പ്രണയസംഗീതം

പ്രണയസംഗീതം

സതീഷ് മാടമ്പത്ത്









 


അതിർവരമ്പുകളില്ലാത്ത പ്രേമത്തി-
നരിയ കണ്ണാടിയാവണം മാനസം


അരികിലൊട്ടിയിരിക്കുമാറാകണം 
പറയുവാൻ എന്നുമേറെയുണ്ടാവണം

അറിയുവാൻ തമ്മിലൊന്നുമില്ലാതെയായ്

പിരിയുവാൻ കഴിയാത്തവരാവണം

 

മറകളില്ലാതെയാവണം, തങ്ങളിൽ 
കറ കളഞ്ഞ പ്രണയമുണ്ടാവണം

തളരുമാത്മാവിനുള്ളിൽ, പരസ്പരം

കുളിരുറങ്ങും ഹിമബിന്ദുവാകണം 

 

കനിവു പൂക്കും മനസ്സിന്റെ ജാലകം 
കനവിലേയ്ക്ക് തുറന്ന കണ്ണാവണം

കരകൾ കാണാത്ത നൗക പോൽ, പ്രേമമാം

കടലിലാടിയുലഞ്ഞു നടക്കണം 

 

കരതലങ്ങൾ ചേർത്തൊപ്പം ഗമിയ്ക്കണം

കരളുമാത്മാവുമൊന്നായിരിയ്ക്കണം

അരിയൊരാശ്ലേഷമാമനുഭൂതിയിൽ

അരുമയായ കിടാങ്ങൾ പിറക്കണം 

 

 

എങ്കിലും, അതിലുമേറെയായ് ....

അതിലുമേറെയായ്, ചുറ്റിലും കേഴുന്ന 
പതിത ചിത്തങ്ങൾ കാണുമാറാകണം

അരവയർ കഞ്ഞി കാണാൻ കൊതിച്ചവർ-

ക്കൊരു പൊതിച്ചോർ കരുതുമാറാകണം

 

വയൽ വരമ്പിലായ്ജന്മം പുകച്ചോർക്കു 
വയർ നിറയ്ക്കാൻ കരുതലുണ്ടാവണം

അതിരു കാണാത്ത പാടത്ത്, പ്രേമമാം

പതിരകന്ന കതിർക്കുലകളാടണം

 

അതിരു കാക്കും ജവാന്മാർക്കു രക്ഷയായ്
കരളുരുക്കുന്ന പ്രാർത്ഥന കാക്കണം 

അതിർവരമ്പുകൾ താണ്ടി നാം, പ്രേമത്തി-

നരിയ കണ്ണാടിയാക്കണം മാനസം

 

കദനമെറേക്കുടിച്ചവർ ചൊല്ലുന്ന 

കഥകൾ കേൾക്കുവാൻ നേരമുണ്ടാവണം
കരയുവാൻ കണ്ണുനീർ പൊടിയാത്തവർ-

ക്കൊരു തലോടലിൻ സാന്ത്വനമാവണം 

 

 

വ്രണിത ഗാത്രത്തിലൊപ്പാൻ, പുരട്ടുവാൻ 

പ്രണയമാകുന്ന തൂമധുവൂറണം

തുണയുമാശ്രയവുമില്ലാത്തവർക്കു നാം 

കരുണ തൂവും സഹോദരരാവണം

 

മതമുയർത്തുന്ന വൻമതിൽക്കെട്ടുകൾ 

മതിയിൽ വിഭ്രമം ചാർത്താതിരിയ്ക്കണം 

കപട രാഷ്ട്രീയ, സന്മാർഗ്ഗ വാദികൾ 

ചപലരായ് നമ്മെ മാറ്റാതെ നോക്കണം 

 

നിണമൊഴുക്കാൻ തൊടുക്കും ശരത്തിന്റെ 

മുനയൊടിക്കുവാൻ ത്രാണിയുണ്ടാവണം 

രണമൊരുക്കാൻ മുഴക്കുന്ന കാഹളം 

പ്രണയ സംഗീതഭേരിയിൽ മുങ്ങണം 

 


എങ്കിലും, അതിലുമേറെയായ് ....

അല്ല, അതിനു പാകമായ്‌..

 

അതിനു പാകമായ്‌, സ്വന്തമാത്മാവിനെ, 

തനുവിനെ പ്രണയിക്കുവാനാകണം 

മനുജനുള്ളിൽ തുടിക്കുന്ന പ്രാണന്റെ -

യണുവിൽ, പ്രേമമാം ദൈവമുണ്ടാകണം 

 

പ്രേമമുണ്ടാവണം തന്റെ പ്രാണനെ

പ്രേമമാം വിശ്വചൈതന്യ സത്തിനെ

പ്രേമമേറ്റം പൊഴിക്കുന്ന കൺകളെ

മൂകരോദനം കേൾക്കും  ചെവികളെ

 

രോഗഗ്രസ്തരെത്താങ്ങുന്ന കൈകളെ

വേഗമെങ്ങും ചലിക്കുന്ന കാൽകളെ

രാഗബദ്ധം ശ്വസിക്കുന്ന മൂക്കിനെ

നാക്കിനെ, പ്രണയിക്കേണമെപ്പോഴും

 

സ്വന്തമുള്ളിൽ സ്പുരിക്കും പ്രകാശമീ

മണ്ണിലെങ്ങും നിറഞ്ഞു കത്തുമ്പോൾ, ഈ

മണ്ണിനെ പ്രണയിക്കുന്ന മാനവൻ

തന്നെ മാത്രം മറക്കുന്നതെങ്ങനെ?

 

നിലയുറയ്ക്കാത്ത മാനസം പൂണ്ടവർ

അബല മാനസം കാണുന്നതെങ്ങനെ?

അവനവനെ പ്രണയിക്കാത്ത മർത്യനീ

അവനിയെ പ്രണയിക്കുന്നതെങ്ങനെ?

 

************


YouTube Link:

https://www.youtube.com/watch?v=YZ9TK83RMiE




Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...