Posts

Showing posts from June, 2021

സുഗതകുമാരിക്ക് ...

Image
Published in KHNA Anjali - Jan 2021   സുഗമ കാവ്യകുമാരി മലയാളത്തിന്റെ  ഗത ചരിത്രത്തിനോർമ്മയായെങ്കിലും  അഗതികൾക്കെന്നുമമ്മ തൻ സ്നേഹമായ്  അമൃതു പോലെ വിളങ്ങും, സുനിശ്ചിതം കവിത പാടി നടപ്പോർക്കു ദൈവമായ്‌  കഠിന കാവ്യ വ്രതർക്കെന്നുമൂർജ്ജമായ്‌  പ്രണയബദ്ധർക്കു രാധയായ്, കൃഷ്ണനായ്  കരളിലെന്നും തെളിഞ്ഞു കത്തും, ദൃഢം   കവന ദേവത കാവ്യലോകത്തിന്റെ   കളരിയിൽ ചേർത്ത കാവ്യ വൈഡൂര്യങ്ങൾ  കലകൾ തൻ പൊൻ കിരീടത്തിലെപ്പോഴും  കറകളറ്റു തിളങ്ങുമെന്നാകിലും പ്രകൃതിമങ്ക തൻ കാർ കൂന്തൽ, കാനന- ത്തടമറുത്തു കരിച്ച പാഴ്ക്കുറ്റികൾ  അവയിലൊന്നിൽ തനിച്ചിരുന്നിപ്പൊഴും ചിറകൊടിഞ്ഞൊരു പക്ഷി കേഴുന്നു പോൽ  ഉറവ വറ്റി വരണ്ട ഭൂദേവി തൻ  ഉഴറി വിങ്ങുന്ന മാറിടം തന്നിലായ്  അലറിയാർത്തു വിലപിച്ചു പതിച്ചു കൊ - ണ്ടിവിടെ രാത്രിമഴ തോരാതെ പെയ്തു പോൽ    കരയുമമ്മ തൻ ആത്മാവു നിത്യമാം  പരമ സത്യത്തിൽ ശാന്തി പ്രാപിക്കുവാൻ  പ്രകൃതിയായ മാതാവിനെ, നോവാതെ  വ്രണിതയാക്കാതെ നോക്കാം നമുക്കിനി  മഥിതർ, വാഴ്വിന്റെ കയ്പു കുടിച്ചവർ- ക്കരികിലെപ്പോഴും അമ്മയുണ്ടാകയാൽ  കരയുമാത്മാക്കളൊഴുകും നിളാ നദി - ക്കരയിലാണവർക്കെൻ സ്നേഹ തർപ്പണം    

ഉണ്ണൂലീ ചരിതം പതിനാറാം ദിവസം

അങ്ങനെയാണ് ഉണ്ണൂലിയെ കൊല്ലാം എന്ന് തീരുമാനമായത്!  പാമ്പേരിയൻ പാറയുടെ മുകളിൽ നിന്ന് തള്ളിയിടാം. ആത്മാർത്ഥ മിത്രങ്ങളായ സുഗുണനും പരമേശ്വരനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ട്, പുല്ലോട്ടപ്പൻ ചാരുകസേരയിലേയ്ക്ക് ചാഞ്ഞു. ഒരു വെറ്റിലയെടുത്ത്, അറ്റം നുള്ളി, അതിൽ ഒരു ലക്ഷ്യബോധമില്ലാതെ ചുണ്ണാമ്പു തേച്ചുകൊണ്ടിരുന്നു.                                                   ******************** പാമ്പേരിയൻ പാറയുടെ മുകളിൽ പൊട്ടിപ്പൊളിഞ്ഞ, ആളനക്കമില്ലാത്ത ഒരു സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ശാന്തിയും, കഴകവും ഒന്നുമില്ലെങ്കിലും, മിക്കവാറും തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ  - മുപ്പട്ടു തിങ്കളാഴ്ചകളിൽ മുടങ്ങാതെ- പുല്ലോട്ടപ്പൻ അവിടെ ദർശനം നടത്തും. താഴെ ശോകനാശിനിപ്പുഴയിൽ കുളിച്ചു തോർത്തി, കുന്നുകയറി, തനിക്കും കുടുംബത്തിനും ആരോഗ്യവും സർവൈശ്വര്യങ്ങളും ഉണ്ടാവണേ, കൃഷിക്ക് നല്ല മഴ കിട്ടണേ എന്നൊക്കെ പ്രാർത്ഥിക്കും.  അങ്ങനെ ഒരു വൈകുന്നേരം ആണ് പാറയുടെ അങ്ങേ ചെരുവിൽ ആരോ ഇരിയ്ക്കുന്നുണ്ടെന്നു  തോന്നിയത്.  "ഇവിടെ ആര്  വരാൻ" എന്ന് വിചാരിച്ച് കുന്നിറങ്ങാൻ തുടങ്ങിയപ്പോൾ ആ ഭാഗത്തു നിന്ന് ഒരു പാട്ടു കേൾക്കുന്നു. കൗതുകത്തോടെ, ധൃതിയി