തീപ്പെട്ടി






                                                                                 തീപ്പെട്ടി
Image result for theeppetti




"തീപ്പെട്ടി പണ്ടില്ലതിനാൽ ജനങ്ങൾ-
ക്കേർപ്പെട്ട കഷ്ടം പറയാവതല്ലാ
ഇപ്പോഴതിൻ മാതിരിയൊന്നുമല്ല
തീപ്പെട്ടിയില്ലാതൊരു വീടുമില്ല"
"എന്റെ അച്ഛൻ പാടിത്തന്നതാ.. അവരുടെ മുത്തശ്ശന്റെയൊക്കെ കാലത്ത് തീപ്പെട്ടി ഇല്ലത്രെ."

"അപ്പൊ മുത്തിടെ അച്ഛന് പാട്ടൊക്കെ അറിയും ല്ലേ?"

"പിന്നേ!! അതു മാത്രല്ല, ചുട്ട കോഴിയെ  പറപ്പിക്കണ ഉഗ്രമന്ത്രവാദി!!
കുട്ട്യോള് ന്ന് വെച്ചാ ജീവനായിരുന്നു.
കുഞ്ചു (മുത്തീടെ അനിയൻ) ചെറിയ കുട്ടിയായിരുന്നപ്പോ, ഒരു ദിവസം അച്ഛന്റെ അടുത്ത് പോയി ചോദിച്ചു"
"അച്ഛാ, നിയ്ക്ക് ഒരു മന്ത്രം പറഞ്ഞു തരൂ."

അച്ഛന്റെ കയ്യിലാണോ വിദ്യകൾക്ക് ക്ഷാമം!!
അച്ഛൻ ഒരു തീപ്പെട്ടിക്കൊള്ളി കയ്യിലെടുത്ത് മന്ത്രം ചൊല്ലി.
"ഇന്ത്രാച്ചി മന്ത്രത്തിരിയ പാക്കനാ... ഖും!!"
ആ "ഖും" ശബ്ദത്തിന്റെ ഒപ്പം കൊള്ളി തീപ്പെട്ടിയിൽ ഉരയ്ക്കും. അപ്പൊ "ഖും" ശബ്ദത്തോടെ തീ കത്തും. കുഞ്ചൂന് നല്ല സന്തോഷാവും.
അവനും തീപ്പെട്ടി എടുത്ത് മന്ത്രം ചൊല്ലും..
"ഇന്തിപ്പാക്കനാ ഖും.."
പക്ഷെ തീപ്പെട്ടി ഉരച്ചു കത്തിക്കാനുള്ള ശക്തിയൊന്നും അവനുണ്ടായിരുന്നില്ല്യ..."

ഞാനും അനിയനും, മുത്തിയുടെ തീപ്പെട്ടിക്കഥകൾ, മന്ത്രവാദക്കഥകൾ, ഒടിയൻ കഥകൾ ഒക്കെ അത്ഭുതത്തോടെ കേട്ടിരിക്കും.
മനസ്സിൽ മന്ത്രവാദത്തിന്റെ മായാലോകം പണിയും.
കുഞ്ചുമാമയുടെ പെട്ടകത്തിൽ തപ്പി മന്ത്രവാദപുസ്തകം കട്ടെടുത്ത്, പച്ചവെള്ളത്തിൽ പപ്പടം കാച്ചാൻ നോക്കിയതൊക്കെ അങ്ങനെയാണ്.

മുത്തി കഥകളൊക്കെ പറഞ്ഞു തരുമെങ്കിലും കാര്യങ്ങളൊക്കെ അതിന്റെ ചിട്ടയിൽ നടന്നില്ലെങ്കിൽ ദേഷ്യം വരും. ചീത്ത പറഞ്ഞു കണ്ണു പൊട്ടിക്കും!!

