ശങ്കരൻ നായാടി








ശങ്കരൻ നായാടി
------------------------------------


ഭദ്രകാളിയ്ക്കു കലി കയറി.
ആദ്യമായിട്ടാണ് ഒരാൾക്കിത്ര ധിക്കാരം!!
ഭക്തന്റെ നീണ്ട തപസ്സിനൊടുവിൽ പ്രത്യക്ഷപ്പെട്ടതാണ്!!

ചോരയിറ്റു വീഴുന്ന നീണ്ട നാക്ക്..
കൂർത്തുനീണ്ട ദംഷ്ട്രകൾ..
കനൽക്കട്ടകൾ പോലത്തെ കണ്ണുകൾ..
തലയോട്ടിമാല..
അഴിച്ചിട്ട മുടി..
പത്തു കൈകളിൽ ആയുധങ്ങൾ, ദാരികന്റെ തല..


"ദേവി ക്ഷമിയ്ക്കണം. അടിയന് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല.  ഇത്ര ഘോരരൂപിണിയായ, ശത്രുസംഹാരിണിയായ ദേവിയുടെ പാതാളം പോലത്തെ ആ മൂക്ക്!! ഒരു ജലദോഷം വന്നാലുള്ള അവസ്ഥ ആലോചിച്ചു പോയി"

"ഹ ഹ ഹ ഹ ഹ ......"
നാറാണത്തു ഭ്രാന്തൻ നിലത്ത് വീണുരുണ്ടു ചിരിച്ചു.


"അല്ല മുത്തീ, പ്രാന്തനായതോണ്ടാണോ പേടി ഇല്ലാത്തത്?"
അതുവരെ നല്ല രസത്തിൽ കഥകേട്ടുകൊണ്ടിരുന്ന കുഞ്ചുണ്ണൂലിയ്ക്ക് അതായിരുന്നു സംശയം! 

"ഏയ്, അല്ല കുട്ടീ. വരരുചിടെ പറയി പെറ്റ പന്തിരുകുലത്തിലെ  ദിവ്യനായിരുന്നു നാറാണത്തു ഭ്രാന്തൻ. ദൈവാംശം ഉള്ള ആൾ, ത്രികാല ജ്ഞാനി!! ആൾക്കാരടെ മുമ്പില് പ്രാന്തനായി നടക്ക് ണൂ ന്നേ ള്ളൂ"

"ത്രികാല ജ്ഞാനി ന്ന് വെച്ചാ എന്താ മുത്തീ?
"അങ്ങനെ പറഞ്ഞാൽ, അവർക്ക് അറിയാത്തതായി ഒന്നൂല്ല്യ ന്ന് അർഥം"

"അപ്പൊ നാറാണത്തു ഭ്രാന്തന് ഇംഗ്ളീഷും അറിയോ?"

മുത്തി പൊട്ടിച്ചിരിച്ചു.
"ഒക്കെ അറിയും! മതി, ഇനി ഒറങ്ങിക്കോളൂ. ഈ കുട്ടിടെ ഒരു കാര്യം!"

-------------------------------

"അച്ഛാ, നിയ്ക്ക് ഇംഗ്ളീഷ് പഠിക്കണം"
"കുഞ്ചുണ്ണൂലി ബഡെ വരൂ." 
സ്നേഹം കൂടുമ്പോൾ അച്ഛൻ അങ്ങനെയേ വിളിക്കൂ.
സ്നേഹത്തോടെ വിളിച്ചു മടിയിലിരുത്തി.
"ഉണ്ണി പഠിച്ചിട്ടുണ്ടല്ലോ"

അതെ, ശരിയാണ്. പഠിച്ചിട്ടുണ്ട് - രണ്ടാം ക്ലാസ്സ് വരെ. നാട്ടെഴുത്ത്.
എഴുത്തശ്ശൻ വിരൽ പിടിച്ച് മണലിൽ ഹരിശ്രീ കുറിച്ചു.
മണലിൽ തന്നെ എഴുതി പഠിപ്പിച്ചു. എഴുതിയത് തെറ്റിയപ്പോൾ വിരൽ പിടിച്ചു മണലിൽ അമർത്തി വീണ്ടും എഴുതിച്ചു - ചോര പൊടിയുന്നതു വരെ!
പേടിച്ചു വിറച്ചിട്ടാണ് പോയിരുന്നത്. എന്നാലും പോവും. പഠിക്കാൻ ഇഷ്ടമായിരുന്നു, ഒരു പാട്.

"അതല്ല അച്ഛാ, ഇംഗ്ളീഷ് പഠിക്കണം."
"അതിന് ഉണ്ണിയ്ക്ക് ഇംഗ്ളീഷും അറിയാല്ലോ."

കുഞ്ചുണ്ണൂലിയ്ക്ക് ദേഷ്യം വന്നു. കൊഞ്ഞനം കുത്തിക്കൊണ്ട് ചാടി എണീറ്റു. ഒരു പിടി വൈക്കോൽ കയ്യിലെടുത്ത് അവൾ തൊഴുത്തിലേയ്ക്ക് നടന്നു. നന്ദിനിപ്പയ്യിന് വൈക്കോൽ ഇട്ടു കൊടുത്തിട്ട് പറയാൻ തുടങ്ങി.
"ഈ അച്ഛന് ബുദ്ധി ല്ല്യേ? നിയ്ക്ക് ഇംഗ്ലീഷ് അറിയാം ത്രെ. ആ കാലൻ എഴുത്തശ്ശൻ മണലില് ചോര വരുത്തി എഴുതിച്ചത് ഇംഗ്ളീഷാ? 
മുൻഷിമാഷ് പറഞ്ഞു കേട്ട ഇംഗ്ളീഷിന്റെ കഥയാണ് അച്ഛൻ ഈ പറയണത്.
സി ഏ ടി - ക്യാറ്റ് - പൂച്ച.
ഐ - ഞാൻ 
ആം - ആകുന്നു
എ - ഒരു 
ബോയി - ആൺകുട്ടി 
ഐ ആം  ബോയി - ഞാൻ ഒരു ആൺകുട്ടി ആകുന്നു.
അതിന് ഞാൻ ആൺകുട്ടി ആണോ? പെൺകുട്ടിയ്ക്ക് എന്താ പറയാ? അത് പഠിക്കണ്ടേ?
ഇവരോട് പറഞ്ഞിട്ട് ഒരു കാര്യല്ല്യ. മനസ്സിലാവില്ല."

ഉണ്ണീടെ സങ്കൽപ്പത്തിൽ നന്ദിനിയ്ക്ക് എല്ലാം മനസിലാവുമായിരിയ്ക്കും.
അതോ അവരോടൊക്കെ പറയുന്നതിലും ഭേദം പയ്യിനോട് വേദം ഓതുന്നതാണ് എന്ന് വിചാരിച്ചിട്ടോ എന്തോ."

"ഉണ്ണീ... ഈ കുട്ടി എവടെ പോയി ഇരിയ്ക്കയാണ്?" വലിയമ്മാമയുടെ വലിയ ശബ്ദം.
കുഞ്ചുണ്ണി ഉണർന്നിട്ടുണ്ടാവും.

കുഞ്ചുണ്ണി ജനിച്ചപ്പോൾ, വലിയമ്മാമയാണ് തീർപ്പു കൽപ്പിച്ചത്.
"കൃഷ്ണാ, കുഞ്ചുണ്ണൂലിടെ നാട്ടെഴുത്ത് നിർത്തിക്കോളൂ ട്ടോ. കുട്ട്യെ നോക്കാൻ ആള് വേണ്ടേ? അല്ലെങ്കിലും പെങ്കുട്ട്യോള് ഇത്രയൊക്കെ പഠിച്ചാൽ തന്നെ ധാരാളം. വീട്ടുകാര്യങ്ങള് പഠിക്കട്ടെ. ഒരു അന്യ കുടുംബത്തില്  പോയി ജീവിക്കാനുള്ളതല്ലേ."

അന്ന് ഒരു പാട് കരഞ്ഞു. നന്ദിനിടെ അടുത്തും മുത്തിടെ മടിയിലും.
മുത്തി സമാധാനിപ്പിച്ചു. "എൻ്റെ കുട്ടി കരയണ്ട.  മുത്തിയെ കണ്ടില്ലേ? ഞങ്ങളൊന്നും സ്‌കൂളിലേ പോയിട്ടില്യാലോ. എന്നിട്ടോ? എന്തെങ്കിലും കൊഴപ്പം ണ്ടോ?"

മുത്തി പറഞ്ഞത് കുറെയൊക്കെ ശരിയായിരുന്നു. മുത്തിയ്ക്ക് രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്ന് വേണ്ട എല്ലാം കാണാതെ അറിയാം. ഹിന്ദി, തമിഴ്, മറാത്തി, പഞ്ചാബി ഒക്കെ അറിയാം. മുത്തശ്ശൻ ആർമിയിൽ ആയിരുന്നപ്പോൾ കുറച്ചു കാലം കൂടെ പോയി നിന്നപ്പൊ പഠിച്ചതാണത്രേ.

"പക്ഷേ, മുത്തിയ്ക്ക് ഇംഗ്ളീഷ് അറിയില്ലല്ലോ"
"ആരാ പറഞ്ഞത്? മുത്തിയ്ക്ക് ഇംഗ്ളീഷ് അറിയില്ല്യാ ന്ന്?"
"ന്നാ പറയൂ.. നോക്കട്ടെ"

"ദാ കേട്ടോളൂ... ടുമാറോ മോർണി"
"എന്നു വെച്ചാ എന്താ?"
"നാളെ ന്ന് അർഥം. ഇനീം ണ്ട്. അത് പട്ടാളക്കാരൊക്കെ പറയണ വല്യ ഇംഗ്ളീഷ് ആണ്. ഇട്ട്യാദി ഭയർ മങ്കി ബ്ലഡി സ്ഭൂൾ  "
"എന്നു വെച്ചാ?"

"ആരോടും പറയരുത് ട്ടോ. ദേഷ്യം വരുമ്പോൾ പറയാൻ ള്ള താണ്. എന്തോ ചീത്ത വാക്കാണ്. ഇതൊക്കെ മുത്തി സ്കൂളില് പോയി പഠിച്ചതാണോ? നമുക്ക് ഒക്കെ പഠിക്കാം. ഉണ്ണി ഒറങ്ങിക്കോളൂ, സമാധാനായിട്ട്.."

