ചേമൂത്തോയും മുതലയും



വിശ്വവിഖ്യാതമല്ലാത്ത ഒരു മൂക്കിന്റെ കഥയാണ് ഇത്.


അല്ല, ഒരു വിധത്തിൽ പറഞ്ഞാൽ, മൂക്ക് വിശ്വവിഖ്യാതം തന്നെയായിരുന്നു.
താഴെ പറഞ്ഞ നിബന്ധനകൾ ഉൾപ്പെട്ടതായതു കൊണ്ട് അവകാശവാദം ഒന്നു സുരക്ഷിതമാക്കി എന്നേ ഉള്ളൂ.

1. 
ചേലപ്പാറ കുന്നു കയറാൻ തുടങ്ങുമ്പോൾ തന്നെ അന്ന് വൈകുന്നേരത്തെ ചായക്കടി എന്താണെന്നു പ്രവചിയ്ക്കാൻ മൂക്കിനാവുമായിരുന്നു.

2. 
മൂക്ക് കുന്നു കയറാൻ തുടങ്ങി എന്നു പ്രവചിയ്ക്കാൻ മുത്തിയ്ക്കും പറ്റുമായിരുന്നു.
"അവൻ്റെ ഹോണടി കേക്ക് ണ്ണ്ട്.. ഇപ്പൊ എത്തും"
ആ മൂക്കുവലി കാഞ്ഞിക്കുളംകാർക്കിടയിലും വിഖ്യാതം.


3. 
അമേരിക്കൻ ബേസ്ബാൾ വേൾഡ് കപ്പ് എന്നതു പോലെ, നമ്മുടെ മൂക്കിൻ്റെ  വേൾഡ് കാഞ്ഞിക്കുളം ആയിരുന്നു.


******


ഡോ: ഭോട്ടിന്റെ ടീമിലെ രാജേഷ് ആണ് ആദ്യമായി മൂക്കിന്റെ കാര്യത്തിൽ ഒരു തീർപ്പു പറഞ്ഞത്.


ആദ്യജോലി..
 മുംബൈ - അന്ധേരി ഈസ്റ്റ്..

ഡോ: ഭോട്ടിനെ, കയ്യിൽ ഒരു സിഗരറ്റ് ഇല്ലാതെ കണ്ടിട്ടേയില്ല..
അദ്ദേഹം സിഗരറ്റ് വലിയ്ക്കുന്നതും കണ്ടിട്ടില്ല.
കയ്യിലെ സിഗരറ്റ് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസത്തിന്റെ അടിത്തറയാണെന്ന് എപ്പോഴും തോന്നാറുണ്ട്.

കമ്പ്യൂട്ടർ ഹാർഡ്‌വെയർ സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഡോക്ടറുടെ ടീമിന്റെ കൂടെ വർക്ക് ചെയ്യണമായിരുന്നു.

അങ്ങിനെ ഒരു ദിവസം ഫോണിൽ -മലയാളത്തിൽ- സംസാരിച്ചു കഴിഞ്ഞ്, തിരിഞ്ഞപ്പോൾ..

"മലയാളിയാണല്ലേ?"
മലയാളത്തിൽ തന്നെയായിരുന്നു ചോദ്യം.

ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ....
"യെസ്, അയാം ഫ്രം കേരള. ഹൌ എബൌട്ട് യൂ?"
"മീ റ്റൂ.. ഫ്രം കാലിക്കറ്റ്.."
"ഐ സീ, നൈസ് റ്റു മീറ്റ് യൂ.."
സംഭാഷണം അങ്ങിനെ പോകുമായിരുന്നു.

അപ്രതീക്ഷിതമെങ്കിലും മലയാളം കേട്ട സന്തോഷം..
"അതെ.."

"താനെന്താടോ എപ്പഴും ഇങ്ങനെ മൂക്കു വലിക്കണ്?"
തൊട്ടടുത്ത ചോദ്യം!!