******************

അമ്മ ടീച്ചർ ആയിരുന്നു. എന്നിട്ടെന്താ കാര്യം? കുട്ടികളാ ഭേദം!! കുട്ടികളെക്കാൾ കുട്ടിക്കളി ആണ്.
സ്കൂളു വിട്ട്, അമ്മയുടെ കൂടെ നടന്നു വരുമ്പോൾ അമ്മ ചോദിക്കും.
"ഇന്ന് ചോറ് മുഴുവൻ കഴിച്ചോ?"
ഞാനും അനിയനും ഒട്ടും സംശയിക്കാതെ മറുപടി പറയും.
"ഇല്ല"

"പൊന്നുപുത്രാ, ബ്രിഗോദരാ.. നിങ്ങളെ ഞാൻ.." അമ്മ അടിക്കാൻ വരും, അടിയ്ക്കില്ല.
എന്നിട്ട് ഒന്ന് ഇരുത്തി മൂളും.. "ഉം..."

ഞങ്ങൾക്കറിയാം, ഞങ്ങൾ ഭക്ഷണം മുഴുവൻ കഴിക്കാത്തതിനുള്ള മുത്തിയുടെ ചീത്ത അമ്മ തന്നെ കേൾക്കേണ്ടി വരും എന്ന്. അതിനുള്ള വഴി അമ്മയ്ക്കറിയാം എന്നും ഞങ്ങൾക്ക് അറിയാമല്ലോ.

പാടത്തെ കുളത്തിന്റെ അവിടെ എത്തുമ്പോൾ 'അമ്മ പറയും. "ആ ചോറ്റു പാത്രം ഒക്കെ എടുക്ക്.."
ഞങ്ങൾ എടുത്തു കൊടുക്കും. അമ്മ ബാക്കിവന്ന ചോറൊക്കെ കളഞ്ഞ്, പാത്രം കഴുകി വൃത്തിയാക്കും.

മുത്തി ചോദിക്കും "കുട്ട്യോള് ചോറ് മുഴുവൻ കഴിച്ചൂ ലോ. ഇഷ്ടായോ ഇന്നത്തെ കൂട്ടാനും ഉപ്പേരീം ഒക്കെ?"
"ഉം.. നല്ല സ്വാദായിരുന്നു..." 
എന്നിട്ടു ഞാനും അനിയനും തമ്മിൽ നോക്കി കണ്ണിറുക്കും.

അമ്മ അടുത്തുണ്ടെങ്കിൽ വായ പൊത്തി ചിരിയ്ക്കും. ചിലപ്പോൾ കണ്ണുരുട്ടും.

എല്ലാർക്കും സന്തോഷമാവുമെങ്കിൽ, സ്ഥാപിത വ്യവസ്ഥിതികൾക്ക് നിരുപദ്രവകരമായ അയവു വരുത്താം എന്ന തത്വം അങ്ങനെ, അമ്മയിൽ നിന്ന് ആവണം പഠിച്ചത്.

*******************

പിംപ്ലെ സൗദാഗർ....
പൂനയിലെ, ഒരു ചെറിയ ഗ്രാമം!!
മുട്ടറ്റം ചെളിയിൽ ഞങ്ങളുടെ വണ്ടി പുതിയ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു..

മൂന്നു മാസം മുൻപാണ് പൂനെയിൽ ജോലി കിട്ടിയത്. ഉടൻ തന്നെ അവർ അമേരിക്കയിലേക്കുള്ള H1B വിസയും ശരിയാക്കി. ഇനി അവിടെ പ്രോജക്റ്റ് കിട്ടിയാൽ ഉടൻ പോകേണ്ടി വരും. അതിനിടയ്ക്കാണ് കൂടെ ജോലി ചെയ്യുന്നവർ പുതിയ ഫ്ലാറ്റ് വാങ്ങാൻ പരിപാടി ഇടുന്നത്. ഫ്ലാറ്റ് കാണാൻ എന്നെയും കൂടെ കൊണ്ടു പോയി. ഒരു പാടശേഖരത്തിൻ്റെ നടുവിൽ, വേലി കെട്ടിയിട്ട കുറച്ചു സ്ഥലം!! അവിടെയാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ  പണി പുരോഗമിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ്, റിയൽ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവാൻ പോകുന്ന മുന്നേറ്റം എന്നിവയെപ്പറ്റിയൊക്കെ അവർ എന്റെ തലയിലും പറഞ്ഞു കയറ്റി. പിംപ്ലെ സൗദാഗർ ഇപ്പോൾ ഒരു ഗ്രാമം ആയതു കൊണ്ട് വില വളരെ കുറവായി കിട്ടും. ഒന്ന് രണ്ടു കൊല്ലത്തിൽ ആ സ്ഥലം പുരോഗമിക്കുമ്പോൾ വില പല മടങ്ങാവും. ഓഫീസിൽ എത്തി, ഒരു ബാങ്ക് ലോൺ ഏജന്റിനോടു സംസാരിക്കുക കൂടി ചെയ്തപ്പോൾ, നമ്മളും ഒരു ഫ്ലാറ്റ് വാങ്ങാം എന്നായി.

