പൊന്നോണം
സപ്തമശ്രീ പൊന്നോണം
ഓണം എല്ലാ മലയാളികളുടെയും സ്വകാര്യമായൊരു അഹങ്കാരം ആണ്. പ്രളയവും കോറോണയും വരുത്തിയ ക്ഷീണം മറന്നു കേരളം ഉഷാറായി ഓണത്തെ വരവേറ്റ ഒരു കൊല്ലമാണ് കടന്നു പോയത്. ലോകത്തിന്റെ പല കോണുകളിൽ ഇരുന്നു ഓണം കൊണ്ടാടിയ ഞങ്ങളുടെ തിരുവോണ വിശേഷങ്ങളിലേക്ക്......
നാട്ടിലെ പുതിയ വീട്ടിൽ ഓണം കൂടിയതിന്റെ വിശേഷങ്ങൾ ആണ് സുനിക്ക് പറയാനുള്ളത്
"നാട്ടിൽ സ്വന്തം വീട് വാങ്ങിയത് ഈ വർഷമാണ്. അവിടെത്തന്നെ ഓണവും ആകാമെന്ന് വെച്ചു. സത്യത്തിൽ എല്ലാവരും ഒന്നിച്ചുള്ള ഓണമാണ് ആഗ്രഹിച്ചതെങ്കിലും അങ്ങനെ നടന്നില്ല 😔. പിന്നെ ഞങ്ങൾ രണ്ടു പേരും സുഹൃത്തിന്റെ ഉമ്മയും. അതായിരുന്നു ഈ ഓണത്തിന്റെ ഹൈലൈറ്റ്. ആ ആന്റി ഒരുപാട് നാളായി പുറത്ത് പോയിട്ടില്ല. സസ്യാഹാരം പെരുത്തിഷ്ടം. കുട്ടികളെപ്പോലെ എക്സൈറ്റഡ് ആയിരുന്നു ആന്റി.
പിന്നെ പതിവുപോലെ ഭർത്താവ് വീട് വൃത്തിയാക്കൽ. ഭാര്യ അടുക്കളയൊരുക്കൽ. ഭർത്താവ് തേങ്ങ ചിരകൽ. ഭാര്യ പാചകം. പശ്ചാത്തലത്തിൽ ഓണപ്പാട്ടിനു പകരം ഒരു റെഡ് ഇന്ത്യന്റെ മുളങ്കുഴൽ സംഗീതം.
എല്ലാം കഴിഞ്ഞ് ഓണക്കോടിയുടുത്തു സദ്യ കഴിക്കൽ. ഓണസെൽഫി. പോരെ മച്ചാനെ 😂"
തിരുവോണ പിറന്നാളിന് കിട്ടിയ വിലമതിക്കാനാകാത്ത സമ്മാനത്തിന്റെ വിശേഷം പറഞ്ഞാണ് രശ്മി വരുന്നത്.
തോരാതെ പെയ്യുന്ന മഴയിലേക്കാണ് ഈ വർഷം തിരുവോണം ഉണർന്നത്. ഓണവെയിലും ഓണത്തുമ്പിയും ഒന്നുമില്ലാതെ മൊത്തത്തിൽ ഓണമഴ മാത്രമായിരുന്നു. "നാശം പിടിച്ച മഴ "എന്ന് പരാതി പറഞ്ഞു പറഞ്ഞു അടുക്കളയിൽ അമ്മ സദ്യ പരിപാടികൾക്ക് വട്ടം കൂട്ടി. തിരുവോണം എന്റെ പിറന്നാളുകൂടിയാണ്.😃 നല്ലൊരു ദിവസം വന്നു ജനിച്ചതുകൊണ്ട് പിറന്നാളിന് യാതൊരു വിലയും ഉണ്ടാവാറില്ല😏
തേങ്ങ ചിരകിയും പച്ചക്കറികൾ അരിഞ്ഞും അടുക്കളയിൽ നമ്മളുടെ സാനിധ്യം അറിയിച്ചു വേഗം പുറത്തു ചാടി. കുട പിടിച്ചും പകുതി നനഞ്ഞും കുറെ പൂക്കൾ ഇറുത്തു. ചാണകം മെഴുകിയ മുറ്റത്തു ആ പൂക്കൾ ഭംഗിയിൽ കളം തീർത്തു. മോന്റെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കുന്ന മനോഹരമായൊരു ഓർമയായിരിക്കണം ഓണം എന്നോർത്താണ് പൂക്കളവും സദ്യയും ഒക്കെ ഒരുക്കിയത്. അടുത്ത ബന്ധത്തിൽ പെട്ട ഒരു അമ്മാവൻ മരിച്ചിട്ട് 1 മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാലുമെന്തോ മോനു വേണ്ടി ഓണം ആഘോഷിക്കണം എന്ന് തോന്നി.