വളരെ നാളായി കേട്ടു പരിചയമുള്ള ചോദ്യമായതു കൊണ്ട് ഉത്തരം റെഡിയായിരുന്നു.
"അതു പിന്നെ.. കുട്ടിക്കാലം മുതലേ ഉള്ള പ്രശ്നം ആണ്."

"എൻ്റെ ഏട്ടനും ഇതേ പ്രശ്നം ആയിരുന്നു - സൈനസ്!!
മൂക്കിന്റെ പാലം വളഞ്ഞിട്ടായിരിക്കും"

ഞാൻ അത്ഭുതപരന്ത്രീസൻ ആയിപ്പോയി.
ഇദ്ദേഹത്തിന് ഇതൊക്കെ എങ്ങനെ അറിയാം!!

പഠിക്കുന്ന കാലത്ത്, പാലത്തിന് ഒരു വളവുണ്ടെന്ന് അറിയാമായിരുന്നു.
കാര്യങ്ങൾക്ക് നേരത്തേ ഒരു തീരുമാനമായതിനാൽ, കല്യാണമാർക്കറ്റിനോ പ്രേമിയ്ക്കാനോ വേണ്ടി മൂക്കിന്റെ സൗന്ദര്യം കൂട്ടേണ്ട ആവശ്യം ഇല്ലായിരുന്നു.

അപ്പോഴാണ് ഇങ്ങിനെ പുതിയ ഒരു അറിവ്!!
അപ്പൊ, ഇദ്ദേഹത്തിന് പരിഹാരകർമ്മവും അറിയാതിരിക്കില്ല. ചോദിയ്ക്കുന്നതിനു മുൻപ് തന്നെ  ഉത്തരം വരുന്നു.

"ചെറിയൊരു സർജറി, അത്രയേ വേണ്ടൂ.."

അദ്ദേഹത്തിനോട് ഒരു പാടു നന്ദി പറഞ്ഞു.
അതിനു ശേഷമാണ് പേരു ചോദിയ്‌ക്കുന്നതും പരിചയപെടുന്നതുമൊക്കെ.


****

താമസം വാശിയിൽ (Sector-9) വല്യച്ഛന്റെ കൂടെയായിരുന്നു.
ജോലി കിട്ടി ഞാൻ ഒന്ന് സെറ്റിൽ ആവുന്നതു വരെ വേറെ എവിടെയും താമസിയ്ക്കണ്ട എന്ന വാശിയിൽ ആയിരുന്നു വല്യച്ഛൻ..

അങ്ങിനെയാണ് വാഷി  സെക്ടർ ഒന്നിലെ ഒരു ഡോക്ടറെ കാണുന്നത്.
പരിശോധിച്ചിട്ട്, രാജേഷ് പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് ഡോക്ടറും പറഞ്ഞത്.
(രാജേഷിനോടുള്ള ആരാധന!! അതു പിന്നെ പറയേണ്ടല്ലോ!!)

അങ്ങിനെ ഒരു മാസം കഴിഞ്ഞ് പാലം നിവർത്താം എന്ന് തീരുമാനമായി.


****

കല്ല്യാണം വന്നു മൂലയ്ക്കു നിൽക്കുന്നു.
ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.
സ്വന്തം കല്യാണമായതു കൊണ്ട് പോകാതെ പറ്റില്ലല്ലോ.

ഓഫീസിൽ ലീവ് ചോദിച്ചപ്പോഴാണ് അവർക്ക് എന്നോടെന്തോ വൈരാഗ്യം ഉണ്ടെന്നു മനസ്സിലായത്.
(അതോ കല്ല്യാണം/കുടുംബം എന്നീ സാമൂഹ്യ വ്യവസ്ഥിതികളോടുള്ള പ്രത്യയശാസ്ത്രപരമായ എതിർപ്പായിരുന്നോ?)

ഒരു മാസം ലീവ് ചോദിച്ചിട്ട് മാനേജറേമ്മാൻ കനിഞ്ഞനുവദിച്ചത് രണ്ടാഴ്ച!!