ആ ഫ്ലാറ്റിന്റെ ഗൃഹപ്രവേശം ആണ് ഇന്ന്. ജീവിതത്തിൽ ആദ്യമായി വാങ്ങിയ ഒരു വീട്!!
നാട്ടിൽ നിന്ന് വീട്ടുകാരൊക്കെ എത്തിയിട്ടുണ്ട്.
ഒരു പരിചയക്കാരൻ വഴി ഒരു മലയാളി തിരുമേനിയെ കിട്ടി. ഗണപതി ഹോമം ആവാം എന്നു തീരുമാനിച്ചു.

ആ കെട്ടിടത്തിൽ താമസം തുടങ്ങുന്ന ആദ്യത്തെ കുടുംബം ആയിരുന്നു ഞങ്ങൾ. രണ്ടു മൂന്നു മാസത്തിൽ റോഡ് ടാർ ചെയ്യും, കുറേക്കൂടി ആളുകൾ താമസം തുടങ്ങും. പക്ഷെ അമേരിക്കൻ പ്രോജെക്ട് എപ്പൊ ശരിയാവും എന്ന് അറിയാത്തതിനാൽ അത്ര എത്രയും പെട്ടെന്ന് ഗൃഹപ്രവേശം കഴിയ്ക്കണമായിരുന്നു. 


രാവിലെ 4 മണി!!
ലിഫ്റ്റിന്റെ പണി കഴിഞ്ഞിട്ടില്ല.. വെളിച്ചവും കുറവ്. ചുറ്റും വിശാലമായ പാടങ്ങളും ചീവീടുകളുടെ ശബ്ദവും മാത്രം. ടോർച്ചിന്റെ വെളിച്ചത്തിൽ, പടികൾ കയറി ഞങ്ങൾ മൂന്നാം നിലയിലെ ഫ്ലാറ്റിലെത്തി.


തിരുമേനി ഗണപതിഹോമത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
ഞങ്ങൾ താഴെ പോയി ഹോമകുണ്ഡം ഉണ്ടാകാനുള്ള ഇഷ്ടികയും മണലും കൊണ്ടുവന്നു.
ഹാളിൽ ഒരു തകരത്തിന്റെ ഷീറ്റ് വെച്ചു. അതിനു മുകളിൽ ഇഷ്ടികകൾ ചതുരത്തിൽ അടുക്കി വെച്ചു. അതിനുള്ളിൽ കട്ടിയിൽ മണൽ പരത്തി. ചുറ്റും വാഴയില വിരിച്ചു. അതിൽ പൂവ്, ചന്ദനം, ഭസ്‌മം, വിളക്ക്, തിരി, എണ്ണ, നെയ്യ്, കിണ്ടി, പഴം, തേങ്ങ, വിറക് എന്നിവയെല്ലാം നിരത്തി വെച്ചു.  കുറച്ചു വിറക് ഹോമകുണ്ഡത്തിൽ വെച്ചു.



തിരുമേനി പറഞ്ഞു.
"ശെരിയ്ക്കു പറഞ്ഞാൽ, അരണി കടഞ്ഞ് തീ ണ്ടാക്കണം ന്നാണ് ശാസ്ത്രം"

"അതിന് അരണിയൊക്കെ ഈ കാലത്ത് കിട്ട്വോ?" അച്ഛൻ ചോദിച്ചു.


"അരണിയൊക്കെ ണ്ട്. ഒരു സങ്കൽപ്പത്തിന് മതി.. കുറച്ച് കടഞ്ഞിട്ട്, തീ കത്തിക്കാം"



"ആയിക്കോട്ടെ. കാര്യങ്ങളൊക്കെ ശാസ്ത്രപ്രകാരം തന്നെ നടന്നോട്ടെ" - അച്ഛൻ.

"ന്നാ തൊടങ്ങാം ല്ലേ?"