കിട്ടിയ ഓണകോടികൾ മാറി മാറി ഇട്ടു ഭംഗി നോക്കി, ഇലയിൽ ഉണ്ണാൻ ധൃതികൂട്ടി, ഉപ്പേരിയും പപ്പടവും വാരി വിതറി, ആർപ്പ് വിളിച്ചു ഊഞ്ഞാൽ ആടി അവൻ ഓണം ഉഷാറാക്കിതന്നു. ആ കുഞ്ഞിക്കണ്ണുകളിലെ തിളക്കമായിരുന്നു എനിക്ക് കിട്ടിയ പിറന്നാൾസമ്മാനം
പ്രിയപെട്ടവരുടെ അനാരോഗ്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഇടയിൽ കടന്നു പോയ ഓണത്തെപ്പറ്റിയാണ് ഇന്ദു പറയുന്നത്
കോരിച്ചൊരിയുന്ന മഴയിലും ചുട്ടു പൊള്ളിയ കർക്കിടകവും, നേരീയ ആശ്വാസത്തിന്റെ നനവു പടർത്തിയ ഓണക്കാലവുമായിരുന്നു ഇത്തവണ. ഏറ്റവും പ്രീയപ്പെട്ടവരുടെ അനാരോഗ്യത്തിന്റെയും അനിശ്ചിതാവസ്ഥയുടെയും ഇടയിൽ കലുഷിതമായതും, ആഘോഷിക്കാതിരിക്കാൻ കാരണങ്ങളില്ലാത്തതിനാൽ മാത്രം ആഘോഷിച്ചതുമായ ഒരോണം. എന്നിരുന്നാലും തിരുവോണ ദിവസം സദ്യ തയാറായി വന്നപ്പോൾ വീട്ടിൽ ഓണത്തിന്റേതായ ഒരുന്മേഷം നിറഞ്ഞിരുന്നു
കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
കക്കാടിന്റെ ഈ വരികൾ ഓർത്തു പോവുന്നു. സന്തോഷം നിറഞ്ഞ മറ്റൊരു ഓണക്കാലത്തിനായി പ്രർത്ഥനകളോടെ...
ഏതു പ്രതികൂല സാഹചര്യത്തിനിടയിലും സന്തോഷത്തിന്റെ ഇത്തിരി വെട്ടം കണ്ടെത്തുന്നതെങ്ങനെയെന്നു കാണിച്ചു തരുന്നതാണ് ദീപയുടെ ഓണവിശേഷം
ഈ തിരുവോണം കുറച്ച് നന്നായി ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. സജീഷ് ഒരാഴ്ച ലീവെടുക്കാം, മോനും വെക്കേഷൻ, സജീഷിന്റെ വീട്ടിൽ എല്ലാവരും കൂടി ഓണാഘോഷം, ഒരു മൂവി, ചെറിയ ഒരു യാത്ര.. എല്ലാവർക്കും ഓണക്കോടിയും വാങ്ങി വച്ചു.. ഇതിനൊക്കെയുള്ള മുന്നൊരുക്കം എന്ന നിലയിൽ ചെറിയ മൂക്കടപ്പു മാത്രമുള്ള മോനെ മഴയാണ്, തണുപ്പടിച്ച് അസുഖമൊന്നും വരുത്തണ്ട എന്നും പറഞ്ഞ് ഒരാഴ്ച സ്കൂളിലും വിട്ടില്ല.. എന്നിട്ടും ഒന്നാം തീയതി വൈകിട്ട് പെട്ടെന്ന് തുടങ്ങിയ പനി ഞായറാഴ്ച അവനെ ആശുപത്രിയിലാക്കി...