"ചടങ്ങുകൾക്ക് ഒരു മണിക്കൂർ പോരെ? രണ്ടാഴ്ച്ച തന്നെ ധാരാളം. എന്റെ കല്ല്യാണത്തിന് ഞാൻ രണ്ടു ദിവസം ലീവാണ് എടുത്തത്."
മുംബൈയിൽ പെറ്റുവളർന്ന്, സ്വന്തം വീട്ടിൽ നിന്ന്, സ്വന്തം കാറിൽ ജോലിയ്ക്കു വരുന്ന സാറാണ് പറയുന്നത്!!

കാലു പിടിച്ചു നോക്കി...
ങേ ഹേ...
ജോലിയിൽ പ്രവേശിച്ച് മൂന്നു വർഷം തികയാത്ത ഒരാൾ ഇതിൽ കൂടുതൽ ഒരു സൗജന്യവും പ്രതീക്ഷിയ്ക്കണ്ട എന്ന് ഏമ്മാൻ ബോഡീലാംഗ്വേജ് കൊണ്ട് (ശങ്കരാടി സ്റ്റൈലിൽ) ഇങ്ങിനെ പ്രസ്താവിച്ചു.
"തുറന്നു പറയാം.. അടിസ്ഥാനപരമായി നമ്മുടെ പാർട്ടിയ്ക്ക് കല്ല്യാണം ഇഷ്ടല്ല!!"

"അപ്പൊ സാറ് കല്ല്യാണം കഴിച്ചതോ?"
ചോദിച്ചില്ല, പ്രത്യയശാസ്ത്രത്തിന് കീഴടങ്ങി..


അപ്പൊ അടുത്ത മാസത്തെ പാലംപണി?
തൽക്കാലം കോൺട്രാക്ട് നിർത്തിവെയ്ക്കാം എന്നുവെച്ചു.
ചിലതൊക്കെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.

****


നാട്ടിൽ എത്തിയ ഉടൻ കല്ല്യാണം.
അത് കഴിഞ്ഞ ഉടൻ അച്ഛനെയും കൂട്ടി പാലക്കാട്ടെ പ്രസിദ്ധനായ ചെ.മൂ.തൊ. (ചെവി.മൂക്ക്.തൊണ്ട) വിദഗ്ദ്ധനെ ചെന്നു കണ്ടു.

രാജേഷും വാശിഡോക്ടറും പറഞ്ഞ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും ചെമൂതൊ ഇടപെട്ടു.

"ഞാനോ ഡോക്ടർ നീയോ ഡോക്ടർ?" എന്ന ചോദ്യം തീ പാറുന്ന ആ കണ്ണുകളിൽ വായിച്ച ഞാൻ നിശ്ശബ്ദനായി.

രാജേഷും വാശിഡോക്ടറും പറഞ്ഞ അതേ കാര്യങ്ങൾ ചാരുപൈങ്കിളിപ്പൈതലിനെപ്പോലെ ചേമൂത്തോ ഞങ്ങൾക്കു പറഞ്ഞു കേൾപ്പിച്ചു.

ഒരു വ്യതാസം മാത്രം;
പാലംപണിയ്ക്കു മുൻപ് ചെയ്യേണ്ട വേറെ എന്തോ ഉണ്ട്.

"അപ്പൊ പാലം പണി?" ചോദിക്കാതിരിയ്ക്കാൻ പറ്റിയില്ല.

"അതു ചെയ്തതു കൊണ്ട് ഗുണം ഉണ്ടാവണമെന്നില്ല" - ചേമു.

"അപ്പൊ മറ്റേപ്പണി??

"അതു കൊണ്ടും ഗുണം ഉണ്ടാവും എന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല. പക്ഷെ അതു ചെയ്യാതെ പാലം പണിയുടെ കാര്യം മിണ്ടിപ്പോകരുത്."

ഒരു നിമിഷം ആലോചിച്ചു.
അങ്ങിനെയെങ്കിൽ അങ്ങിനെ..