എല്ലാവരും കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി.
തിരുമേനി ഹോമകുണ്ഡത്തിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. സഹായി അരണിക്കോല് പിടിച്ചു കൊടുത്തു. തിരുമേനി കുറിച്ച് നേരം അരണി കടഞ്ഞിട്ടു പറഞ്ഞു.
"ന്നാ ഇനി ആ തീപ്പെട്ടി തന്നോളൂ"

"തീപ്പെട്ടി..." അപ്പോഴാണ് അങ്ങനെ ഒരു സാധനം വേണം എന്ന് എല്ലാവരും ആലോചിച്ചത് എന്നു തോന്നുന്നു.

"തീപ്പെട്ടി ആരും എടുത്തില്ലേ?" അച്ഛൻ ചോദിച്ചു.
തിരുമേനിയ്ക്ക് അത്ഭുതം!!
"ഹെയ്, അങ്ങനെ വരില്ല്യ. പണ്ടത്തെ കാലം ഒന്നും അല്ലല്ലോ. കേട്ടിട്ടില്ല്യേ?
"തീപ്പെട്ടി പണ്ടില്ലതിനാൽ .... "



മുത്തിടെ  തീപ്പെട്ടിപ്പാട്ടിന്റെ ആവേശത്തിൽ ഞാനും കൂടെ പാടി.

".... ജനങ്ങൾക്കേർപ്പെട്ട കഷ്ടം പറയാവതല്ലാ"
ഇപ്പോഴതിൻ മാതിരിയൊന്നുമല്ല
തീപ്പെട്ടിയില്ലാതൊരു വീടുമില്ല"

തിരുമേനിയ്ക്കും ആവേശമായി.
"ഹായ്, കുട്ടിയ്ക്ക് ഇതൊക്കെ അറിയ്വോ? അത് നന്നായീ ലോ"


തീപ്പെട്ടിപ്പാട്ടിന്റെ മാഹാത്മ്യവും, പരസ്പരം അഭിനന്ദനവും ഒക്കെ കഴിഞ്ഞു തിരിച്ചുവന്നപ്പോഴും, തീപ്പെട്ടി കിട്ടിയിട്ടില്ല. 
തീപ്പെട്ടി എടുക്കാൻ എല്ലാവരും മറന്നു!! 
തീപ്പെട്ടിയെ പാചകവാതകവും ലൈറ്ററും വിഴുങ്ങിയ ഈ യുഗത്തിൽ, ദൈവത്തിനു വിളക്കു കൊളുത്താൻ മാത്രമേ തീപ്പെട്ടി വേണ്ടൂ. നാട്ടിലെപ്പോലെ തുളസിത്തറയും, സന്ധ്യാവന്ദനവും, ആചാരങ്ങളും പൂനെയിലെ നമ്മുടെ ജീവിതത്തിൽ ഇല്ലാത്തതു കൊണ്ട്, തീപ്പെട്ടി ഒരു അവിഭാജ്യഘടകം ആയിരുന്നില്ല.

ശീലങ്ങൾ ആചാരങ്ങളും, ആചാരങ്ങൾ ശാസ്ത്രവും ആവുന്നതിൻ്റെ ഒരു പ്രശ്നം ഇതാണ്. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പെട്ടുപോകും.
"... തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല" എന്ന ശാസ്ത്രത്തിന് കാലാതിവർത്തിയാവാനുള്ള ത്രാണിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞല്ലോ.

ഇനിയെന്തു ചെയ്യും? ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിൽ പോയി തീപ്പെട്ടി കൊണ്ടുവരാൻ രണ്ടു മണിക്കൂർ എടുക്കും. ഒരു മണിക്കൂറിനുള്ളിൽ ഗണപതിഹോമം കഴിയണം. അതുകഴിഞ്ഞാൽ രാഹുകാലം തുടങ്ങും.
ഇവിടെ വേറെ ആരും താമസവും തുടങ്ങിയിട്ടില്ല. ഈ സമയത്ത് കടകൾ തുറക്കില്ല. എന്തുചെയ്യും ഭഗവാനെ!!

ഞാൻ ബാൽക്കണിയിൽ നിന്ന് ചുറ്റും കണ്ണോടിച്ചു. ചുറ്റും ഇരുട്ടും വിജനതയും മാത്രം. 