അവന്റെ അവസ്ഥ കണ്ടപ്പോഴേ മനസ്സിലായി ഈ ഓണം ഞങ്ങൾ അവിടെത്തന്നെ കൂടേണ്ടി വരുമെന്ന്..
ഉത്രാടത്തിന്റെയന്ന് വൈകിട്ടായപ്പോഴേക്കും പനി കുറഞ്ഞ് മോനൊന്ന് ഉഷാറായി തുടങ്ങി. അവന് അപ്പോൾ പൂക്കളം വേണം.
സജീഷ് പോയി കുറച്ച് പൂക്കൾ വാങ്ങി വന്നു. ആ മുറിയിൽ ഞങ്ങൾ ഒരു കൊച്ചു പൂക്കളമൊരുക്കി. ഓണക്കോടി വീട്ടിൽ ആയിപ്പോയതിനാൽ ഇടാൻ സാധിച്ചില്ല. അടുത്ത ഫ്ലാറ്റിൽ നിന്നും അവരുണ്ടാക്കിയ ഓണസദ്യ മോനു വേണ്ടി അവർ കൊണ്ടു വന്നു തന്നു.
ഞങ്ങൾ നിലത്ത് ഇലയൊക്കെയിട്ട് അത് കഴിച്ചു. ആശുപത്രിയിലെ കുറെ ഡോക്ടേഴ്സും നഴ്സുമാരുമൊക്കെ ഞങ്ങളുടെ പൂക്കളം കാണാൻ വന്നതും മോനെ ഓണാശംസകൾ അറിയിച്ചതും എല്ലാം കൂടി ഞങ്ങളുടെ ഹോസ്പിറ്റലോണവും എന്നും ഓർമ്മിക്കാനുളള ഒരു കുഞ്ഞു സംഭവമായി മാറി.
അപ്രതീക്ഷിതമായ വേർപാടുകൾ തീർക്കുന്ന വേദനകൾക്കിടയിൽ കടന്നു വന്ന ഓണത്തെ കുറിച്ചാണ് അജിത എഴുതുന്നത്
ഓണക്കാലമാകുമ്പോൾ ഏറ്റവുമാദ്യം മനസ്സിലേക്കോടിയെത്തുന്നത് പൂക്കളമാണ്. കുട്ടിക്കാലത്ത് ഓണാവധിക്ക് , പൂക്കളമിടാൻ അത്തം മുതൽ തൊടിയിലും വേലിപ്പടർപ്പുകളിലും പൂക്കളെ തേടി ഉത്സാഹത്തോടെ ഓടി നടക്കുമായിരുന്നു. അറിയാവുന്ന പോലെ ഉമ്മ ചെറിയൊരു സദ്യ ഒരുക്കും. തറവാടിന്റെ തൊട്ടു തെക്കേതിലെ രാമകൃഷ്ണേട്ടന്റെ വീട്ടിൽ നിന്നും നല്ല ഓണപ്പായസം എത്തും. ഒരേ കുടുംബം പോലെ കഴിയുന്നവരായിരുന്നു ഞങ്ങൾ. എന്റെ പ്രിയതമന്റെ പിറന്നാൾ ദിനം കൂടിയാണ് തിരുവോണം. അതുകൊണ്ട് തന്നെ വിവാഹശേഷം ഓണസദ്യ വിസ്തരിച്ചുണ്ടാക്കും. ഈ തിരുവോണത്തിന് പതിവ് പോലെ സദ്യ ഒരുക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ്, ഓണത്തിനൊരാഴ്ച മുമ്പ്, പെട്ടെന്ന് ആരോടും പറയാതെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് രാമകൃഷ്ണേട്ടൻ ജീവിതത്തിൽ നിന്നൊളിച്ചോടിയത്. എനിക്ക് സ്വന്തം സഹോദരനെ പോലെയായിരുന്ന ചേട്ടന്റെ മരണം വല്ലാത്തൊരു ഷോക്കായിരുന്നു. തിരുവോണത്തിന്റെയന്നായിരുന്നു സഞ്ചയനം. രാവിലെ അവിടെ പോയി ചടങ്ങിലൊക്കെ പങ്ക് കൊണ്ടു. ഉച്ചയാകാറായപ്പോൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും മനസ്സും ശരീരവും ഒരുപോലെ തളർന്നിരുന്നു. ഭക്ഷണം ഒന്നും ഉണ്ടാക്കാൻ നിൽക്കാതെ കിടന്നു. ഇക്ക നിർബ്ബന്ധിച്ചപ്പോൾ കൂടെ പുറത്തുപോയി ഭക്ഷണം കഴിച്ച് തിരികെ വീട്ടിലെത്തി. കുറെ നേരം ചേട്ടനേയും കുടുംബത്തേയും ഓർത്തു സങ്കടപ്പെട്ട് കിടന്ന്, എപ്പോഴോ ഉറങ്ങിപ്പോയി. വൈകിട്ട് മോൻ വീട്ടിലെത്തിയപ്പോഴാണ് വീട്ടിലൊരനക്കമുണ്ടായത് തന്നെ. ജീവിതത്തിലെ ചില യാദൃശ്ചികതകൾ, അതല്ലെങ്കിൽ ദുരന്തങ്ങൾ നമ്മെ ആകപ്പാടെ തളർത്തിക്കളയരുതെന്ന തിരിച്ചറിവിൽ മൂന്നാം ഓണത്തുനാൾ മോനിഷ്ടപ്പെട്ട സേമിയാപായസം ഉണ്ടാക്കി. 2022ലെ ഓണം അങ്ങനെ അവസാനിച്ചു.
തിരുവന്തപുരത്തും കൊടുങ്ങലൂരും ഓടി നടന്നു ഓണം ആഘോഷിച്ചു ക്ഷീണിച്ച സന്ധ്യയുടെ വിശേഷങ്ങൾ.....
എത്ര ആഘോഷം ഇല്ല എന്ന് മാറി നിന്നാലും നമ്മളെ വലിച്ചുഅടുപ്പിച്ചു അഘോങ്ങളിലേക്ക് തള്ളിയിടുന്നതാണ് പലപ്പോഴും ഓണം എന്ന് എനിക്ക് തോന്നാറുണ്ട്. കാരണം ഇത്തവണ സുമന്റെ അച്ഛൻ മരിച്ചു വീട്ടിൽ ആഘോഷണങ്ങൾ ഉണ്ടായില്ല. അതും അല്ല അത്തം തൊട്ട് തുടങ്ങിയ വൈറൽ fever മൊത്തത്തിൽ അവശയാക്കി എന്നാലും വാശി പിടിച്ചു എന്റെ വീട്ടിൽ പോയി ഓണം ആഘോഷിക്കാൻ.
എന്നിട്ടോ? ഓണത്തിന്റെ തലേന്ന് വരെ hospital ഇൽ ആയിരുന്നെങ്കിലും തല പൊക്കിയ രണ്ട് ദിവസം, കനക കുന്നിൽ ഓണാഘോഷം കാണാൻ പോയി, എന്തോ ദുൽഖർ ന്റെ ഭാഗ്യം എന്ന് പറയട്ടേ അന്ന് ദുൽഖർ സൽമാൻ ആണ് ഓണാഘോഷം ഉത്ഘാടനം ചെയ്യാൻ വന്നത്.