മുഴുവൻ വിശ്വാസമായില്ലെങ്കിലും മുത്തിയ്ക്ക് ഇംഗ്ളീഷും അറിയും എന്നത് വലിയ ഒരു ആശ്ചര്യം ആയിരുന്നു. പിന്നെ കുറച്ചു സമാധാനമായി എന്നും പറയാതെ വയ്യ.


സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ്, സായിപ്പന്മാര് എല്ലാരേയും ഇംഗ്ളീഷ് പഠിപ്പിച്ചിരുന്നു ത്രെ. മുൻഷി മാഷൊക്കെ അങ്ങനെ പഠിച്ചതാവണം. കോട്ടും, കാൽസ്രായിയും, തലപ്പാവും, തോൽച്ചെരുപ്പും ഒക്കെ ഇട്ട് മാഷ് ഇംഗ്ളീഷ് പറയണത് കാണാൻ തന്നെ എന്ത് രസാ..
സ്വാതന്ത്ര്യം കിട്ടണ്ടായിരുന്നു. ഒരു മഹാത്മാഗാന്ധി!!

മഹാത്മാഗാന്ധിയെ ഉണ്ണിയ്ക്ക് ഇഷ്ടമൊക്കെയാണ്. അടയ്ക്ക പെറുക്കാൻ വടിയും കുത്തി വരണ ചുങ്കമുത്തന്റെ ഛായയാണ് ഗാന്ധിജിയ്ക്ക്. ചുങ്കമുത്തനെ ഉണ്ണിയ്ക്ക് കൊറേ ഇഷ്ടമാണ്. എപ്പഴും ഓലപ്പന്ത്, പീപ്പി ഒക്കെ ഉണ്ടാക്കി കൊടുക്കും.

എന്നാലും, സ്വാതന്ത്ര്യം വാങ്ങിത്തന്നതിന് ഗാന്ധിജിയോട് ദേഷ്യം വരുമ്പോൾ ഉണ്ണി പാടിപ്പോകും.
"മഹാത്മാ ഗാന്ധി
ചേറ്റിൽ പോയി പൂന്തി 
ഞാൻ ചെന്നു മാന്തി
അപ്പൊ ണ്ട് ഗാന്ധി"

പിന്നെ ആലോചിക്കും.
അല്ലെങ്കിലും സായിപ്പന്മാര് ഇംഗ്ലീഷ് പഠിപ്പിച്ചിട്ടെന്താ? എൻ്റെ യോഗം കുഞ്ചുണ്ണിയെ നോക്കാൻ തന്നെ ആവുമല്ലോ. സായിപ്പന്മാരെ ഓടിച്ചത് നന്നായി. ബാക്കിയുള്ളവർക്കെങ്കിലും സ്വാതന്ത്ര്യം കിട്ടിയല്ലോ.

"ഞാൻ ഇംഗ്ളീഷ് പഠിക്കും.. എപ്പഴെങ്കിലും.."


--------------------------------

"ദേവിയേ... എല്ലാരും നശിച്ചു പോട്ടെ. ഈ തറവാട് മുടിഞ്ഞു പോട്ടെ.. ഏ.. ഏ.. ഏ.."
 ഇതു കേട്ടിട്ടാണ് ഉണ്ണി ഉണർന്നത്.
"ആരാ മുത്തീ അത്?
"ഓ അതോ. അത് ആ നായാടി! പുതിയ ആളാണ്"
"അയാളെന്തിനാ ചീത്ത പറയണ്?"
"അത് അങ്ങനെയാണ് കുട്ടീ. നായാടി പ്രാകിയാ ഐശ്വര്യം വരും ത്രെ. നന്നായി പ്രാകീ ട്ട് ണ്ട്. നല്ല സന്തോഷം ആയിട്ടുണ്ടാവും. ഇന്നലത്തെ വെള്ളച്ചോറും കൊടുത്തു, അതാവും"


അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നായാടികളുടെ കഥ ആയിരുന്നു.
പണ്ട് നായാടികളെ ആരും കാണാറില്ല ത്രെ.
കല്ലടിക്കോടൻ മലയുടെ താഴെ പാടങ്ങളുടെ നടുക്ക് ഒരു പാറയുണ്ട് - നായാടിപ്പാറ.
പകൽ സമയത്ത് ആളുകൾ അവിടെ അരിയും മുളകും ഒക്കെ കൊണ്ടു വെയ്ക്കും.
ഇരുട്ടാവുമ്പൊ നായാടി വന്ന് അത് എടുക്കും.
എന്നിട്ട്, നാടിനും നാട്ടാർക്കും ഐശ്വര്യം വരാൻ ഉറക്കെയുറക്കെ പ്രാകും.