വാശികോൺട്രാക്ടർ മിടുക്കനല്ലാത്തതു കൊണ്ടല്ലല്ലോ ഇവിടെ വന്നത്.
രണ്ടു മാസം ലീവ് കഴിഞ്ഞു പോകുമ്പോൾ പണി കഴിഞ്ഞ സാക്ഷ്യപത്രം ആപ്പീസിൽ കാണിച്ചേ തീരൂ.
എന്തു വേണമെങ്കിലും ചെയ്യട്ടെ.

"മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടുമല്ലോ അല്ലേ സാർ?"
അതിൽ  വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ല.

"അതൊക്കെ തരാം. പണി എന്നു ചെയ്യാം?"

രാഹുകാലം ഒഴിവാക്കി, രണ്ടു ദിവസം കഴിഞ്ഞുള്ള മുഹൂർത്തം ഉറപ്പിച്ചു.

****

ബോധം തെളിഞ്ഞപ്പോൾ എല്ലാവരും ചുറ്റുമുണ്ട്.
അച്ഛൻ, അനിയൻ, അമ്മാവൻ മുതലായ പഴയ ബന്ധുക്കളും കല്ല്യാണം കൊണ്ടു കിട്ടിയ ഭാര്യ, നിയമത്തിൽ ഉള്ളവർ എന്നീ പുതിയ ബന്ധുക്കളും...

അച്ഛൻ പറഞ്ഞു.
"ബോധം ഇല്ലാത്തപ്പോ നീ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞൂ ട്ടോ . ചെലര് വണ്ടും തൊണ്ടും വിളിച്ചു പറയും ത്രേ."

"സമാധാനം!!
അപ്പൊ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല..
ജീവിതത്തിൽ ആകെക്കൂടി ഉണ്ടായ ഒരേ ഒരു പ്രേമഭാജനം അടുത്ത് കട്ടിലിൽ ഇരിയ്ക്കുന്നതു കൊണ്ട് ആ പേടിയും വേണ്ട."

അച്ഛൻ തുടർന്നു.
"നിൻ്റെ മൂക്കിന്റെ ഉള്ള്ന്ന് വലിയൊരു സാധനം എടുത്തത് ഡോക്ടർ കാണിച്ചു തന്നു. ബയോപ്സിക്ക് അയച്ചിട്ട് ണ്ട് ത്രേ "

മൂത്രത്തിൽ നിന്നു കല്ലു കിട്ടിയാൽ (കിട്ടിയില്ലെങ്കിൽ വഴിയിൽ നിന്ന് പെറുക്കി) അതു പോലും  ബയോപ്സിക്ക് അയയ്ക്കുന്ന കാലമായതു കൊണ്ട് അതത്ര കാര്യമായി തോന്നിയില്ല.

ആസ്പത്രിയിലേക്കു പോകുന്നതിനു മുൻപു തന്നെ ആപ്പീസിൽ വിളിച്ചു പറഞ്ഞിരുന്നു, ഓപ്പറേഷൻ ആണെന്നും ചുരുങ്ങിയത് ഒന്നര മാസം എടുക്കുമെന്നും.
അത്രയേ അപ്പോൾ മനസ്സിലുണ്ടായിരുന്നുള്ളൂ.



******


മിഷിഗണിലെ ഡെട്രോയിറ്റ് ക്രിക്കറ്റ് ലീഗിന്റെ ഫൈനൽ മത്സരം..
ബ്രൗൺസ്ടൌൺ എന്ന പാകിസ്ഥാനി ടീമിനെ തോൽപ്പിച്ച കപ്പുമായി ഞങ്ങൾ മടങ്ങുകയായിരുന്നു.

അവസാനവിക്കറ്റായ ഞാൻ കുറ്റി കളയാതെ, ബൗളറുടെ തലയ്ക്കു മുകളിലൂടെ പന്ത് പായിച്ച് ജയിപ്പിച്ച സ്നേഹം കൊണ്ടാവണം ക്യാപ്റ്റൻ കപിൽ ചോദിച്ചത്.
"ഡു യൂ ഹാവ് സൈനുസൈറ്റിസ് പ്രോബ്ലം?"

അത്രയും കാലം മനസ്സിൽ വിങ്ങിനിന്ന ആ ചോദ്യം ചോദിയ്ക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവും ഈ വിജയം നല്കിയിട്ടുണ്ടാവണം.

