കുഞ്ഞിയും മുനിയും



"മുനീ.."

ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ, തൊട്ടു പിന്നിൽ രാമൻകുട്ടി!

അവന്റെ തോളിലെ കൂട്ടിൽ "കിങ്ങിണി" - രാമൻ കുട്ടിയുടെ മൈന!

കിങ്ങിണിയാണ് വിളിച്ചത്..

കിങ്ങിണിയെ കണ്ടതും ഉണ്ണീടെ ദേഷ്യമൊക്കെ പമ്പ കടന്നു.

"കിങ്ങിണിക്കുട്ടീ.." ഉണ്ണി മൈനയെ കൊഞ്ചിച്ചു.

"ഒന്ന് പോടാ മുനീ.. മതി നിന്റെ പുന്നാരം..."

ഉണ്ണിയെ ഉന്തിമാറ്റിയിട്ട് രാമൻകുട്ടി കിങ്ങിണിയെയും കൊണ്ട് നടന്നകന്നു.

 

എപ്പോളും അങ്ങനെയാണ്.

ഉണ്ണിയെ രാമൻകുട്ടിക്ക് കാൽ കാശിന് വിലയില്ല.

"ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ" എന്നാണു ഉണ്ണി കേൾക്കാതെ അവൻ പറയാറ്.

ഉണ്ണീടെ മുന്നിൽ വെച്ച് കുറച്ചു കൂടി മയപ്പെടുത്തി "മുനീ" എന്നാക്കും..

കിങ്ങിണിയെക്കൊണ്ടും അങ്ങനെ വിളിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പൊ.

അവൻ കളിയാക്കുകയാണ് എന്ന് ഉണ്ണിക്ക് മനസ്സിലാവും, ദേഷ്യം വരും.

എന്നാലും അവൻ ഉള്ളിൽ വിചാരിക്കും.

"സാരല്യ, ന്നാലും ഞാൻ നിന്നെ മാതിരി സാമർത്ഥ്യക്കട്ട അല്ലല്ലോ.."

 

ഉണ്ണി പാവമാണ്, അവന് എല്ലാവരെയും, എല്ലാത്തിനെയും ഇഷ്ടമാണ്.

ഉണ്ണിയേയും എല്ലാവർക്കും ഇഷ്ടമാണ് - സാമർത്ഥ്യക്കട്ടകൾക്കൊഴികെ!

 

 

 അങ്ങനെ ഒരു ദിവസം ഉണ്ണി  പാടവരമ്പത്തു കൂടി നടക്കുമ്പോൾ ആണ് ഒരു വലിയ പുൽച്ചാടി കിടക്കുന്നത് കണ്ടത്.

അടുത്തെത്തി നോക്കിയപ്പോൾ, പുൽച്ചാടിയല്ല, ഒരു തത്തമ്മക്കുട്ടിയാണ് - ജീവനുണ്ട്.

ഇതെങ്ങനെ ഇവിടെയെത്തി? ആരെങ്കിലും എറിഞ്ഞു വീഴ്ത്തിയതാവുമോ?

അതോ വല്ല പരുന്തും റാഞ്ചി കൊണ്ട് പോവുമ്പോൾ വീണു പോയതാവുമോ?

ഉണ്ണി തത്തയെ ശ്രദ്ധയോടെ കയ്യിലെടുത്തു

വീട്ടിലെത്തി, ഒരു തലയിണയുടെ മുകളിൽ കിടത്തി.

അതിനു പാലും പഴവും കൊടുത്തു. രണ്ടു ദിവസത്തിൽ തത്തമ്മ മെല്ലെ നടക്കാൻ തുടങ്ങി.

"അച്ഛാ, ഇന്നൊരു കൂട് കൊണ്ട് വരൂ ട്ടോ. ഇതിനെ നമുക്ക് വളർത്താം. നമുക്ക് ഇവളെ കുഞ്ഞി, ന്ന് വിളിക്കാം"

 



 

മെല്ലെ മെല്ലെ കുഞ്ഞി കൂട്ടിനുള്ളിൽ പറക്കാൻ തുടങ്ങി.

ഉണ്ണി കുഞ്ഞിയെ കുറച്ചൊക്കെ സംസാരിക്കാൻ പഠിപ്പിച്ചു.

 

അങ്ങനെ ഒരു ദിവസം കുഞ്ഞിയെയും കൊണ്ട് നടക്കാൻ പോയപ്പോൾ...

"മുനികുമാരാ.."  കിങ്ങിണിയാണ് !

