മുത്തി പറഞ്ഞ കഥ - പത്തേരിപ്പല്ലൻ
പണ്ടുപണ്ട്... ഒരു നാട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു. ആർക്കും ഒരു ഉപദ്രവവുമില്ലാത്ത ഒരു പാവം കുട്ടി. ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. വായ് നിറച്ചും കോന്ത്രൻപല്ലുകൾ!! മാത്രമല്ല, പല്ലും തേയ്ക്കില്ലായിരുന്നു. വൃത്തികേടും വായ്‌നാറ്റവും സഹിക്കാൻ വയ്യാതെ കൂട്ടുകാർ കളിയാക്കി വിളിച്ചു. "പത്തേരിപ്പല്ലൻ" (വായിൽ പത്തുവരി പല്ലാണെന്നു പറഞ്ഞു കളിയാക്കി വിളിച്ച "പത്തുവരിപ്പല്ലൻ" ആണ് "പത്തേരിപ്പല്ലൻ" ആയത്.) ***************** ഒരു ദിവസം പത്തേരിപ്പല്ലൻ കുറച്ചു ദൂരത്തുള്ള ഒരു ബന്ധുവീട്ടിൽ അടിയന്തരം ഉണ്ണാൻ പോയി. തിരിച്ചു വരുമ്പോൾ രാത്രിയായി. പാടങ്ങളുടെ നടുവിലൂടെ നടന്നു വരുമ്പോൾ ഒരുപാടു ഭക്ഷണം കഴിച്ചതു കൊണ്ട് ഉറക്കം വന്നുതുടങ്ങി. അങ്ങിനെ പനങ്കൂട്ടങ്ങളുടെ ഇടയിൽ ഇരുന്നു ഇളംകാറ്റേറ്റ് മയങ്ങിപ്പോയി. ആ പനകളുടെ മുകളിൽ കുറെ യക്ഷികൾ ആയിരുന്നു താമസം. രാത്രിയായപ്പോൾ അവർ താഴെ ഇറങ്ങിവന്നു. കൂർക്കം വലിച്ച്, വായ തുറന്നു വച്ചുറങ്ങുന്ന പത്തേരിപ്പല്ലനെ കണ്ടു. വായിൽ നിറച്ചു പല്ല്!! പല്ലിൽ നിറച്ചു ഭക്ഷണപദാർത്ഥങ്ങൾ!! അവർക്കു നല്ല സന്തോഷമായി - ഇന്നത്തെ കാര്യം കുശാൽ!!