ഓണത്തിന്റെ അന്ന് അമ്മക്ക് സുഖം ഇല്ലാത്തതുകൊണ്ട് നമ്മുടെ പാട്ടുകാരൻ M ജയചന്ദ്രന്റെ wife കച്ചവടം ചെയ്ത ഓണം സദ്യ വാങ്ങി 5 ഊണ് 3500 rs അതായത് 600 Rs ഒരു ഊണിനു, കയ്യിൽ കിട്ടിയപ്പോൾ 5 ചിപ്സ് എണ്ണി വെച്ചിരിക്കുന്നു. പഴം നമ്മുടെ ചെറു വിരലിന്റെ വണ്ണവും വലുപ്പവും, കറികൾ രണ്ടാൾക്കുള്ളത് ഇല്ല. ഉണ്ണാൻ ഇരുന്ന അച്ഛൻ ഇപ്പോ വരാം എന്ന് പറഞ്ഞു പോയി ജയചന്ദ്രൻ ചേട്ടന്റെ കണ്ടു പത്തു പറഞ്ഞു പോന്നു, വൈകി സദ്യ കഴിച്ചു. അതിന്റെ ക്ഷീണത്തിന് വൈകിട്ട് ഓണഘോഷം കാണാൻ പോയി, പിറ്റേന്ന് വീണ്ടും തിരിച്ചു കൊടുങ്ങല്ലൂർ
അപ്പോഴാണ് അറിഞ്ഞത് അസോസിയേഷൻ ആഘോഷം ഉണ്ട്, അപ്പോൾ തന്നെ dance ന് practice തുടങ്ങി, പൂക്കള മത്സരത്തിന് design ഒരുക്കി, ശെരിക്കും ഓണം അപ്പോഴാണ് തുടങ്ങിയത്, പിന്നീട് മത്സരം മൂന്നാം സ്ഥാനം കിട്ടി, മൂന്ന് ടീമേ ഉണ്ടായുള്ളൂ 😂😂
കസേരകളി, last റൗണ്ടിൽ കസേര വേറെ ചേച്ചി കൊണ്ടുപോയി second prize ഇല്ല തേഞ്ഞു, നമ്മൾ വിടുമോ, കയ്യിൽ വെള്ളം എടുത്തു bottle നിറക്കണം അടുത്ത game, ഈ കുഞ്ഞി കയ്യിൽ വെള്ളം കോരിയാൽ നിറയോ അവിടെയും തേഞ്ഞു, അടുത്തത് lemon race ഫസ്റ്റ് അടിച്ചു, അടുത്തത് നൂലും സൂചി കോർത്തു ഓട്ടം, നമ്മുടെ area അല്ലെ അതും first, അടുത്തത് സുന്ദരിക്ക് പൊട്ടു കുത്തൽ, കണ്ണ് കെട്ടിയത് മെനക്ക് കേട്ടാത്തത് കൊണ്ട് ഒരുവിധം തറ നോക്കി നടന്നു second അടിച്ചു.
അങ്ങനെ മൂന്ന് സമ്മാനവും അടിച്ചു, ഉച്ചക്ക് സദ്യയും കഴിച്ചു, ഡാൻസും കളിച്ചു, പൗളിച്ചു അടുക്കിയ ഓണം
ഓണം അല്ലേലും വല്ലാത്തൊരു പഹയൻ ആണ് 😁
എല്ലാവരും വീട്ടിൽ ഇരുന്നു ആഘോഷിച്ചപ്പോ ഊട്ടിയിൽ പോയി ആഘോഷിച്ച ഓണത്തിന്റെ വിശേഷങ്ങളുമായാണ് കവിത എത്തുന്നത്
ഈ വർഷത്തെ ഓണക്കാലം യാത്രയിൽ ആയിരുന്നു.. കുടുംബവുമൊത്ത് ഊട്ടി വയനാട് കറങ്ങി... തിരുവോണത്തിന്റെ അന്ന് ഊട്ടിയിൽ ആയിരുന്നു. അവിടെ ഒരു മലയാളി ചേട്ടന്റെ കടയിൽ നിന്നും ഒരു ഗ്ലാസ് പാലട പ്രഥമൻ കഴിച്ചു ഓണം അവസാനിപ്പിച്ചു... സുഹൃത്തുക്കളുടെ വാട്സാപ്പ് status ഉം പോസ്റ്റുകളും മറ്റും കണ്ടു നിർവൃതിയടഞ്ഞു
ലോകത്തിന്റെ ഏതു കോണിൽ ആയാലും ഏതു സാഹചര്യങ്ങളിൽ ആയാലും നമ്മുടെയൊക്കെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഓണം ഒരു വികാരമായങ്ങനെ നിറഞ്ഞു നിൽക്കും. ഓരോ ഓണക്കാലവും അടുത്ത ഓണം വരെ ഓർക്കാനുള്ള നല്ല കുറെ ഓർമകളുടെ പൂക്കാലം മനസ്സിൽ തീർത്താണ് കടന്നു പോകുന്നത്. വരും വർഷങ്ങളിൽ കൂടുതൽ പൂക്കൾ വിടരട്ടെ... നിറങ്ങൾ തിളങ്ങട്ടെ... സുഗന്ധം പരക്കട്ടെ 🙏🏻
Comments
Post a Comment