"ഡാ, മുനീ, നിന്നെ കാണാനേ ഇല്ലല്ലോ.. ദെന്താടാ കൂട്ടിന്റെ ഉള്ളില്? തത്തമ്മയോ? എവിടുന്നു കിട്ടി?"

ഒറ്റ ശ്വാസത്തിൽ രാമൻകുട്ടി എല്ലാം ചോദിച്ചു തീർത്തു.

 

ഉണ്ണി അതൊന്നും കേട്ടതേയില്ല. അവൻ പുതുമുഖങ്ങളെ കുഞ്ഞിക്ക് പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു.

"കുഞ്ഞീ.. ഇതാരാന്ന് നോക്കൂ... കിങ്ങിണിച്ചേച്ചി!!

അപ്പൊ ഇതോ? രാമേട്ടൻ... പറയൂ.."

 

 ************* 

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് കുഞ്ഞി വല്ലാതെ പറക്കുന്നതും കൂട്ടിൽ ഇടിച്ചു വീഴുന്നതും ഒക്കെ ഉണ്ണി കണ്ടത്.

"അമ്മമ്മേ.. വേഗം വരൂ.. കുഞ്ഞിക്ക് എന്തോ വയ്യായ പോലെ..ഒന്ന് നോക്കൂ"

അമ്മമ്മ ഓടിവന്നു.

"അത് വയ്യായ ഒന്നും അല്ല കുട്ടാ, മാനത്ത് പറന്ന് നടക്കണ കിളി അല്ലെ..       അതിന് കൂടൊന്നും പോരാ."

ഉണ്ണി അഗാധമായ ചിന്തയിൽ മുഴുകി.

“അമ്മമ്മ പറഞ്ഞത് ശരിയാണ്.. പക്ഷെ, രാമൻകുട്ടി കിങ്ങിണിയെ കൂട്ടിൽ തന്നെ ആണല്ലോ വളർത്തുന്നത്..

ങാ, അത് പിന്നെ.. എനിക്ക് അവനെ പോലെ ദുഷ്ടൻ ആവണ്ട.

എന്റെ കുഞ്ഞിക്ക് ഇഷ്ടം പോലെ പറക്കാൻ പറ്റണം.. അതിനുള്ള സ്വാതന്ത്ര്യം വേണം അതിന്.. പാവം..”

പിറ്റേന്ന്, ഉണ്ണി പട്ടം പറത്തുന്ന ചരടിന്റെ ഉണ്ട എടുത്തു. കൂട്ടിനുള്ളിൽ കൈയിട്ട്, കുഞ്ഞിയുടെ കാലിൽ കെട്ടി. മെല്ലെ, കൂടു തുറന്നു.

കുഞ്ഞി ആവേശത്തിൽ ചിറകടിച്ചുയർന്നു. കാലിലെ കെട്ടു കാരണം മൂക്കു കുത്തി താഴെ വീണു.

"അയ്യോ എന്റെ കുഞ്ഞി.. എന്തു പറ്റി? എന്റെ കുട്ടിക്ക് പറക്കണ്ടേ?"

ഉണ്ണി കുഞ്ഞിയെ കയ്യിലെടുത്ത്, മെല്ലെ മുകളിലേക്ക് എറിഞ്ഞു. ചരട് അയച്ചു കൊടുത്തു.

"ഇഷ്ടം പോലെ പറന്നിട്ടു വരൂ എന്റെ കുട്ടി.."

 

"അയ്യേ, എന്ത് പ്രാന്താ കുട്ടി കാട്ടണത്?" അമ്മയാണ്.

"അമ്മേ, അമ്മമ്മ പറഞ്ഞു ലോ,  കുഞ്ഞിക്ക് പറക്കാൻ കൂട് പോരാ ന്ന്.. ഞാൻ കുഞ്ഞിയെ പറക്കാൻ വിട്ടതാണ്."

" .. " അമ്മ പൊട്ടിച്ചിരിച്ചു പോയി.

"എന്റെ കുട്ടാ, ഇങ്ങനെയാണോ പറക്കാൻ വിടണത്?.. .."

ഉണ്ണിക്കു ദേഷ്യം വന്നു.

"അമ്മ ഇത്ര ദുഷ്ടയാണോ? അതിനും വേണ്ടേ ഒരു സ്വാതന്ത്ര്യം?"

അമ്മയുടെ ചിരി പെട്ടെന്ന് നിന്നു.

"ഹും.. സ്വാതന്ത്ര്യം!!" ഒരു ദീർഘ നിശ്വാസം പുറത്തു വന്നു.