അമ്മമാർ കുട്ടികളോടു പറയും.
"ദാ കേട്ടില്ലേ? വേഗം ഉറങ്ങിക്കോളൂ. ഇല്ലെങ്കിൽ നായാടിയ്ക്ക് പിടിച്ചു കൊടുക്കും"

"ഇപ്പൊ പിന്നെ പരിഷ്‌കാരം ആയി ല്ലോ. നായാടിയ്ക്ക് പടിയ്ക്കൽ വരെ വരാം"

"മുത്തി നായാടിയെ കണ്ടിട്ടുണ്ടോ?"
"പിന്നല്ലാതെ. ദേഹം മുഴുവൻ കരി തേച്ച്, കാതിൽ ചോന്ന മളകു തൂക്കി, ചോന്നു തുടുത്ത കണ്ണും, ജടയും, ഭാണ്ഡവും ഒക്കെ ആയിട്ട്.. ഒരാൾ രൂപം.
അവരുടെ താവളം നായാടിപ്പാറയ്ക്കും മുട്ടിയങ്ങാടിനുമൊക്കെ അപ്പുറത്ത് എവിടെയോ ആണ്."

കേട്ടിട്ട് ഉണ്ണിയ്ക്ക് പേടിയായി.


--------------------------------

"ഇന്ന് ഇവടെ ഒന്നൂല്യ. പൊക്കോ" വലിയമ്മാമടെ ശബ്ദം! ആരോടാണാവോ?

"ബ്ലഡി ഫൂൾസ്"
"ങേ? ആരാ ഇംഗ്ലീഷ് പറയണ്" ഉണ്ണി ചാടിയിറങ്ങി ഓടി.
പടിയ്ക്കു പുറത്ത് ഒരാൾ നടന്നു നീങ്ങുന്നു.
"ഒന്ന് നിൽക്കൂ"
അയാൾ തിരിഞ്ഞു നോക്കി, എന്ത് വേണം എന്ന ഭാവത്തിൽ.
"എന്താ പറഞ്ഞത്?"
അയാൾ ഒന്നു കൂടി തിരിഞ്ഞുനോക്കി. ചോദിച്ചത് കേൾക്കാത്ത മട്ടിൽ ധൃതിയിൽ നടന്നകന്നു.

തിരിച്ചു വീട്ടിലേയ്ക്കു കയറുമ്പോൾ മുത്തി!
"എവടേയ്ക്കാ ഉണ്ണീ ഈ അന്തല്ല്യാണ്ടെ ഓടിപ്പോയത്?"
"അതാരാ മുത്തീ ആ പോയത്?
"ഓ, അത് ആ നായാടിയാ.. ഇന്ന് ഇവടെ ഒന്നൂല്ല്യാന്ന് പറഞ്ഞൂലോ."
"നായാടിയോ?"
കുഞ്ചുണ്ണൂലിയ്ക്ക് വിശ്വാസം ആയില്ല.
മുത്തി പറഞ്ഞ രൂപം അല്ല. ദേഹത്ത് കരി തേച്ചിട്ടില്ല. കാതിൽ മുളകില്ല.
പിന്നെ ഇംഗ്ളീഷ്!! അതും പട്ടാളക്കാർ പറയണ മുന്തിയ ഇംഗ്ളീഷ്!

പിറ്റേന്ന് നായാടിയ്ക്ക് അരി കൊടുക്കാൻ പടിയ്ക്കലേയ്ക്ക് ഉണ്ണിയും പോയി.
ആ രൂപം ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
നീട്ടി വളർത്തിയ താടിയും മുടിയും!
കയ്യിൽ ഒരു വാച്ച്, ഭാണ്ഡം.
വെള്ള മുഴുക്കൈ കുപ്പായവും വെള്ളമുണ്ടും. കുപ്പായത്തിന്റെ എല്ലാ കുടുക്കും ഇട്ടിട്ടുണ്ട്, കയ്യിലെത്തും കഴുത്തിലേതും അടക്കം.

നായാടിയെ നോക്കി ഉണ്ണി നന്നായി ചിരിച്ചു. അയാൾ അത് കണ്ടതു പോലും ഇല്ലെന്നു തോന്നുന്നു.

പിറ്റേന്നു രാവിലെ ഉണ്ണി നായാടിയെ കാത്തിരുന്നു. പടിയ്ക്കൽ തലവെട്ടം കണ്ടപ്പോൾ തന്നെ വിളിച്ചു പറഞ്ഞു.
"മുത്തീ, ഇന്ന് നായാടിയ്ക്ക് ഞാൻ അരി കൊടുക്കാം"
"ങേ? കുട്ട്യോള് അതൊന്നും ചെയ്യാൻ പാടില്ല്യ. അവര് പിടിച്ചോണ്ട് പോവും"
"ഇല്ല്യ. എനിയ്ക്കു കൊടുക്കണം."
മറുപടിയ്ക്കു കാത്ത് നിൽക്കാതെ, ഉണ്ണി മുത്തിടെ കയ്യിൽ നിന്ന് അരിപ്പാത്രം തട്ടിപ്പറിച്ച് ഓടി.

നായാടിടെ മുഖത്തു നോക്കി ഉണ്ണി ചിരിച്ചു, വീണ്ടും വീണ്ടും.
മനുഷ്യർക്ക് ചിരിയ്ക്കാനുള്ള കഴിവുണ്ട് എന്ന് ആദ്യമായി മനസ്സിലാക്കുന്നത് പോലെ നായാടി നോക്കി നിന്നു.