പാലത്തിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് കപിലിന്റെ സൈനുസൈറ്റിസ് ഓപ്പറേഷൻ അടുത്തകാലത്താണ് കഴിഞ്ഞത് എന്നു പറഞ്ഞത്.

നല്ല ഡോക്ടറാണത്രേ.
വളവു ശരിയാക്കിക്കൊടുത്തു, ഇപ്പോൾ ഒരു പ്രശ്നവുമില്ല.

സ്നേഹാധിക്യവും നിർബന്ധവും കൊണ്ട് വീർപ്പുമുട്ടിയപ്പോൾ വിശദാംശങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു.


*****

ലാബ് ടെസ്റ്റുകളുടെയും എക്സ്റേയുടെയും  റിസൾട്ടുമായി ഞാൻ ഡോ: റോസ്‌നറുടെ മുന്നിലിരുന്നു.

"ഇന്ററെസ്റ്റിംഗ്..."
നമുക്കു പ്രാണവേദന, ഡോക്ടർക്കു കഥാപുസ്തകവായന ആണോ?

"യൂ ഹാവ് എ ബോൺ മിസ്സിങ്!!"
ഓ, കഥാപുസ്തകം അല്ല, എൻ്റെ എക്സ്റേ ആണ് നോക്കുന്നത്.

എല്ലോ? അതെങ്ങനെ പോയി?
നമ്മുടെ കയ്യിലിരുപ്പിന് എല്ലൂരാൻ പലർക്കും തോന്നിയിട്ടുണ്ടാവുമെങ്കിലും ആരും ഊരിയതായി ഓർമയിലില്ല.

ഡോക്ടർ എക്സ്റേയിൽ  വിശദമായി കാണിച്ചുതന്നു.
കവിളിൽ ഇടതുഭാഗത്തുള്ള ദ്വാരം ഒരു കഷ്ണം എല്ലു നഷ്ടപ്പെട്ടതിന്റെയാണ്.


അപ്പോൾ ഞാൻ കല്ല്യാണത്തിന്റെയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റേയും  കഥ പറഞ്ഞു.

"ഐ സീ..."

അമേരിക്ക ദശാബ്ദങ്ങൾക്കു മുൻപു ഉപേക്ഷിച്ച ചികിത്സാരീതിയ്ക്കാണത്രേ ഞാൻ അന്ന് വിധേയനായത്.

കുട്ടിക്കാലത്ത്, മുതല കടിയ്ക്കാൻ വരുമ്പോൾ നേരിടാൻ റെഡിയാക്കി വെച്ചിരുന്ന ഒരു തന്ത്രമുണ്ടായിരുന്നു.
കടിയ്ക്കാൻ വായ് തുറന്ന ഞൊടിയിൽ, മുതലയുടെ വായിൽ ഒരു വടി കുത്തിനിർത്തുക. പിന്നെ സമയമെടുത്ത് നമ്മുടെ ഭാവനപോലെ എന്തും ചെയ്യാം.

എന്നെ അതുപോലൊരു മുതലയാക്കി, ഉളിയും മഴുവുമായി വായ്ക്കുള്ളിൽ അടിച്ചുതകർത്ത് അട്ടഹസിയ്ക്കുന്ന ചേമൂത്തോയും കൂട്ടരും മനസ്സിൽ തെളിഞ്ഞു.

ദീർഘനിശ്വാസത്തിന്റെ ബട്ടൺ അമർത്തി ബാക്കി എപ്പിസോഡുകളും ഇടയ്ക്കുള്ള പരസ്യങ്ങളും ഫാസ്റ്റ് ഫോർവേഡ് ചെയ്ത് ഇപ്പോഴത്തെ സീനിൽ തിരിച്ചെത്തി.


"അല്ല, കഴിഞ്ഞതൊക്കെ പോട്ടെ.. ഇനി ശരിയാക്കാൻ പറ്റില്ലേ?"
ഞാൻ ഫോണിൽ ഓൺലൈൻ പഞ്ചാംഗം തുറന്നു.

