മുത്തി പറഞ്ഞ കഥ - പത്തേരിപ്പല്ലൻ
പണ്ടുപണ്ട്...
ഒരു നാട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു. ആർക്കും ഒരു ഉപദ്രവവുമില്ലാത്ത ഒരു പാവം കുട്ടി.
ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. വായ് നിറച്ചും കോന്ത്രൻപല്ലുകൾ!!
മാത്രമല്ല, പല്ലും തേയ്ക്കില്ലായിരുന്നു.
വൃത്തികേടും വായ്‌നാറ്റവും സഹിക്കാൻ വയ്യാതെ കൂട്ടുകാർ കളിയാക്കി വിളിച്ചു.
"പത്തേരിപ്പല്ലൻ"
(വായിൽ പത്തുവരി പല്ലാണെന്നു പറഞ്ഞു കളിയാക്കി വിളിച്ച "പത്തുവരിപ്പല്ലൻ" ആണ് "പത്തേരിപ്പല്ലൻ" ആയത്.)
*****************
ഒരു ദിവസം പത്തേരിപ്പല്ലൻ കുറച്ചു ദൂരത്തുള്ള ഒരു ബന്ധുവീട്ടിൽ അടിയന്തരം ഉണ്ണാൻ പോയി.
തിരിച്ചു വരുമ്പോൾ രാത്രിയായി.
പാടങ്ങളുടെ നടുവിലൂടെ നടന്നു വരുമ്പോൾ ഒരുപാടു ഭക്ഷണം കഴിച്ചതു കൊണ്ട് ഉറക്കം വന്നുതുടങ്ങി.
അങ്ങിനെ പനങ്കൂട്ടങ്ങളുടെ ഇടയിൽ ഇരുന്നു ഇളംകാറ്റേറ്റ് മയങ്ങിപ്പോയി.
ആ പനകളുടെ മുകളിൽ കുറെ യക്ഷികൾ ആയിരുന്നു താമസം.
രാത്രിയായപ്പോൾ അവർ താഴെ ഇറങ്ങിവന്നു.
കൂർക്കം വലിച്ച്, വായ തുറന്നു വച്ചുറങ്ങുന്ന പത്തേരിപ്പല്ലനെ കണ്ടു.
വായിൽ നിറച്ചു പല്ല്!! പല്ലിൽ നിറച്ചു ഭക്ഷണപദാർത്ഥങ്ങൾ!!
അവർക്കു നല്ല സന്തോഷമായി - ഇന്നത്തെ കാര്യം കുശാൽ!!
അവർ ഓരോ പല്ലായി ഊരിയെടുത്ത്, അതിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ പത്തേരിപ്പല്ലൻ ഉണർന്നു.
കണ്ണു തുറന്നപ്പോൾ ചുറ്റും കുറേ യക്ഷികൾ!!
ശബ്ദം ഉണ്ടാക്കിയാൽ കൊന്നു തിന്നും എന്നു പേടിച്ച് കണ്ണടച്ച് മിണ്ടാതെ കിടന്നു, വീണ്ടും ഉറങ്ങിപ്പോയി.
യക്ഷികൾ ഭക്ഷണമൊക്കെ കഴിച്ച്, വൃത്തിയാക്കിയ പല്ലുകൾ വായിൽ തിരിച്ചു പിടിപ്പിച്ചു.
രാവിലെ പത്തേരിപ്പല്ലൻ എഴുന്നേറ്റ് വീട്ടിലേക്കു നടന്നു.
******************
ആദ്യം നാട്ടുകാർക്കൊന്നും പത്തേരിപ്പല്ലനെ മനസ്സിലായില്ല.
ഏതോ ഒരു സുന്ദരക്കുട്ടപ്പൻ വേറെ എവിടെനിന്നോ വന്നതാണെന്നാണ് അവർ വിചാരിച്ചത്.
പത്തേരിപ്പല്ലൻറെ അടുത്ത കൂട്ടുകാരൻ രാമുവാണ് സത്യം കണ്ടുപിടിച്ചത്.
"നീ എങ്ങനെയാടാ ഇത്ര സുന്ദരനായത്?"
പത്തേരിപ്പല്ലന് ഒന്നും മനസ്സിലായില്ല. പുഴയിലെ വെള്ളത്തിൽ നോക്കിയപ്പോഴാണ്, വായിൽ വൃത്തിയായി നിരന്ന മുല്ലമൊട്ടുകൾ പോലെ ഉള്ള പല്ലുകൾ!!