"ഇംഗ്ളീഷ് അറിയോ?" ഉണ്ണി ചോദിച്ചു.
അയാൾ ഒന്നും പറഞ്ഞില്ല. അരി വാങ്ങി, പതുക്കെ ഒന്ന് പ്രാകി, നടന്നകന്നു.

"ടുമാറോ മോർണി"
ഉണ്ണി ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ട് മനസ്സു നിറഞ്ഞു ചിരിച്ചു.


അന്നു രാത്രി, മുത്തി പഞ്ചതന്ത്രം കഥ തുടങ്ങിയതേ ഉള്ളൂ.
"അല്ല മുത്തീ.. പട്ടാളക്കാർക്ക് നായാടി ആവാൻ പറ്റോ?"
ഇടി വെട്ടേറ്റ പോലെ കഥ പറച്ചിൽ നിന്നു.

"എന്താ ഉണ്ണീ അസംബന്ധം പറയണ്?"
പട്ടാളക്കാരെയും, ആർമിക്കാരനായ മുത്തശ്ശനെയും ഒക്കെ നിന്ദിച്ചത് കേട്ട ദേഷ്യത്തിൽ മുത്തി ചോദിച്ചു.

"അല്ല മുത്തീ.. ആ നായാടിയ്ക്ക് പട്ടാളക്കാരടെ ഇംഗ്ളീഷൊക്കെ അറിയാം. അത് എങ്ങനെയാ?"


"ഓ, അതോ.. അതൊരു വിചിത്രജന്മം ആണത്രേ.
ശങ്കരൻ നായാടി!
നായാടികളടെ ശീലങ്ങൾ ഒന്നും അല്ല. ആ വെള്ളക്കുപ്പായം കണ്ടില്ലേ? പന്ത്രണ്ട് കുടുക്കാണത്രെ.
താമസം മലഞ്ചോട്ടിൽ ഒന്നും അല്ല - തത്രമുത്തിടെ കൂത്തുമാടത്തില്! കലികാല വൈഭവം!"

"ഹായ്, എന്ത് രസാ.."" ഉണ്ണി മനസ്സിൽ പറഞ്ഞു.

ഉഗ്രരൂപിണിയായ ഭദ്രകാളിയാണ് തത്രമുത്തി!!
കാവിനു മുന്നിൽ കൂത്തുമാടം..
എല്ലാ കൊല്ലവും കുമ്മാട്ടിയ്ക്ക് മുൻപ്  തോൽപ്പാവക്കൂത്തു നടക്കുന്ന ആ ഒരാഴ്ച ഒഴികെ, ബാക്കി ദിവസങ്ങളിലൊന്നും അവിടെ ഒരു പരിപാടിയും ഉണ്ടാവില്ല.
കൂത്തുമാടത്തിനും കാവിനും ഇടയ്ക്കുള്ള ആൽമരത്തിൽ ഭൂതഗണങ്ങൾ ഉണ്ടത്രേ. രാത്രി അസമയത്ത് ആ വഴിയ്ക്കു പോയ ആരൊക്കെയോ കണ്ടുപേടിച്ചിട്ടുണ്ട്.
എന്നാലും ശങ്കരൻ നായാടി സ്ഥിരമായി കിടപ്പ് കൂത്തുമാടത്തിൽ തന്നെ. ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഒന്നും പേടിയില്ല.

വൈകുന്നേരമായാൽ, കൂത്തുമാടത്തിനു പുറത്ത് അടുപ്പുകൂട്ടി കഞ്ഞി വെച്ചു കുടിയ്ക്കുമത്രേ. ഹായ്, എന്ത് രസായിരിയ്ക്കും!.
എന്നിട്ട് രാത്രി മുഴുവൻ തത്രമുത്തിയോടും, ഭൂതഗണങ്ങളോടും, കാലൻകോഴിയോടും, നിലാവിനോടും, കല്ലടിക്കോടൻ മലയോടും, നക്ഷത്രങ്ങളോടും സംസാരിച്ചിരിയ്ക്കുമായിരിക്കും.

"ഇത്തിരി പ്രാന്തും ണ്ട് ന്നാണ് കേൾക്കണത്". മുത്തി പറഞ്ഞു നിർത്തി.

അപ്പോഴാണ് ഉണ്ണിയ്ക്ക് ശരിയ്ക്ക് ഉത്തരം കിട്ടിയത്.
അങ്ങനെ വരട്ടെ. അപ്പൊ വെറുതെ അല്ല.
ത്രികാല ജ്ഞാനി! ദിവ്യൻ! നാറാണത്തു ഭ്രാന്തനെപ്പോലെ !
 അല്ലെങ്കിൽ, ഇംഗ്ലീഷ് അറിയോ?
ഭദ്രകാളീടെ കൂത്തുമാടത്തിൽ കിടന്നുങ്ങാൻ പറ്റുമോ?
നാറാണത്തു ഭ്രാന്തന്റെ അവതാരം ആവും"

പിറ്റേന്നും അരി കൊണ്ടു പോയത് ഉണ്ണി ആയിരുന്നു,
അരി കൊടുത്തിട്ട് നന്നായി ചിരിച്ചിട്ട് പറഞ്ഞു. "നിയ്ക്ക് കൊറച്ച് ഇംഗ്ളീഷ് അറിയാല്ലോ.
ഐ ആം എ ബോയി - ഞാൻ ഒരു ആൺകുട്ടി ആകുന്നു."

