അവർ ദൈവതുല്യർ




"ഷീലാ, ഞാൻ ഇറങ്ങട്ടെ ട്ടോ, ഫ്ലൈറ്റ് ഓൺ-ടൈം ആണ്"

"ഓക്കേ മഹീ, ഞാൻ ലോൺഡ്രി റൂമിൽ ആണ്. വാതിലടച്ചിട്ടു പൊയ്‌ക്കോളൂ."

അങ്ങോട്ടു പോയി യാത്രയയയ്ക്കാൻ പറ്റാഞ്ഞിട്ടല്ല;
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹി ട്രാവലിങ്  ആണ്.
എല്ലാ പ്രാവശ്യവും ഫോർമാലിറ്റി പോലെ ഒരു യാത്രയയപ്പു ചടങ്ങു വേണ്ട എന്നു തോന്നി.
ആൻഡ്, ഹീ ഈസ് ഓക്കേ റ്റൂ!! ശീലമായിരിയ്ക്കുന്നു.

എന്ന് തിരിച്ചെത്തും എന്ന് അറിയില്ലത്രേ. റിട്ടേൺ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ ഡീറ്റെയിൽസ് അയച്ചു തരും.

ഇനി കുറഞ്ഞത് ഒരു 15 ദിവസം.. ബിസിനസ്സ് ടൂർ!!
മൂന്നു വർഷം മുൻപ് ഷീല ഡ്രൈവിംഗ് ലൈസൻസ് എടുത്തതു കൊണ്ട് മഹിയ്ക്ക് യാത്ര പോകുന്നിടത്ത് ഒരു സമാധാനമുണ്ട്, ഇവിടെ ഷീലയ്ക്കും.

സ്വാതന്ത്യ്രത്തിന്റെ 15 ദിവസങ്ങൾ!! അതോ അനാഥത്വത്തിന്റെയോ?

ആരോരും ശ്രദ്ധിക്കാനില്ലാതെ അലഞ്ഞുനടക്കുന്ന തെരുവുപട്ടിയുടെ അവസ്ഥ സ്വാതന്ത്ര്യമല്ല, അനാഥത്വമാണ് എന്നു പറഞ്ഞ കവയിത്രിയെ വെറുതെ ഓർത്തു.

അല്ല, എനിയ്ക്ക് അനാഥത്വമൊന്നുമില്ല ട്ടോ.
മഹി ഈസ് റ്റൂ കെയറിങ്..
എൻ്റെ ഒരു കാര്യത്തിനും ഒരു മുടക്കവുമില്ല.
ആവശ്യത്തിലേറെ സൗകര്യങ്ങൾ, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം..

ഹി ഈസ് ജസ്റ്റ് ആൻ അമ്പീഷ്യസ് പ്രൊഫഷണൽ - അതിൽ കുറ്റം പറയാൻ പറ്റില്ല.
ഒരു സാധാരണ നാട്ടിൽപുറത്തുനിന്നു വന്ന മഹി എത്തിയ ഉയരങ്ങൾ ഒക്കെ സ്വന്തം കഠിനാദ്ധ്വാനം കൊണ്ടു തന്നെയാണ്.

ഇത്തവണത്തെ യാത്ര സാൻ ഫ്രാൻസിസ്‌കോയിലേയ്ക്കാണെന്നു തോന്നുന്നു.
വളരെ ക്രിട്ടിക്കൽ ആണത്രേ ഇത്തവണത്തെ വിസിറ്റ്.

ദിവസം മുഴുവൻ മീറ്റിങ് ആയിരിയ്‌ക്കുമെന്നും വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മെസ്സേജ് അയച്ചാൽ മതി, തിരിച്ചു വിളിക്കാം എന്നുമൊക്കെ നേരത്തേ തന്നെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.

എന്തായാലും.. ഇവിടെ വേനലായതു നന്നായി.
ഐ ലവ് മിഷിഗൺ സമ്മേഴ്‌സ്!!
--------------------------

മഹി നാട്ടിൽ പോയിട്ട് ഇപ്പോൾ നാലു  വർഷം കഴിഞ്ഞു.
എന്നാലും എന്നെ എല്ലാ കൊല്ലവും നാട്ടിലേക്കയയ്ക്കും - ഒന്നോ രണ്ടോ മാസം അവിടെ.
മിക്കവാറും മഹിയുടെ വീട്ടിൽത്തന്നെയാവും. അവർക്കാണ് അത് കൂടുതൽ ആവശ്യം എന്നു മനസ്സിലായതു മുതൽ അതാണ് പതിവ്.
അങ്ങിനെയാണ് അവിടെയുള്ളവരുമായി വളരെ അടുത്തത്.


എന്നും രാവിലത്തെ ജോലികൾ കഴിഞ്ഞ് നാട്ടിലേയ്ക്കു വിളിയ്ക്കും.
സ്വന്തം വീട്ടിലേയ്ക്കു വിളിച്ചില്ലെങ്കിലും മഹിയുടെ വീട്ടിലേയ്ക്ക് ഉറപ്പായും വിളിച്ചിരിയ്ക്കും.