"പഞ്ചാംഗം തുറക്കാറായിട്ടില്ല... നമുക്കു നോക്കാം"
ഭിഷഗ്വരന് അത്ര ഉറപ്പുള്ളതായി തോന്നിയില്ല.

"ഇന്ററെസ്റ്റിംഗ്..."
ഇത്തവണ എൻ്റെ വായിൽ നിന്നാണ് അതു വന്നത്.

ഭിഷു പറഞ്ഞ കാര്യങ്ങളൊക്കെ കൂട്ടിവായിച്ചപ്പോൾ മനസ്സിലായത് ഒരു അഴിച്ചുപണി എളുപ്പമല്ലെന്നും, ഒരു സിംഹം കൊന്ന ഇരയെ വേറൊരു സിംഹം തിന്നില്ലെന്നും ഒക്കെയാണ്.

ആത്മഗതം നടത്തിയത് ഇപ്രകാരം.
"അല്ലെങ്കിലും ഒരു എല്ലു പോയവനേ എല്ലുപോയ മറ്റൊരുവന്റെ വിഷമം മനസ്സിലാവൂ."

ഇതു കേട്ട ദൈവം എനിക്കുമാത്രമായി പ്രത്യക്ഷപ്പെട്ടു.
"പറയൂ വത്സാ, ഇവൻ്റെ ഏത് എല്ലാണ് ഊരേണ്ടത്? ഒന്നു മതിയോ? അതോ രണ്ടെണ്ണം ആയാലോ?"
സ്വർഗത്തിൽ "ബയ്‌ വൺ, ഗെറ്റ് വൺ ഫ്രീ" ഓഫർ നടക്കുന്ന സമയമാണെന്നു തോന്നുന്നു.

ദൈവത്തിനെ അവിടെ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഞാൻ പറഞ്ഞു.
"പടച്ച തമ്പുരാനേ.. ഒന്നും വേണ്ട, ഞാൻ എൻ്റെ വിഷമം പറഞ്ഞു എന്നേ ഉള്ളൂ."

"നോ വേ.. സ്വീകരിച്ചേ മതിയാവൂ.. ഐ ഇൻസിസ്ററ്..."
ഇന്ത്യക്കാർ ദുരുപയോഗം നടത്തി നടത്തി വരങ്ങളുടെ റിട്ടേൺ പോളിസി പണ്ടേ ക്യാൻസൽ ചെയ്തത്രേ.

ധർമ്മസങ്കടത്തിലായ ഞാൻ മൊഴിഞ്ഞു.
"റബ്ബിൽ ആലമീനായ മിശിഹാ ദൈവമേ.. എന്നാൽ ഒരു കാര്യം ചെയ്യൂ..
മോട്ടോർ സ്കിൽസിന് വലിയ കോട്ടം തട്ടാത്ത രീതിയിൽ, പാലക്കാട്ടെ ആ ചേമൂത്തോയുടെ ഏതെങ്കിലും ചെറിയ ഒരു എല്ലൂരി തൽക്കാലം അഡ്ജസ്റ്റ് ചെയ്യൂ."



****


ഇന്ത്യക്കാരും അമേരിക്കക്കാരും തമ്മിലുള്ള ഒരു വ്യത്യാസം അതാണ്.

അമേരിക്കയിൽ കല്ല്യാണം കഴിക്കുന്നതിനോ, കഴിക്കാതിരിക്കുന്നതിനോ, ലീവ് എടുക്കുന്നതിനോ പ്രത്യയശാസ്ത്രപരമായ ഒരു വിലക്കുമില്ല.
എല്ലൂരുന്നതിന് ഉണ്ടു താനും.


അതുകൊണ്ട് ഞാൻ പിന്നെ ഡോ: റോസ്‌നറെ ബുദ്ധിമുട്ടിക്കാൻ പോയില്ല.


*****




                                                                                                          സതീഷ് മാടമ്പത്ത്

Published in KHNA Anjali Feb 2020
  

Comments

Post a Comment

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...