ഒരു വട്ടം കൂടി കണ്ണോടിച്ചപ്പോൾ, താഴെ ഒരു തീപ്പൊരി അരിച്ചരിച്ചു നീങ്ങുന്നു!!
 മിന്നാമിനുങ്ങ്? ഏയ്, അല്ല. ഇത് ഒരു ചുവന്ന കനൽത്തരി പോലെ ഒന്ന്!!
എന്തായാലും പോയി നോക്കാം. ആശ്വാസത്തിന്റെ ഒരു തരി ആവണം അത്...
"കനലൊരു തരി മതി" എന്ന മന്ത്രം മനസ്സിൽ ജപിച്ചുകൊണ്ട് താഴേക്കു കുതിച്ചു.
"ഇപ്പൊ എവിടേക്കാ കുട്ടീ?" എന്ന അച്ഛന്റെ ചോദ്യത്തിന്, എപ്പോഴും പറയാറുള്ളതു പോലെ "ഇപ്പൊ വരാം" എന്നുമാത്രം പറഞ്ഞു.



എൻ്റെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ കനലിനു താഴെ, പ്രകാശത്തിൻ്റെ വലിയൊരു കണ്ണു തെളിഞ്ഞു.
ഞാൻ ഒരടി പുറകോട്ടു വെച്ചു. വല്ല അന്യഗ്രഹജീവിയുമാണോ?
"കോൻ ഹേ?" ജീവി ചോദിക്കുന്നു.
പെട്ടെന്നുള്ള പരിഭ്രമത്തിൽ ഞാൻ മുഷ്ടിചുരുട്ടി വായുവിലേക്കെറിഞ്ഞ്, ഉറക്കെ വിളിച്ചു പറഞ്ഞു. "ലാൽ സലാം!!"
"ക്യാ?"
സോറി, മാഫ് കീജിയേഗാ.. പാതി ഭയത്തിൽ, മനസ്സിൽ ഉരുവിട്ടിരുന്ന ആപ്തവാക്യത്തിന്റെ ബാക്കി പറഞ്ഞുപോയതാണ്.
സൂക്ഷിച്ചുനോക്കിയപ്പോൾ കയ്യിൽ ടോർച്ചും, ചുണ്ടിലൊരു ബീഡിയുമായി, നമ്മുടെ ഫ്ളാറ്റിലെ വാച്ച്മാൻ!!
അടുത്തു പോയി സ്വയം പരിചയപ്പെടുത്തി. പുതിയ ഫ്‌ളാറ്റിൽ ഇന്ന് താമസം തുടങ്ങുന്നു എന്നൊക്കെ പറഞ്ഞു.

കാര്യത്തിലേക്കു കടക്കണമല്ലോ. ബീഡിയുള്ളതു കൊണ്ട് തീപ്പെട്ടി കാണാതിരിക്കില്ല.
"ഭായ് സാബ്, ഥോഡാ  ആഗ് മിലേഗാ?" അതായത്.. "തീപ്പെട്ടിയുണ്ടോ സഖാവേ?" എന്ന്.
വാച്ച്മാന്റെ മുഖം ടോർച്ചിനേക്കാൾ പ്രകാശിച്ചു.
ഒരു വലിയന് വേറൊരു വലിയൻ തീ ചോദിക്കുന്നതിനേക്കാൾ വേറെ എന്തുണ്ട് ആനന്ദം!!
ബീഡി എനിക്കു നീട്ടിയിട്ട്, അദ്ദേഹം തൻ്റെ ആത്മാവിന്റെ ഒരു കണിക ഞാനെന്റെ ബീഡിയിൽ ആവാഹിക്കുന്നത്തിന്റെ, ആത്മസംയോഗനിർവൃതിയിൽ മുഴുകി.
"ബീഡിയല്ല സഖാവേ, തീപ്പെട്ടിയാണ് വേണ്ടത്" എന്ന എൻ്റെ വിലാപം അദ്ദേഹത്തെ യോഗനിദ്രയിൽ നിന്നുണർത്തി.

