സുഗതകുമാരിക്ക് ...



Published in KHNA Anjali - Jan 2021


 

സുഗമ കാവ്യകുമാരി മലയാളത്തിന്റെ 

ഗത ചരിത്രത്തിനോർമ്മയായെങ്കിലും 

അഗതികൾക്കെന്നുമമ്മ തൻ സ്നേഹമായ് 

അമൃതു പോലെ വിളങ്ങും, സുനിശ്ചിതം


കവിത പാടി നടപ്പോർക്കു ദൈവമായ്‌ 

കഠിന കാവ്യ വ്രതർക്കെന്നുമൂർജ്ജമായ്‌ 

പ്രണയബദ്ധർക്കു രാധയായ്, കൃഷ്ണനായ് 

കരളിലെന്നും തെളിഞ്ഞു കത്തും, ദൃഢം  


കവന ദേവത കാവ്യലോകത്തിന്റെ  

കളരിയിൽ ചേർത്ത കാവ്യ വൈഡൂര്യങ്ങൾ 

കലകൾ തൻ പൊൻ കിരീടത്തിലെപ്പോഴും 

കറകളറ്റു തിളങ്ങുമെന്നാകിലും


പ്രകൃതിമങ്ക തൻ കാർ കൂന്തൽ, കാനന-

ത്തടമറുത്തു കരിച്ച പാഴ്ക്കുറ്റികൾ 

അവയിലൊന്നിൽ തനിച്ചിരുന്നിപ്പൊഴും

ചിറകൊടിഞ്ഞൊരു പക്ഷി കേഴുന്നു പോൽ 


ഉറവ വറ്റി വരണ്ട ഭൂദേവി തൻ 

ഉഴറി വിങ്ങുന്ന മാറിടം തന്നിലായ് 

അലറിയാർത്തു വിലപിച്ചു പതിച്ചു കൊ -

ണ്ടിവിടെ രാത്രിമഴ തോരാതെ പെയ്തു പോൽ 

 

കരയുമമ്മ തൻ ആത്മാവു നിത്യമാം 

പരമ സത്യത്തിൽ ശാന്തി പ്രാപിക്കുവാൻ 

പ്രകൃതിയായ മാതാവിനെ, നോവാതെ 

വ്രണിതയാക്കാതെ നോക്കാം നമുക്കിനി 


മഥിതർ, വാഴ്വിന്റെ കയ്പു കുടിച്ചവർ-

ക്കരികിലെപ്പോഴും അമ്മയുണ്ടാകയാൽ 

കരയുമാത്മാക്കളൊഴുകും നിളാ നദി -

ക്കരയിലാണവർക്കെൻ സ്നേഹ തർപ്പണം  


 

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...