എല്ലാവരും വളരെ കാര്യമായി, സ്നേഹത്തോടെ സംസാരിയ്ക്കും, മുത്തശ്ശനും അതെ.
"എനിയ്ക്ക് കാര്യങ്ങള് പറയാനൊന്നും അറിയില്ല്യ കുട്ട്യേ.. നിങ്ങടെ ഒക്കെ ശബ്ദം ഒന്ന് കേക്കണം.. അത്രേ വേണ്ടൂ"
അതെ, മുത്തശ്ശന് ശരിയ്ക്കും അത്രയേ വേണ്ടൂ, ഒന്നോ രണ്ടോ മിനുട്ട്!!
"മഹിക്കുട്ടൻ യാത്രേലന്നെ ആവും ല്ലേ? വിളിയ്ക്കുമ്പോൾ പറയൂ ട്ടോ.. മുത്തശ്ശൻ ച്ചാ അവന് ജീവനാ..."

ശരിയാണ്, നാട്ടിലാവുമ്പോൾ - കല്യാണത്തിനു മുൻപു വരെയും - മുത്തശ്ശന്റെ കൂടെയായിരുന്നത്രേ മഹി ഉറങ്ങിയിരുന്നത്.

മുത്തശ്ശന്റെ അന്വേഷണം ആദ്യമൊക്കെ കൃത്യമായി മഹിയെ അറിയിക്കുമായിരുന്നു. പിന്നെ നിർത്തി - തിരക്കിനിടയിൽ തണുത്ത ഒരു മൂളൽ വന്നാലായി.


ചിലർക്കു ബന്ധങ്ങൾ ചമയങ്ങൾ പോലെയാണെന്നു തോന്നാറുണ്ട്.
പാർട്ടികളിലും സുഹൃദ്‌സമ്മേളനങ്ങളിലും അണിഞ്ഞു പ്രദർശിപ്പിക്കാനുള്ളവ.

"മൈ ഡാഡ് - യൂ നോ, ഹി ഈസ് ദി മോസ്റ്റ് ഡിസ്‌സിപ്ലിൻഡ് പേഴ്സൺ ഐ ഹാവ് എവർ സീൻ!!"
"മോം ഈസ് ദി ബെസ്ററ് കുക്ക് എവർ!"
"ബ്രദർ? ഹി ഈസ് എ മാനേജ്മെന്റ് ഗുരു!!"

"മൈ വൈഫ് മൈ ബെസ്റ്റീ!!
അവളില്ലാതെ എനിയ്ക്ക് ജീവിയ്ക്കാൻ പറ്റില്ല!!"

അതു കഴിഞ്ഞാൽ അവരുടെ സ്ഥാനം മനസ്സിൻറെ ഇരുട്ടുപിടിച്ച ഒരു മൂലയിലെ ചമയപ്പെട്ടിയിൽ ഭദ്രം; അടുത്ത സമ്മേളനം വരെ.


പക്ഷെ.. മഹി അങ്ങിനെയുമല്ല,
ഉള്ളിന്റെയുള്ളിൽ, പുറംപൂച്ചുകളില്ലാത്ത ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ തന്നെയാണെന്ന് എനിയ്ക്കറിയാമല്ലോ.

കൂട്ടുകാരുടെ മുന്നിൽ വെച്ച് മുത്തശ്ശനെപ്പറ്റിയാണ് മഹി ഏറ്റവുമധികവും സംസാരിയ്ക്കാറ്..

"ഹി ഈസ് എ റിയൽ സ്കോളർ ഇൻ ഇന്ത്യൻ മിത്തോളജി, ആയുർവേദ, യോഗ.. സാൻസ്ക്രിറ്റ് റ്റൂ"


കഴിഞ്ഞില്ല;
താനാണ് മുത്തശ്ശന് ഏറ്റവും പ്രിയപ്പെട്ട പൗത്രനെന്നും, അദ്ദേഹം തനിയ്ക്ക് ദൈവത്തെപ്പോലെയാണെന്നും കൂടി പറഞ്ഞിട്ടേ നിർത്തൂ.

രണ്ടു പെഗ്ഗ് അകത്തുണ്ടെങ്കിൽ പറയുകയേ വേണ്ട..
തല അഭിമാനത്താൽ ഉയർന്നുയർന്ന് ആകാശത്തെത്തും - ദൈവത്തിന്റെ പേരക്കിടാവല്ലേ!!