എന്റെ സമയം!! തീപ്പെട്ടി ഇല്ലത്രെ. 
വഴിയിൽ കണ്ട ആരുടെയോ ബീഡിയിൽ നിന്ന് പകർന്ന നിർവൃതിയുടെ ചൂടുമായി എത്തിയതാണ്.
ആദ്യം നിരാശ തോന്നിയെങ്കിലും ഹ്രസ്വമായ ഒരു സൈക്കോ അനാലിസിസിനു ശേഷം, "എന്നാൽ ബീഡി മതി" എന്ന് ഞാൻ പ്രസ്താവിച്ചു. 
മടിച്ചു നിന്ന സഖാവിന്, പെട്ടെന്ന് കിട്ടിയ ഒരു നോട്ടെടുത്ത് ഞാൻ നീട്ടി.

100 രൂപ ഒരു ബീഡിയ്ക്ക്!!
അനുവാദത്തിന് കാത്തുനിൽക്കാതെ ഞാൻ ബീഡി തട്ടിയെടുത്ത് ഫ്ലാറ്റ് ലക്ഷ്യമാക്കി ഓടി.

വാച്ച്മാൻ, താൻ ചെയ്ത പുണ്യപ്രവർത്തിയുടെ ആത്മരതിയിൽ നിമഗ്നനായി.
കഞ്ചാവിന് അടിമയായ ഉപഭോക്താവ്, തൻ്റെ ബീഡി വലിച്ച് തല്ക്കാലം കയ്യിന്റെ വിറയൽ മാറ്റുന്നത് അദ്ദേഹം തൻ്റെ അകക്കണ്ണിൽ കണ്ടു.


ബീഡിയുമായി ഓടുന്നത് റിസ്ക് ആയിരുന്നു. തണുപ്പിലും കാറ്റിലും അത് കെട്ടുപോയാൽ ഒരു കുടുംബത്തിന്റെ ആശയും ആശ്രയവുമാണ് അണയുക. അതു സംഭവിച്ചു കൂടാ.
മറാഠി വാച്ച്മാനെ ശിവജി മഹാരാജ് ആക്കിമാറ്റി, അദ്ദേഹത്തിന്റെ ഉമിനീർ ഉൾക്കൊള്ളാൻ ഞാൻ തീരുമാനിച്ചു.

മനസ്സിൽ ഹോമകുണ്ഡം ആളിക്കത്തിച്ച്, ബീഡി ചുണ്ടിൽ വെച്ച് ആഞ്ഞുവലിച്ചു.
ഇതു കൊള്ളാം. ഈ തീ അണയാതെ ഞാൻ അവിടെ എത്തിച്ചിരിയ്ക്കും!!

*****

ഭാഗ്യം!! എല്ലാരും അകത്താണ്. ഹോമം മുടങ്ങും എന്ന ധാരണയിൽ ആരെങ്കിലും ബോധം കെട്ടു കിടക്കുന്നുണ്ടോ എന്തോ!! അതൊക്കെ പിന്നെ അന്വേഷിക്കാം.

തിരുമേനി പൂജയ്ക്കുള്ള പ്രസാദം തയ്യാറാക്കി കഴിഞ്ഞതേ ഉള്ളൂ. തീയില്ലാതെ ഹോമം ചെയ്യാൻ ശാസ്ത്രം അനുവദിക്കുന്നുണ്ടോ എന്ന ആലോചനയിലും ആവാം.

ബീഡി പുറകിലൊളിപ്പിച്ചു വെച്ച്, ഞാൻ അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചു.
"തിരുമേനീ, ആരും അറിയണ്ട. ചെറിയൊരു കനൽ കിട്ടി. അരണി കടഞ്ഞോളൂ"
വിശ്വാസം വരാത്തപോലെ എൻ്റെ മുഖത്തു നോക്കിയെങ്കിലും, കാര്യം നടക്കും എന്ന് എന്തുകൊണ്ടോ അദ്ദേഹത്തിനു തോന്നിയെന്നു തോന്നുന്നു. വിശദ വിവരം ചോദിക്കാനുള്ള സമയമില്ല. പിന്നെ ഈ പൂജ നടന്നില്ലെങ്കിൽ നഷ്ടമാവുന്ന ദക്ഷിണ!!