രണ്ടു നിമിഷത്തെ മൗനത്തിനു ശേഷം, അടുത്ത് ആരും ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട്, ആ ശരീരത്തിന്റെ അഗാധതയിൽ എവിടെ നിന്നോ ശബ്ദം പുറത്തു വന്നു.
"ബോയി അല്ല, ഗേൾ.. ഐ ആം എ ഗേൾ".
  എന്നിട്ട്, മെല്ലെ നടന്നകന്നു.

ഉണ്ണിച്ചിരി തുള്ളിച്ചാടി. എത്രയോ കാലം കൊണ്ടു നടന്ന ചോദ്യത്തിന്റെ ഉത്തരം ആണ് കിട്ടിയിരിയ്ക്കുന്നത്. 



പിന്നീട്, മിക്ക ദിവസങ്ങളിലും ഉണ്ണി അരിയുമായി നായാടിയെ കണ്ടു.
"അംബ്രാളൂട്ടി സ്കൂളിൽ പോണില്ലേ?" ഒരു ദിവസം ശങ്കരൻ നായാടി ചോദിച്ചു.
ഉണ്ണീടെ മുഖം കുനിഞ്ഞു. "ഇല്ല്യ. പോയാൽ കുഞ്ചുണ്ണിയെ നോക്കാൻ ആരാ?"

എന്നിട്ട് നല്ല ഉഷാറിൽ ചോദിച്ചു.
"എന്നെ ഇംഗ്ളീഷ് പഠിപ്പിയ്ക്കോ?"
മറുപടി ഒന്നും വന്നില്ല.

അടുത്ത ദിവസം ചോറും മുളകു വറുത്ത പുളിയും ആണ് കൊടുത്തത്.
അവിടെ തന്നെ ഇരുന്ന് കഴിച്ചിട്ട്, നായാടി പറഞ്ഞു.
"വെരി ഗുഡ്.. മളകോർത്ത പുളി ഈസ് വെരി ഗുഡ് ഫോർ ഹെൽത്ത്"
"എന്താ?"
"നന്നായിട്ടുണ്ട്.. ആരോഗ്യത്തിന് നല്ലതാണ് ന്ന്"

"ഓ, വെരി.... ഗുഡ് .." ഉണ്ണിയും പറഞ്ഞു.


അങ്ങനെ ഉണ്ണി കുറച്ചു ഇംഗ്ലീഷ് വാക്കുകൾ പഠിച്ചു തുടങ്ങി.
ഇംഗ്ളീഷ് മാത്രമല്ല പഠിപ്പ് എന്ന് ഉണ്ണിയ്ക്ക് മനസ്സിലായത് അങ്ങനെയാണ്.
ശങ്കരൻ നായാടി ശീമയിലെ യുദ്ധത്തിനെ പറ്റിയും, ഹിറ്റ്‌ലർ എന്ന രാക്ഷസനെ പറ്റിയും, മനുഷ്യൻ ബഹിരാകാശത്തു പോയതിനെ പറ്റിയും ഒക്കെ പറയും. ഇടയ്ക്ക് ഭ്രാന്തു പോലെ, പരസ്പര ബന്ധമില്ലാതെ, വെളിപാടു പോലെ എന്തൊക്കെയോ പറയും. ചിരിയ്ക്കും, പാട്ടു പാടും!

ഒരു വിധത്തിൽ, ശങ്കരൻ നായാടി ഭാഗ്യവാനാണ്.
വീടുകളിലല്ലേ കേറാൻ പറ്റാത്തത്. അറിവിന്റെ ലോകത്ത് വിലക്കില്ലല്ലോ.

----------------------------------------

കുഞ്ചുണ്ണി വികൃതിക്കുടുക്കയായി വരുന്നു.
ഉണ്ണിയ്ക്ക് ഒന്നിനും സമയം ഇല്ല. നന്ദിനിയ്ക്ക് വൈക്കോൽ കൊടുക്കാൻ പോലും.
കുഞ്ചുണ്ണിടെ വികൃതി വല്ലാതെ കൂടുമ്പോൾ ഉണ്ണി ദേഷ്യത്തിൽ പറയും.
"ബ്ലഡി ഫൂൾ"
നല്ല കുട്ടിയായി പാൽ കുടിച്ചാൽ "വെരി ഗുഡ്, ഗുഡ് ബോയ്" എന്നൊക്കെ പറയും.
സഹിക്കാതെ വന്നാൽ അവസാനത്തെ അടവ് എടുക്കും.
"കുഞ്ചുണ്ണീ , ഓപ്പോള് പറയണത് അനുസരിക്കൂ. ഇല്ലെങ്കി ഹിറ്റ്ലർക്ക് പിടിച്ചു കൊടുക്കും ട്ടോ."

