മതേർസ് ഡേ

 ആ ദിവസം ഞാൻ ചെറിയച്ഛന്റെ വീട്ടിൽ അവരുടെ മക്കളുടെ കൂടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെറിയച്ഛന്റെ വീട്ടിൽ നിന്നു നോക്കിയാൽ എന്റെ വീടിന്റെ കിണറു കാണാം. വീട്ടിൽ നിന്നും ഒരു അമ്പതു മീറ്റർ ദൂരത്താണ് വേനൽക്കാലത്തും വെള്ളം കിട്ടുന്ന കിണർ. അവിടെ വന്നു ഉറക്കെ വിളിച്ചാൽ ചെറിയച്ഛന്റെ വീട്ടിൽ കേൾക്കാം. ഇപ്പോഴും ഓർമയുണ്ട്, അവരുടെ വീടിന്റെ പിന്നിലെ പ്ലാവിന് താഴെ കളിക്കുകയായിരുന്നു ഞാൻ. അപ്പോഴാ ഏട്ടൻ ഉറക്കെ വിളിക്കുന്നത് കേട്ടത്. അന്നെനിക്ക് പത്തു വയസ്സാണ്. ഡാ അച്ച വിളിക്കുന്നൂ, വാ. എന്ന് പറഞ്ഞു ഉറക്കെ വിളിച്ചു. അച്ഛനെ പേടിയായിരുന്നു. അതുകൊണ്ടു കളി പകുതി നിർത്തി പോകേണ്ട സങ്കടം മാത്രമായിരുന്നു മനസ്സിൽ. എപ്പോഴും ചെറിയച്ഛന്റെ വീട്ടിലേക്കും തിരിച്ചും ബസ് ആയിട്ടാണ് പോകാറ്. ഗിയറൊക്കെ മാറ്റി ഹോൺ അടിച്ചു ഫ്രണ്ട് രാധയുടെ വീടിന്റെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞു ചരലിൽ തെന്നി തിരിയുമ്പോൾ എതിരെ വന്ന വെള്ളച്ചി താടിക്കു കയ്യും കൊടുത്തു കുട്ടീ, പതുക്കെ പോ കുട്ടീ എന്ന് പറഞ്ഞു. കുഞ്ഞുണ്ണീ എന്ന് വിളിച്ചിരുന്ന അവരുടെ അസാധാരണമായ 'കുട്ടി' വിളിയും താടിക്കു കൈകൊടുത്തു എന്നെത്തന്നെ നോക്കിനിൽക്കുന്ന അവരെയും കണ്ണാടി ശരിയാക്കി (തിരിഞുനൊക്കി) കാണുമ്പോൾ തോന്നിയ പന്തികേട് ബസ്സിന്റെ വേഗം കുറച്ചുകൂടി കൂട്ടാനേ തോന്നിച്ചുള്ളൂ. അടുത്ത വളവു ഇന്നമ്മയുടെ തൊടിക്കടുത്താണ്. ആ തിരിവും ഹോൺ അടിച്ചു തിരിഞ്ഞപ്പോളാണ്  വീടിന്റെ മുന്നിലെ ആൾക്കൂട്ടം ശ്രദ്ധിച്ചത്. പിന്നെ ഗിയര് മാറ്റി പതുക്കെ നടന്നു അവിടെയെത്തിയപ്പോഴാണ് അമ്മ മരിച്ച വിവരം മനസ്സിലായത്. ആ തവണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ്‌ സാധാരണത്തെപോലെ കാലുഴിഞ്ഞു കൊടുക്കാൻ പറഞ്ഞപ്പോൾ അമ്മ മതി എന്ന് പറയുന്നവരെ ഉഴിഞ്ഞു കൊടുത്തിരുന്നു. ആ സമയമത്രയും അമ്മ എന്നെ ഇമ വിടാതെ നോക്കിക്കൊണ്ടിരുന്നു. അല്ലെങ്കിൽ രണ്ടുതവണ ഉഴിഞ്ഞു ഗിയർ മാറ്റി ഓടി പോകുമായിരുന്നു. വീട്ടിലേക്കു കയറുമ്പോൾ ആരോ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട് - സതി അവിടെ കിണറ്റിന്കരയിൽ തന്നെയാണ് ഇപ്പോഴും. ആരെങ്കിലും ഒന്ന് വിളിച്ചിട്ടു വരൂ എന്ന്. അന്ന് ഒന്നും മനസ്സിലാവാത്ത ഒരു വയസ്സുള്ള അനിയനെ എടുത്ത് അമ്മായി പയ്യിനെ കാണിക്കാൻ പിന്നിലേക്ക് കൊണ്ടുപോയി. ക്ലാസ്സിലെ ഫ്രണ്ട് കാണാൻ വന്നപ്പോൾ കുറെ സംസാരിച്ചു. ചിരിക്കുകയും ചെയ്തു. ചില കാര്യങ്ങൾ അങ്ങനെയാണ്. ഒരു പ്രാധാന്യവുമില്ലാത്ത ഓർമ്മകൾ, താടിക്കു കൈവെച്ചു നിൽക്കുന്ന വെള്ളച്ചി, ഹോർണിന്റെ ശബ്ദം, പിന്നെ എല്ലാ ബഹളത്തിനും ഇടയിലെ കനത്ത നിശബ്ദത - അതൊക്കെ വെറുതെ കാലങ്ങളോളം ഒരു കാര്യവുമില്ലാതെ കിടക്കും - വീണ്ടും വീണ്ടും തികട്ടി വരും

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...