ഹോമകുണ്ഡത്തിൽ, വിറകും ചകിരിയും വെച്ച് അരണി കടയാൻ തുടങ്ങി. ബീഡി അവരെ കാണിയ്ക്കാതെ ഞാൻ ചകിരിയുടെ അടിയിൽ വെച്ചു. അരണികടച്ചിലിനൊപ്പം വിശറി കൊണ്ട് ചെറുതായി വീശിക്കൊടുത്തപ്പോൾ തീ പിടിച്ചു തുടങ്ങി. അതിൽ നെയ്യും എണ്ണയും ഒഴിച്ചു കൊടുത്തപ്പോൾ തീ ആളിക്കത്തി.
ഈ ശബ്ദങ്ങൾ കേട്ടുവന്നഎല്ലാവരും കാണുന്നത് ആളിക്കത്തുന്ന ഹോമകുണ്ഡമാണ്.

Image result for ganapathi homam


"തീപ്പെട്ടി കിട്ട്യോ?"
"ഇല്ല്യ. അരണി കടഞ്ഞു". ഞാൻ പെട്ടെന്നു പറഞ്ഞു.

പറഞ്ഞതൊന്നും നുണയല്ല!!
മനസ്സിൽ ബാക്കി വന്ന ചോറു കളഞ്ഞ്, ഞാൻ പാത്രം പാടത്തെ കുളത്തിൽ കഴുകി മിനുക്കിയെടുത്തു.





"മുജ്ജന്മസുകൃതം!! തീപ്പെട്ടി കിട്ടാത്തപ്പൊ എല്ലാരും എത്ര വിഷമിച്ചു!! ഇപ്പൊ നോക്കൂ. ഈ കാലത്ത് അരണി കടഞ്ഞു തീ ഉണ്ടാക്കേണ്ടി വന്നു എന്നൊക്കെ പറഞ്ഞാൽ.. എല്ലാം ഒരു നിമിത്തം.. തത്രമുത്തി കാത്തു"
ഭക്തിയുടെ നിർവൃതിയിൽ, ആത്മസാഫല്യത്തിൽ എല്ലാവരും ആറാടി..


എൻ്റെ മനസ്സിൽ ഒരു സംശയം ബാക്കി നിന്നു. തിരുമേനി ബീഡി വലിക്കുമോ? തീ കത്തിപ്പിടിക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ കണ്ണും മൂക്കും വിടരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഇനി വലിക്കുമെങ്കിൽ തന്നെ ഇപ്പൊ എന്താ!! അദ്ദേഹത്തിന്റെ അമ്മയും ചോറു കളഞ്ഞ് പാത്രം കഴുകിയിട്ടുണ്ടാവാം.

"വൈകുന്നേരം ഭഗവത് സേവ.. അപ്പോഴേക്കും തീപ്പെട്ടി കൊണ്ടുവന്നു വെക്കൂ ട്ടോ. മറക്കണ്ട" അച്ഛനാണ്.


****


എന്റെ മനസ്സിൽ ആ ശ്ലോകം ആയിരുന്നു. ഭാവി തലമുറയ്ക്കു വേണ്ടി എനിയ്ക്കത് ചരിത്രത്തിൻ്റെ ചുമരിൽ എഴുതാതെ വയ്യായിരുന്നു.

"തീപ്പെട്ടി പണ്ടില്ലതിനാൽ ജനങ്ങൾ-
ക്കേർപ്പെട്ട കഷ്ടം പറയാവതല്ലാ
ഇപ്പോഴതിൻ മാതിരിയൊന്നുമല്ല ....... "

"തീപ്പെട്ടിയില്ലാതൊരു വീടുമില്ല" എന്ന വരി എഴുതിയിട്ട് ഞാൻ മായ്ച്ചുകളഞ്ഞു.
വരുംകാലങ്ങളിൽ എങ്ങനെയാണെന്ന് ആർക്കറിയാം!!
അന്നത്തെ സാഹചര്യത്തിനനുസരിച്ച് അവർക്കു പൂരിപ്പിയ്ക്കാനുള്ള ഒരു സമസ്യയായി അതവിടെ നിൽക്കട്ടെ!!
അത് എഴുതിച്ചേർക്കാനുള്ള പക്വതയും, വിവേകവും, സ്വാതന്ത്ര്യവും അവർക്കുണ്ടാവട്ടെ!!



**********************

                                                                                                          സതീഷ് മാടമ്പത്ത്




Publisked in Keralite Magazine June 2020






Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...