മുത്തി അതൊക്കെ ഒരു പുഞ്ചിരിയോടെ കേട്ടിരിയ്ക്കും.
"എൻ്റെ കുട്ടി", എന്ന അഭിമാനം മുഖത്ത് വളരെ പ്രകടമായിരിയ്ക്കും.
ആ നോട്ടം അതിലും കൂടുതൽ സ്നേഹത്തിൽ ഉണ്ണി തിരിച്ചു കൊടുക്കും.
"മുത്തി പറഞ്ഞത് ശരിയാണ്. പഠിക്കാൻ സ്കൂളിലൊന്നും പോണ്ട" എന്ന് ആ നോട്ടത്തിൽ നിന്ന് മുത്തി വായിച്ചെടുക്കും.

അബദ്ധത്തിലെങ്ങാനും വലിയമ്മാമ കേട്ടാൽ, പക്ഷെ, അങ്ങനെയല്ല.
"എന്തൊക്കെയാ ഈ കുട്ടി പറയണ്! ആ പ്രാന്തന്റെ കൂടെ കൂടീട്ട് കുട്ടിയ്ക്കും നൊസ്സായോ?"

അപ്പോഴാണ് ശങ്കരൻ നായാടിയെ പറ്റി ഉണ്ണി ഓർത്തത്. കണ്ടിട്ട് കുറേ ദിവസമായി.
അന്നു മുതൽ ഉണ്ണിച്ചിരി രാവിലെ കുഞ്ചുണ്ണിയെയും കൊണ്ട്  ഉമ്മറത്ത് പോയിരിയ്ക്കാൻ തുടങ്ങി - ശങ്കരൻ നായാടി വന്നാൽ കാണാതെ പോണ്ട.
ആരും കേൾക്കാതെ കുഞ്ചുണ്ണിയോട് ചോദിയ്ക്കും.
"ഉണ്ണിക്കുട്ടി പറയൂ. ഇന്ന് ഉണ്ണിടെ മാമ വര്വോ?"

ഒരു ദിവസം മുത്തി അത് കേട്ടുകൊണ്ടു വന്നു.
"ആരെങ്കിലും കേട്ടാൽ കേമാവും... മാമ ആണത്രേ. നായാടിപ്പാറയ്ക്കിപ്പുറം വരാൻ അവകാശം ഇല്ലാതിരുന്ന കൂട്ടരാണ്!"

"മുത്തീ..." 
ഉണ്ണീടെ നിയന്ത്രണം പോയി. കണ്ണുകൾ നിറഞ്ഞൊഴുകി.

മുത്തി അടുത്തു വന്നിരുന്നു, കുഞ്ചുണ്ണിയെ എടുത്തു.
ഉണ്ണിച്ചിരിയെ ചേർത്തു പിടിച്ച് മുടിയിൽ തലോടിക്കൊണ്ടിരുന്നു.
"ഉണ്ണി സങ്കടപ്പെടണ്ട ട്ടോ. ഉണ്ണിടെ മാമ വരും. ചെലപ്പൊ എന്തെങ്കിലും വയ്യായ ണ്ടാവും"
"ഉം.."

ഓരോ ദിവസം കഴിയുംതോറും ഉണ്ണിയ്ക്ക് ആധിയായി തുടങ്ങി.
"മുത്തീ, ആരോടെങ്കിലും ഒന്ന് ചോയ്ക്കാൻ പറ്റോ?"

-----------------------------------

ഉമ്മറത്ത്, മുത്തി കുഞ്ചുണ്ണിയെ കളിപ്പിക്കുകയായിരുന്നു. എല്ലാരും തൊടിയിൽ പണിക്കാരുടെ കൂടെ.
ഉണ്ണിച്ചിരി കിണറ്റിൻ കരയിൽ പല്ലു തേയ്ക്കുന്നു.
അപ്പോഴാണ് അമ്മാവൻ ആ വഴി വന്നത്.
"തത്രം കാവിൽ ഒന്നു പോയതാ, വല്യമ്മേ.."
"വിശേഷം എന്തെങ്കിലും ണ്ടോ?"
"മുപ്പട്ടു വെള്ളിയാഴ്ച അല്ലെ.. നേദ്യം പറഞ്ഞിരുന്നു.. ദാ, കൊറച്ച് എടുത്തോളൂ. കടുംമധുര പായസം ആണ്."
അമ്മാവൻ പടിയിൽ ഇരുന്നു.

മുത്തി ചോദിച്ചു.
"അല്ല, ഇപ്പൊ കൊറച്ചായിട്ട് നമ്മടെ ശങ്കരൻ നായാടിയെ കാണാറില്ലല്ലോ. അല്ലെങ്കിൽ സ്ഥിരായിട്ട് വരണതാ..
എന്തെങ്കിലും വയ്യായ ണ്ടോ എന്തോ? അവടെ, കൂത്തുമാടത്തിൽ കണ്ട്വോ?"

"ഓ, അപ്പൊ വല്യമ്മ അറിഞ്ഞില്ലേ? മൂപ്പരടെ കാര്യം ഒക്കെ കഴിഞ്ഞൂലോ. കൊറച്ച് ദിവസായി."

ഉണ്ണിച്ചിരി മുഖം കഴുകുകയായിരുന്നു. എന്തോ തെറ്റി കേട്ടതു പോലെ, കാതു കൂർപ്പിച്ചു.

