ഉള്ളിച്ചെടികൾ




"സതിക്കുട്ടീ, നീ എന്താ ഈ കാട്ടണ് ? അത് ഇന്നലെ നട്ടതല്ലേ ള്ളൂ?"
അടുക്കളയിൽ നിന്ന് മുത്തിയുടെ ശബ്ദം..


ശരിയാണ്, ഇന്നലെ വാങ്ങിക്കൊണ്ടു വന്ന ഉള്ളിപ്പൊതിയിലെ ചിലത് മുളച്ചതായിരുന്നു. എന്നാൽ പിന്നെ അതിനെ കുഴിച്ചിടാം. ഉള്ളിച്ചെടി ഉണ്ടായാൽ പിന്നെ ഉള്ളി വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ. അങ്ങിനെ നട്ടതാണ്. കുറെ വെള്ളവും ഒഴിച്ചിരുന്നു.

രാവിലെ എണീറ്റ ഉടൻ ഓടിയത് ഉള്ളിച്ചെടിയുടെ അടുത്തേക്കാണ് - വേര് പിടിച്ചോ എന്ന് നോക്കാൻ. 
പുറത്തെടുത്തു നോക്കുമ്പോൾ ആണ് മുത്തിയുടെ വിലക്ക്. 
വേഗം അവിടെ തന്നെ കുഴിച്ചിട്ടു.

പിറ്റേ ദിവസവും ആദ്യം ഓടിയത് ഉള്ളിച്ചെടി നോക്കാൻ തന്നെ.
അടുത്ത് ആരും ഇല്ലെന്നു ഉറപ്പു വരുത്തി വേര് പരിശോധിക്കുമ്പോൾ മുത്തി വീണ്ടും..


"അതിനിത്തിരി സമയം കൊടുത്തൂടെ? ഇങ്ങിനെ ദിവസോം പറിച്ചു നോക്ക്യാ അത് കരിഞ്ഞു പൂവന്നെ ണ്ടാവൂ"

വേഗം അവിടെത്തന്നെ കുഴിച്ചിട്ടു തിരിഞ്ഞു നടക്കുമ്പോളും ഉള്ളിലെ ശാസ്ത്രജ്ഞന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. "മുത്തിക്ക് ഒന്നും അറിയില്ല. എന്ത് ചെയ്താലും വേണ്ടാ ന്ന് പറയും. സ്‌കൂളിൽ പഠിച്ച പോലെ ചെടിക്കു വേണ്ട വെള്ളം, പ്രകാശം ഒക്കെ കിട്ടുന്നുണ്ടല്ലോ. അത് വളരും".

പഠിപ്പു എവിടെയാണ് പിഴച്ചത് എന്നറിയില്ല - നാലാം ദിവസം ഉള്ളിച്ചെടി കരിഞ്ഞു.
വാസുവേട്ടന്റെ പീടികയിൽ നിന്ന് അടുത്ത ഉള്ളിപ്പൊതി വന്നപ്പോൾ വീണ്ടും നട്ടു ഒരു ചെടി.


**********************


കുറച്ചു കൂടി വലുതായപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി.
- രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, സത്രം കാവിൽ കഥകളി കണ്ടതിനു ശേഷം, കഥകളി പഠിക്കാൻ ആയിരുന്നു ആഗ്രഹം; വെറും ആഗ്രഹം അല്ല, ജീവിതാഭിലാഷം..
- പിന്നെ വയലിൻ പഠിക്കാൻ ആയി മോഹം.


- കോഴിക്കോട് യൂത്ത്‌ ഫെസ്റ്റിവലിന് (കവിതാ രചന) പോയപ്പോൾ വാശി പിടിച്ചു് അച്ഛനെക്കൊണ്ട് ഒരു ഓടക്കുഴൽ വാങ്ങിപ്പിച്ചു. ആദ്യത്തെ കുറച്ചു ദിവസങ്ങളിലൊക്കെ ഏതു പാട്ടും വായിക്കുമായിരുന്നു. അങ്ങിനെയൊന്നും അല്ല വായിക്കേണ്ടത് എന്ന് മനസ്സിലായ ദിവസം അത് നിർത്തി.
പിന്നീടെപ്പോഴോ ചെറിയ ഒരു അവസരം കിട്ടിയപ്പോൾ ആറു മാസം flute പഠിക്കാൻ പോയി.


മുത്തിയുടെ ശബ്ദം കാതിൽ മുഴങ്ങുന്നു.....
"ഏതെങ്കിലും ഒരു ചെടിക്കു നല്ലോണം വെള്ളോം വളോം ഒക്കെ കൊടുത്തു നന്നായി വളർത്തായിരുന്നില്ലേ സതിക്കുട്ടീ?"


***********************


                                                                                                              സതീഷ് മാടമ്പത്ത്

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...