 ഉണ്ണി പറപ്പിക്കൽ മതിയാക്കി കുഞ്ഞിയെ കൂട്ടിൽ അടച്ച്, വേഗം അമ്മയുടെ അടുത്ത് വന്നു.

"അമ്മേ, എന്തിനാ ഉണ്ണിയെ കളിയാക്കീത്? ഉണ്ണിക്ക് സങ്കടം വന്നു," അവൻ ചിണുങ്ങി

"ഉണ്ണി വരൂ.." അമ്മ ഉണ്ണിയെ മടിയിൽ ഇരുത്തിയിട്ട് നെറുകയിൽ ഉമ്മ വെച്ചു. മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.

"ഇങ്ങനെയാണ് സ്വാതന്ത്ര്യം കൊടുക്കുക എന്ന് ആരാ ഉണ്ണിക്ക് പറഞ്ഞു തന്നത്?"

"അത് ആരെങ്കിലും പറഞ്ഞു തരണോ? കൂട്ടിൽ കിടക്കണ കുഞ്ഞിയെ മാനത്ത് പറക്കാൻ വിടണത് അല്ലെ അതിന്റെ സ്വാതന്ത്ര്യം?"

 

"അത് അങ്ങനെയല്ല കുട്ടാ..  ശരിയാണ്, ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും സ്വാതന്ത്ര്യം വേണം. പക്ഷെ, അത് വേറെ ഒരാൾ കൊടുത്തിട്ട് കിട്ടാനുള്ളതല്ല

കുഞ്ഞിയുടെ സ്വാതന്ത്ര്യം ആകാശത്ത് ഇഷ്ടം പോലെ പറന്നു നടക്കൽ ആണ്അതിനെ കൂട്ടിൽ അടച്ചപ്പൊത്തന്നെ നമ്മൾ അതിന്റെ സ്വാതന്ത്ര്യം കളഞ്ഞു. പിന്നെ കാലിൽ ചരടു കെട്ടി പറപ്പിച്ചാൽ അത് പറക്ക്വോ കുട്ടാ?"

 

"ഉം.."  മുഴുവൻ മനസ്സിലായില്ലെങ്കിലും ഉണ്ണി നീട്ടി മൂളി.

 

 

പിറ്റേന്ന് രാവിലെ, കാലിയായ കൂട് കണ്ടിട്ട് അച്ഛനാണ് ചോദിച്ചത്.

"ഉണ്ണീ, കുഞ്ഞി എവടെ? കൂടും തൊറന്ന് കെടക്ക് ണൂ ലോ.."

 

"അതിനെ ഞാൻ തൊറന്ന് വിട്ടു അച്ഛാ.. അതിന്റെ കൂട്ടുകാരടെ കൂടെ ഇഷ്ടം പോലെ പറന്ന് കളിക്കട്ടെ.."

ഒരു വലിയ കാര്യം ചെയ്ത സന്തോഷം ഉണ്ണീടെ മുഖത്ത് നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

 

"വളരെ നന്നായി ഉണ്ണിക്കുട്ടാ.." അമ്മയാണ്.

"അത് പോയി സ്വാതന്ത്ര്യത്തിൽ പറന്നു നടക്കട്ടെ. അതിനെ കൂട്ടിലിട്ട പ്രാക്ക് എന്റെ ഉണ്ണിക്ക് വേണ്ട"

'അത് പറയുമ്പോൾ അമ്മ അച്ഛനെ ഒന്നിരുത്തി നോക്കിയത് എന്തിനാണെന്ന് ഉണ്ണിക്ക് അന്ന്  മനസ്സിലായില്ല.

 

                                                            ********

  

അങ്ങനെ, ഉണ്ണി പക്വതയുള്ള ഒരു യുവാവായി, കല്യാണം കഴിച്ചു.

കൂട്ടുകാർ ഓരോരുത്തരായി പെണ്ണു നോക്കുന്നു.

ഉണ്ണിയോട് അവർ ചോദിക്കും.

"ഉണ്ണീ.. കല്യാണം കഴിച്ച് നിങ്ങളെ പോലെ സന്തോഷമായി ജീവിക്കാൻ  എന്താണ് ചെയ്യേണ്ടത്? നിന്റെ ഉപദേശം എന്താണ്?"

 അവർക്കൊക്കെ ഉണ്ണി കുഞ്ഞിയുടെ കഥ പറഞ്ഞു കൊടുക്കും!

 

                                                         *******

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...