പനമുകളിലെ യക്ഷികൾ വായിൽ പല്ലുകൾ ഭംഗിയായി തിരിച്ചു പിടിപ്പിച്ചതായിരുന്നു.
രാമു പിന്നെയും ചോദിച്ചു.
"ഒന്നു പറഞ്ഞു താടാ.. ഇതെങ്ങനെ പറ്റി?"
എങ്ങനെയാണെന്ന് പത്തേരിപ്പല്ലനും മനസ്സിലായില്ല. ഓർത്തു നോക്കിയപ്പോൾ, ആകെ നടന്ന സംഭവം ഇന്നലത്തെ അടിയന്തിരം ആണ്. പിന്നെ യക്ഷികൾ!!
നടന്ന സംഭവം ഒക്കെ ഓർമയുള്ളതു പോലെ പറഞ്ഞു കൊടുത്തു. "യക്ഷികളുടെ മന്ത്രവിദ്യ ആയിരിക്കും!!"
*****************
അടുത്ത ദിവസം, രാമു ബന്ധുവീട്ടിൽ വിരുന്നിനു പോയി.
ആവശ്യത്തിലും ഒരുപാടധികം ഭക്ഷണം കഴിച്ചു.
ഒരുപാട് ഭക്ഷണം പല്ലുകളുടെ ഇടയിൽ തേച്ചുപിടിപ്പിച്ചു, പല്ലു തേച്ചില്ല.
എന്നിട്ട്, പത്തേരിപ്പല്ലൻ വന്ന അതേ വഴിക്ക് തിരിച്ചു നടന്നു.
പനമരങ്ങളുടെ ചുവട്ടിൽ കിടന്നു.
രാമുവിന്റെ പല്ലുകൾക്ക് ഭംഗികേടൊന്നും ഉണ്ടായിരുന്നില്ല,
എന്നാലും...
നടക്കാൻ പോകുന്ന അത്ഭുതമോർത്തിട്ട് രാമുവിന് ഉറക്കമേ വന്നില്ല.
വെറുതെ ഉറക്കം നടിച്ച് കിടന്നു.
രാത്രി കുറച്ചായപ്പോൾ പനകളുടെ മുകളിൽ നിന്ന് യക്ഷികൾ ഇറങ്ങി വന്നു.
ഇന്നലത്തെ പോലെത്തന്നെ വായിൽ നിറച്ച് ഭക്ഷണവുമായി ഒരു കുട്ടി!!
അവർക്കു ഒരുപാട് സന്തോഷമായി.
അവർ രാമുവിന്റെ പല്ലുകൾ ഊരിയെടുത്ത്, അതിലെ ഭക്ഷണമൊക്കെ കഴിച്ച്, പല്ലുകൾ നക്കിവൃത്തിയാക്കി.
രാമുവിന്റെ ഹൃദയം പടപടാ അടിയ്ക്കുകയായിരുന്നു.
പല്ലുകളൊക്കെ വൃത്തിയാക്കി, തിരിച്ചുവെയ്ക്കാൻ തുടങ്ങുമ്പോൾ രാമു പറഞ്ഞു.
"കൂട്ടരേ... കാര്യമൊക്കെ ശരി..
പക്ഷെ പത്തേരിപ്പല്ലൻ്റെ പല്ലിനേക്കാൾ പത്തിരട്ടി നന്നാവണം ട്ടോ എന്റെ പല്ല്!!"
പ്രതീക്ഷിക്കാതെ ഉണർന്നു സംസാരിച്ച രാമുവിന്റെ ശബ്ദം കേട്ട് യക്ഷികൾ പേടിച്ച് പനമുകളിലേയ്ക്ക് പറന്നു പോയി - പല്ലൊന്നും തിരിച്ചു വെയ്ക്കാതെ..
പല്ലൊക്കെ പോയ രാമു തൻ്റെ അത്യാഗ്രഹത്തെ പഴിച്ച്, കരഞ്ഞുകൊണ്ട് വീട്ടിലേയ്ക്കു നടന്നു.
സതീഷ് മാടമ്പത്ത്/
(Late) മുത്തി (മാടമ്പത്ത് പാർവതിയമ്മ )
Comments
Post a Comment