---------------------------------------------------

പതിവുപോലെ പിറ്റേന്നും നാട്ടിലേയ്ക്കു വിളിച്ചു, ആരും എടുത്തില്ല. ആദ്യത്തെ ബെല്ലിൽ തന്നെ മഹിയുടെ അമ്മ എടുക്കാറുള്ളതാണ്.
ഒന്നുരണ്ടു പ്രാവശ്യം കൂടി വിളിച്ചപ്പോൾ അച്ഛനാണ് എടുത്തത്.
അടക്കിപ്പിടിച്ച ശബ്ദത്തിലാണോ സംസാരിച്ചത്?
"മോൾ ഒരു 30 മിനിറ്റ് കഴിഞ്ഞു വിളിയ്ക്കൂ ട്ടോ"

ആരെങ്കിലും അതിഥികൾ ഉണ്ടോ എന്തോ..
അത്രയ്ക്ക് അടുപ്പമില്ലാത്ത ആരെങ്കിലും അവിടെയുണ്ടെങ്കിൽ അങ്ങിനെയാണ് - വളരെ പതിഞ്ഞ ശബ്ദത്തിലേ അച്ഛൻ സംസാരിക്കൂ.

ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞ് വീണ്ടും വിളിച്ചു. അച്ഛൻ തന്നെയാണ് വീണ്ടും എടുത്തത്.
"കുട്ടീ..."

ഇതെന്തു പറ്റി?
മഹിയുടെ അച്ഛന് ഞാൻ എന്നും "മോൾ" ആണ്. വളരെ ഇമോഷണൽ ആവുന്ന ചുരുക്കം ചില സന്ദർഭങ്ങളിലാണ് ഈ "കുട്ടീ" വിളി...

"അത്.. മുത്തശ്ശന് കുറച്ച് വയ്യാണ്ടായി.. ഞങ്ങള് കൂടെത്തന്നെ ആയിരുന്നു."

"എന്നിട്ട്.. ഇപ്പൊ എങ്ങിനെയുണ്ട്?"

മറുപടി ഒരു ദീർഘനിശ്വാസം...
"ഉം......എല്ലാം കഴിഞ്ഞു കുട്ടീ."
അച്ഛൻ കരയുന്നില്ല എന്നേ ഉള്ളൂ.

എനിയ്ക്ക് വിശ്വസിക്കാൻ തോന്നിയില്ല.

"ഒരു വിധത്തിൽ ഭാഗ്യം തന്നെ. കിടന്ന് ബുദ്ധിമുട്ടിയില്ലല്ലോ. എപ്പഴും പറയും ആരെയും ബുദ്ധിമുട്ടിക്കാതെ പോണം ന്ന്...      മഹി?"

"മഹി ടൂറിലാണ് അച്ഛാ.."

"ഉം.. നിങ്ങള്ക്ക് വരാൻ പറ്റില്ലല്ലോ..
അല്ല, വന്നിട്ടും ഇനി ഇപ്പൊ എന്താ.. സൗകര്യം പോലെ ചെയ്യൂ ട്ടോ. വെയ്ക്കട്ടെ മോളേ.. ഇവിടത്തെ കാര്യങ്ങള് നോക്കട്ടെ."


തരിച്ചുനിന്നു...
എനിയ്ക്കു പോണം.. പക്ഷേ എങ്ങനെ? പോയിട്ട്?

അറിയാതെ മഹിയെ ഡയൽ ചെയ്തു പോയി, റിങ് ചെയ്യുന്നതിനു മുൻപ് കട്ട് ചെയ്തു.

ഇപ്പൊ പറഞ്ഞാൽ ശരിയാവില്ല.
മീറ്റിങ് കളഞ്ഞിട്ട് പോകുമെന്ന് തോന്നുന്നില്ല.
പോകാൻ പറ്റാത്തതിന്റെ കുറ്റബോധവും വിഷമവും സമ്മാനിക്കാമെന്നു മാത്രം.
അത് വേണ്ട.

-------------------------------------------------------

മഹി പറയുന്നതാണ് ശരി, മുത്തശ്ശൻ ദൈവമായിരുന്നു -
അനുഗ്രഹം മാത്രം ചൊരിയുന്ന, പരാതികളില്ലാത്ത, ആവശ്യങ്ങളില്ലാത്ത ദൈവം.!!
സംസാരിയ്ക്കുക പോലും വേണ്ട.

അങ്ങിനെ നോക്കിയാൽ എനിയ്ക്ക് മഹിയും ദൈവതുല്യനാണല്ലോ.
സൗഭാഗ്യപ്രദായകനായ, പരാതികളില്ലാത്ത ദൈവം!!

ഇവരുടെ ഇടയിൽ ഒരു മനുഷ്യജീവിയായിരിയ്ക്കുന്നത്  എന്റെ കുഴപ്പമാണ്, എന്റെ മാത്രം.

പക്ഷെ...
എനിയ്ക്ക് മനുഷ്യനായി ജീവിച്ചാൽ മതി.
കുട്ടികളുണ്ടാവുകയാണെങ്കിൽ, അവരെയും മനുഷ്യരായിത്തന്നെ വളർത്തണം!!
അവരുടെ ബന്ധങ്ങൾ മാനുഷികമാവട്ടെ!!


----------------------------------



                                                                                    സതീഷ് മാടമ്പത്ത്


Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...