്രിസിന്റെ അമേരിക്കൻ രക്തം തിളച്ചു. അല്ലെങ്കിലും ഒരു അമേരിക്കൻ പൗരനായ ഞാൻ ഈ മൂന്നാം ലോകരാജ്യത്തിലെ ഒരു പെണ്ണിന് ജീവിതം കൊടുക്കാം എന്ന് തീരുമാനിച്ചതേ തെറ്റ്.
മതി ലീവ് ഒക്കെ.. ഞാൻ എന്റെ രാജ്യത്തേയ്ക്കു മടങ്ങുന്നു.
അവിടെ എനിക്കു വേണ്ടി എത്രയോ അമേരിക്കൻ അമ്പലനടകൾ തുറന്നുകിടക്കുന്നു!
അമേരിക്കൻ ഇന്ത്യക്കാരികൾ എനിക്കു വേണ്ടി ക്യൂ നിൽക്കും. അതു വേണോ അതോ മദാമ്മ വേണോ എന്നു മാത്രം തീരുമാനിച്ചാൽ മതി.
"കൺട്രി ഫെലോസ് " ക്രിസ് ഉറക്കെത്തന്നെ പറഞ്ഞു.
നാട്ടിൽ തിരിച്ചെത്തിയ ക്രിസ് പൂർവാധികം കർമ്മോത്സുകനായി, കൂടുതൽ അമേരിക്കക്കാരനായി!
ആപ്പീസിലെ "ഹാപ്പി ഹവർ" എന്ന വെള്ളമടിപ്പാർട്ടികളിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ പോകാൻ തുടങ്ങി.
അവിടെ വെച്ചാണ് പളനിയപ്പനെയും ബീരാൻ കുട്ടിയേയും വീണ്ടും കാണുന്നത്.
വളരെ സന്തോഷത്തോടെ, ആവേശത്തോടെ,അഭിമാനത്തോടെ, അമേരിക്കക്കാരൻ ആയതു വരെയുള്ള വിശേഷങ്ങൾ ഒരൊറ്റ ശ്വാസത്തിൽ ക്രിസ് പറഞ്ഞു തീർത്തു.
"ഹലോ ക്രിസ്, പളനി, ബീരാൻ!"
അഭിവാദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പ്രതീക്ഷിച്ച പോലെ ഇന്ത്യക്കാർ ആരും അല്ല, ടീംലീഡ് സായിപ്പ്!
ക്രിസ്ന്റെ സപ്തനാഡികളും തളർന്നു.
സായിപ്പിനെ പറഞ്ഞുപഠിപ്പിച്ച്, ഇപ്പോളും പളനിയും ബീരാനും ആയി നിലകൊള്ളുന്ന ഇന്ത്യൻ പൗരന്മാർക്കു മുന്നിൽ ക്രിസ് നെയർ ആരുമല്ലാതായി..
"കൃഷ്ണാ" അമ്മയുടെ വിളി ചെവിയിൽ മുഴങ്ങുന്നു! അതിനു മുന്നിൽ ക്രിസ് ആ പഴയ കൃഷ്ണൻകുട്ടിയായി!
അമൃത് ചുരത്തുന്ന മാതൃത്വം!! കൃഷ്ണൻകുട്ടി കണ്ണടച്ച്, അതിൽ അലിഞ്ഞ് ഇല്ലാതായി.
കണ്ണു തുറക്കേണ്ട, തുറന്നാൽ ഞാൻ ക്രിസ് ആയി മാറും..
"എന്നിട്ട്?"
ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
പിറ്റേന്ന് അതിരാവിലെ, ക്രിസ് കണ്ണു തുറന്നു.
ഉടൻ തന്നെ, കണ്ണുകൾ ഇറുക്കിയടച്ചു. - കൃഷ്ണൻകുട്ടി എന്ന യാഥാർഥ്യത്തിനു നേരെ!!
കുറച്ചു കഴിഞ്ഞ്, ധൃതിയിൽ ചാടിയെണീറ്റ്, കാറിൽ കയറി ഓഫിസിലേക്കു തിരിച്ചു...
Comments
Post a Comment