"തീ പിടിച്ചൂ ന്നാ കേട്ടത്.. പന്തണ്ട് കുടുക്ക് ള്ള കുപ്പായം ഊരാൻ പറ്റിയില്ല്യാ ത്രേ. നല്ല ഒരുത്തനായിര് ന്നു.. പറഞ്ഞിട്ടെന്താ? മൂപ്പരടെ സമയം ആയി, അത്ര്യ ന്നെ"

"ന്റെ തത്രമുത്തീ.." മുത്തി അത്രയേ പറഞ്ഞുള്ളൂ.


"എന്റെ മാമേ..."
ഉണ്ണിയുടെ മുഖത്ത്, വെള്ളവും കണ്ണീരും ചേർന്നൊഴുകി.
തിരമാല പാറക്കെട്ടിൽ അടിയ്ക്കുന്നതു പോലെ, ഉണ്ണി അകത്തേക്കോടി, മെത്തയിൽ തകർന്നടിഞ്ഞു.

--------

"കുട്ടിയ്ക്ക് നല്ല പനി ണ്ടല്ലോ"
നെറ്റിയിൽ ഒരു തണുത്ത കൈ. ഉണ്ണി മെല്ലെ കണ്ണു തുറന്നു. എന്നിട്ടു ഉറക്കെയുറക്കെ ഏങ്ങലടിച്ചു.

മുത്തി കട്ടിലിൽ ഇരുന്നു. ഉണ്ണിയെ താങ്ങി എണീപ്പിച്ച്, ചാരി ഇരുത്തി. ഇറുക്കി ആശ്ലേഷിച്ചു. കുറെ ഉമ്മ കൊടുത്തു. മടിയിൽ കിടത്തി, മുടിയിൽ തലോടിക്കൊണ്ടിരുന്നു.

എത്ര സമയം അങ്ങനെ കഴിഞ്ഞു എന്ന് അറിയില്ല.
ഉണ്ണി ചെറുതായി ഒന്ന് കണ്ണു തുറന്നപ്പോൾ, തത്രമുത്തിടെ മടിയിൽ ആണ് കിടക്കുന്നത്.
"തത്രമുത്തീ, എന്റെ മാമ.." ഉണ്ണി വിതുമ്പി.

തത്രമുത്തി ചെറുതായി ഒന്നു പുഞ്ചിരിച്ചു എന്ന് ഉണ്ണിയ്ക്കു തോന്നി.
"എൻ്റെ കുട്ടിടെ സങ്കടം തത്രമുത്തിയ്ക്ക് അറിയാം. പക്ഷെ, ഒരു പാട് വിഷമിയ്ക്കൊന്നും വേണ്ട..
നമ്മൾ എല്ലാരും ഈ ഭൂമീല്  കൊറച്ച് സമയത്തേയ്ക്ക് വന്നു പോണവരല്ലേ. നല്ലോണം പ്രാർത്ഥിച്ചോളൂ."

ഉണ്ണിയ്ക്ക് അത് മനസ്സിലായി.
ജന്മാന്തരങ്ങളെപ്പറ്റി, അവതാരങ്ങളെപ്പറ്റി.. മുത്തി പറഞ്ഞ കഥകളിലും ഉണ്ടായിരുന്നു.

ശരിയാണ്. ദൈവങ്ങളും ദിവ്യന്മാരും മരിയ്ക്കില്ല. ഇല്ലെങ്കിൽ പന്തിരുകുലത്തിലെ ദിവ്യൻ എന്റെ മാമയായിട്ട് വരില്ലല്ലോ.

ഉണ്ണി തത്രമുത്തിയെ തൊഴുതു, നന്നായി നോക്കിക്കണ്ടു.
ചോരയിറ്റു വീഴുന്ന നീണ്ട നാക്ക്..
കൂർത്തുനീണ്ട ദംഷ്ട്രകൾ..
കനൽക്കട്ടകൾ പോലത്തെ കണ്ണുകൾ..
തലയോട്ടിമാല..
അഴിച്ചിട്ട മുടി..
പത്തു കൈകളിൽ ആയുധങ്ങൾ, ദാരികന്റെ തല..
പാതാളം പോലത്തെ ആ മൂക്ക്! ഒരു ജലദോഷം വന്നാലുള്ള അവസ്ഥ!

"ഹ ഹ ഹ ഹ ഹ ......"
ഉണ്ണി ആർത്തട്ടഹസിച്ചു, പിന്നെ ആർത്തലച്ചു കരഞ്ഞു. 

എന്നിട്ട്.. ഉള്ളുരുകി പ്രാർത്ഥിച്ചു.
"തത്രമുത്തീ.. ഈ ജന്മത്തില് എൻ്റെ മാമയെ നീ എനിയ്ക്ക് കാട്ടിത്തന്നു.
ഇനിയുള്ള എല്ലാ ജന്മത്തിലും എന്നെ എന്റെ ഭ്രാന്തൻ മാമയുടെ മകളായി ജനിപ്പിക്കണേ.
എന്നാൽ ഈ ജന്മത്തിൽ ഇനി ഞാൻ കരയില്ല"

---------------------------------------------------------------


                                                                                                                         സതീഷ് മാടമ്പത്ത്

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...